ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ റോഡ് ഒലിച്ചുപോയി; 300 പേര് കുടുങ്ങി
Thursday, June 1, 2023 2:44 PM IST
ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ പിത്തോരഗഡില്‍ വ്യാപക മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡ് ഒലിച്ചുപോയി. തീര്‍ഥാടകരടക്കമുള്ള മുന്നൂറോളം യാത്രക്കാര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ലഖന്പൂരിനടുത്തുള്ള ലിപുലേഖ്-തവാഘട്ട് റോഡാണ് കൂറ്റൻ പാറക്കെട്ടുകള്‍ വീണതിനെതുടര്‍ന്ന് ഒലിച്ചുപോയത്. ഇതോടെ യാത്രക്കാര്‍ ധാര്ചുലയിലും ഗുഞ്ചിയിലുമായി കുടുങ്ങി.
യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേയ്ക്ക് പോയ തീർഥാടകരടക്കമുള്ളവരാണ് ഇവിടെ ഒറ്റപ്പെട്ടത്. രണ്ട് ദിവസത്തിന് ശേഷമേ പ്രദേശത്ത് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ തത്ക്കാലം സുരക്ഷിത സ്ഥാനങ്ങളില്‍ തങ്ങാന്‍ പോലീസ് നിര്‍ദേശം നല്കി.
അല്‍മോറ, ബാഗേശ്വര്‍, ചമോലി, ചമ്പാവത്ത്, ഡെഹ്റാഡൂണ്‍, ഗര്‍വാള്‍, ഹര്‍ദ്വാര്‍, നൈനിറ്റാള്‍, പിത്തോരഗഡ്, രുദ്രപ്രയാഗ്, തെഹ്രി ഗര്‍വാള്‍, ഉദ്ദം സിംഗ് നഗര്‍, ഉത്തരകാശി ജില്ലകളില്‍ പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.