പിഎം ശ്രീ; മന്ത്രി വി.ശിവൻകുട്ടിയെ അഭിനന്ദിച്ച് എബിവിപി
Wednesday, October 22, 2025 8:57 PM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പുവയ്ക്കാൻ തീരുമാനിച്ച മന്ത്രി വി.ശിവൻകുട്ടിയെ എബിവിപി നേതാക്കൾ വീട്ടിലെത്തി അഭിനന്ദിച്ചു. എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ്, തിരുവനന്തപുരം ജില്ലാസെക്രട്ടറി ബി.എസ്. അഭിനന്ദ്, സംസ്ഥാനസമിതി അംഗം ഗോകുൽ എന്നിവരാണ് മന്ത്രിയുടെ വീട്ടിലെത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇന്റക്സിൽ കേരളം കഴിഞ്ഞ വർഷത്തെക്കാൾ പിന്നോട്ടുപോയി. 1000 ൽ 594 പോയിന്റുമാത്രമാണ് കേരളം നേടിയത്. 875 സർക്കാർ സ്കൂളുകളൊഴികെ 1157 വിദ്യാലയങ്ങൾ ഫിറ്റ്നസ് ഇല്ലാതെയാണു പ്രവർത്തിക്കുന്നത്.
25000 ൽ പരം അധ്യാപകർക്ക് അഞ്ചു വർഷമായി നിയമനം ലഭിക്കാത്ത സാഹചര്യമുണ്ട്. ഭിന്നശേഷി സംവരണം പൂർത്തിയാകാത്തതിനാൽ ഭിന്നശേഷിക്കാർ അല്ലാത്ത 16000 അധ്യാപകർക്ക് ജോലി സ്ഥിരപ്പെടുന്നില്ല.
എക്സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് 1411 സ്കൂളുകളിൽ മദ്യവും മയക്കുമരുന്നും ലഭ്യമാകുന്നു. എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് എബിവിപി നേതാക്കൾ മന്ത്രിക്ക് പരാതിയും നൽകി.