റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തും; മോദി ഉറപ്പുനൽകിയെന്ന് ട്രംപ്
Thursday, October 16, 2025 5:05 AM IST
വാഷിംഗ്ടൺ ഡിസി: റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച് പ്രതികരിച്ചില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
കയറ്റുമതി ഉടനടി നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇനി ചൈനയെയും ഞങ്ങൾ പ്രേരിപ്പിക്കുമെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
യുക്രെയ്നുമായുള്ള യുദ്ധം തുടരുന്ന റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തീരുമാനിച്ചാൽ റഷ്യൻ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളെയും ഇതു സ്വാധീനിച്ചേക്കാം.