തലാലിന്റെ കുടുംബം മാപ്പ് നൽകും; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും
Monday, July 28, 2025 11:14 PM IST
കോഴിക്കോട്: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കും. ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ ഇതുസംബന്ധിച്ച് വിവരം നൽകിയതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു.
ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ലെങ്കിലും മാപ്പു നൽകാമെന്ന് തലാലിന്റെ കുടുംബം സമ്മതിച്ചെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമർ ഹഫീള് തങ്ങൾ നിയോഗിച്ച യെമൻ പണ്ഡിതരാണ് ചർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇവർക്കു പുറമെ നോർത്തേൺ യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും മധ്യസ്ഥ ചർച്ചകളിൽ പങ്കെടുത്തു.
അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തീയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി.
ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എ.പി.അബൂബക്കർ മുസലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവച്ചിരുന്നു.