ശബരിമല സ്വർണക്കൊള്ള: പുതിയ കേസെടുത്ത് ഹൈക്കോടതി, സർക്കാരും ബോർഡും വിജിലൻസും എതിർകക്ഷികൾ
Tuesday, October 21, 2025 1:49 PM IST
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ളയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്ത് ഹൈക്കോടതി. അന്വേഷണ വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ സർക്കാരിനെയും ദേവസ്വം ബോർഡിനെയും ദേവസ്വം വിജിലൻസിനെയും മാത്രം എതിർകക്ഷികളാക്കിയാണ് കോടതി സ്വമേധയാ പുതിയ കേസെടുത്തത്.
അടച്ചിട്ട കോടതി മുറിയിൽ രഹസ്യസ്വഭാവം ഉറപ്പാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കൈമാറിയ റിപ്പോർട്ട് കോടതി പരിശോധിച്ചത്. കേസ് പരിഗണിച്ചതും ഓൺലൈൻ വഴിയുള്ള ശബ്ദസംപ്രേഷണവും ഓഫാക്കി. സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരോടും പുറത്തേക്ക് നിൽക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് എസ്. ശശിധരനിൽ നിന്നും, ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാറിൽ നിന്നും അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിന് ശേഷം ദേവസ്വം സർക്കാർ അഭിഭാഷകരെ കൂടി കോടതിയിൽ പ്രവേശിപ്പിച്ച ശേഷമാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്. കേസിൽ ഗൂഡാലോചന പുറത്ത് വരണമെന്ന് കോടതി നിരീക്ഷിച്ചു.
അന്വേഷണ വിവരങ്ങൾ പുറത്ത് പോകാതിരിക്കാനും കേസിന്റെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിനുമാണ് നിലവിൽ ശബരിമലയിലെ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കോടതിയെടുത്ത കേസിന് പുറമെ മറ്റൊരു കേസ് കൂടി ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്തത്. ഈ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും,സ്മാർട്ട് ക്രിയേഷൻസിനെയും ഒഴിവാക്കി.