അദാനി വിഷയത്തിൽ ഇന്നും പാര്‍ലമെന്റിൽ ബഹളം; ഇരുസഭകളും നിര്‍ത്തിവച്ചു
Friday, February 3, 2023 12:44 PM IST
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണമോ സുപ്രീംകോടതി നിയോഗിക്കുന്ന സമിതിയുടെ അന്വേഷണമോ വേണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്സഭ ഉച്ചയ്ക്ക് 2നും രാജ്യസഭ ഉച്ചയ്ക്ക് 2.30നും വീണ്ടും ചേരും.
അദാനിവിഷയത്തിലെ പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് വ്യാഴാഴ്ചയും പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചവരെ നിര്‍ത്തിവച്ചിരുന്നു.
ഇന്ന് സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷപാര്‍ട്ടികള്‍ നയരൂപീകരണ യോഗം ചേര്‍ന്നിരുന്നു. രാവിലെ 10ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ചേമ്പറില്വച്ചായിരുന്നു യോഗം. കോണ്‍ഗ്രസ് അടക്കമുള്ള 16 പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.