കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ മർദനം: സുരക്ഷ ജീവനക്കാരൻ അറസ്റ്റിൽ
Friday, September 30, 2022 11:19 PM IST
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽവച്ച് അച്ഛനേയും മകളേയും ജീവനക്കാർ മർദ്ദിച്ച കേസിൽ ആദ്യ അറസ്റ്റ്. കെഎസ്ആർടിസി സുരക്ഷാ ജീവനക്കാരൻ എസ്.ആർ. സുരേഷ് കുമാണ് അറസ്റ്റിലായത്.
തിരുമലയിൽനിന്നാണ് സുരേഷിനെ അറസ്റ്റു ചെയ്തത്. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനനാണ് മർദ്ദനമേറ്റത്.
കെഎസ്ആർടിസി ജീവനക്കാർക്ക് നല്കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളായ മിലൻ ഡോറിച്ച്, എസ്.ആർ. സുരേഷ് കുമാർ, എൻ. അനിൽ കുമാർ, അജികുമാർ. എസ്, മുഹമ്മദ് ഷെരീഫ് എന്നിവരുടെ മുന്കൂര് ജാമ്യാപേക്ഷയാണ് കോടതി ഇന്ന് തള്ളിയത്.
മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
മകൾ രേഷ്മയ്ക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ പ്രേമനനെ വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മർദിച്ചത്.