പരിശീലനത്തിൽ വീഴ്ച വരുത്തി 1700 പൈലറ്റുമാർ; ഇൻഡിഗോയ്ക്ക് നോട്ടീസ്
Wednesday, August 13, 2025 5:23 AM IST
ന്യൂഡൽഹി: സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി റിപ്പോർട്ട്.
1700 പൈലറ്റുമാരുടെ സിമുലേറ്റർ പരിശീലനത്തിൽ വീഴ്ച വരുത്തിയതെന്നും ഇതോടെയാണ് ഡിജിസിഎ നോട്ടിസ് നൽകിയതെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.
ഡിജിസിഎ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചതായി ഇൻഡിഗോ വൃത്തങ്ങളും സ്ഥിരീകരിച്ചു. നോട്ടിസ് പരിശോധിക്കുകയാണെന്നും സമയപരിധിക്കുള്ളിൽ മറുപടി നൽകുമെന്നും അധികൃതർ അറിയിച്ചു.
ക്യാപ്റ്റൻമാരും ഫസ്റ്റ് ഓഫിസർമാരും ഉൾപ്പെടെയുള്ള 1,700 പൈലറ്റുമാർക്ക് ഇൻഡിഗോ കാറ്റഗറി സി അഥവാ നിർണായക എയർഫീൽഡ് പരിശീലനം നടത്തിയത്.
എന്നാൽ ഉയർന്ന അപകടസാധ്യതയുള്ള വിമാനത്താവളങ്ങൾക്ക് ഈ സിമുലേറ്റർ പരിശീലനം അനുയോജ്യമല്ലെന്നാണ് ഡിജിസിഎ നോട്ടിസിൽ പറയുന്നത്.
കോഴിക്കോട്, ലേ, കാഠ്മണ്ഡു തുടങ്ങിയ വിമാനത്താവളങ്ങളാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോഴിക്കോട് വിമാനത്താവളം പോലുള്ള ടേബിൾടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളിലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയും സാഹചര്യങ്ങളും കാരണം അധിക പരിശീലനം പൈലറ്റുമാർക്ക് ആവശ്യമാണെന്നും ഡിജിസിഎ നോട്ടിസിൽ പറയുന്നുണ്ട്.