പാക്കിസ്ഥാൻ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു
Saturday, October 18, 2025 8:58 AM IST
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് അഫ്ഗാന് ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ എട്ടു പേര് കൊല്ലപ്പെട്ടു. കബീര്‍, ഹാരൂണ്‍, സിബ്ഗത്തുള്ള എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്.
പാക്കിസ്ഥാനും ശ്രീലങ്കയ്ക്കുമെതിരേ അടുത്ത മാസം നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി പാക് അതിര്‍ത്തിയിലെ കിഴക്കന്‍ പക്തിക പ്രവിശ്യയിലെ ഷരണയിലേക്കുള്ള യാത്രാമധ്യേയാണ് താരങ്ങൾ കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്. ഇതോടെ ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന് പിന്മാറി.
ക്രിക്കറ്റ് താരങ്ങളുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി എസിബി അറിയിച്ചു. പാക് ഭരണകൂടത്തിനെതിരേ ശക്തമായ ഭാഷയിലാണ് എസിബി പ്രതികരിച്ചത്. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഇതെന്ന് എസിബി എക്സില്‍ കുറിച്ചു.