അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം; അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം
Tuesday, October 21, 2025 2:22 PM IST
പാലക്കാട്: അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡെപ്യൂട്ടി കളക്ടർക്ക് നിർദേശം. ജില്ലാ കളക്ടറാണ് ഡെപ്യൂട്ടി കളക്ടർ എസ്. ശ്രീജിത്തിന് നിർദേശം നൽകിയത്.
അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. കൃഷ്ണസ്വാമിക്ക് കൃഷിയിടത്തിൽ തണ്ടപേര് കൊടുക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മനഃപൂർവം കാലതാമസം ഉണ്ടായോ എന്നകാര്യങ്ങളടക്കം പരിശോധിക്കാനാണ് നീക്കം.
എന്നാൽ റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് കൃഷ്ണസ്വാമിയുടെ ഭാര്യയും ബന്ധുക്കളും ഉയർത്തുന്നത്. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
സ്വന്തം ഭൂമിക്ക് തണ്ടപേര് ലഭിക്കുന്നതിനായി ആറ് മാസത്തോളം ഓഫീസുകള്‍ കയറിയിറങ്ങി മടുത്താണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് ഭാര്യ കമലം പ്രതികരിച്ചു. സ്വന്തം ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലാണെന്ന് അറിഞ്ഞതോടെ കൃഷ്ണസ്വാമി കടുത്ത മനോവിഷമത്തിലായെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, കാലങ്ങളായി പ്രദേശത്തെ കർഷകർക്ക് നേരെ സമാനഅനുഭവങ്ങൾ ഉണ്ടാകുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും എത്തിയിരുന്നു. അഗളി വില്ലേജ് ഓഫീസിലേക്കാണ് പ്രതിഷേധമാർച്ചുമായി പ്രവർത്തകർ എത്തിയത്.