ട്രെയിന്‍ ഗതാഗതം വേഗത്തില്‍ പുനഃസ്ഥാപിക്കും; രംഗത്തുള്ളത് ആയിരത്തിലധികം തൊഴിലാളികൾ
വെബ് ഡെസ്ക്
Sunday, June 4, 2023 2:21 PM IST
ചെന്നൈ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. രാത്രിയും പകലുമായി ആയിരത്തിലധികം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അപകടത്തെത്തുടര്‍ന്ന് മറിഞ്ഞ ബോഗികള്‍ ട്രാക്കില്‍നിന്ന് നീക്കിയിട്ടുണ്ട്. ട്രെയിൻ ഗതാഗതം ബുധനാഴ്ച രാവിലെയോടെ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക ട്രെയിൻ ചെന്നൈയിൽ എത്തി. അപകടമേഖലയിൽ നിന്ന് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര നടത്തിയ ട്രെയിനിൽ മലയാളികളടക്കം 250 പേരാണ് സഞ്ചരിച്ചിരുന്നത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ചെന്നൈയിലെത്തിയ മലയാളി യാത്രികരെ നോർക്ക മുഖേന കേരളത്തിലേക്ക് കൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.