ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമത്തിനിടെയിലെ പീഡനം; പ്രതിയെ സിബിഐ പിടികൂടി
Wednesday, August 13, 2025 11:35 PM IST
കോൽക്കത്ത: 2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമവുമായി ബന്ധപ്പെട്ട പീഡന കേസിൽ പ്രതിയായ, ഒളിവിലായിരുന്ന പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു.
ഗാസിയാബാദിലെ ഇലയ്ചിപൂരിലെ മോസ്കിൽ ഒളിവിൽ താമസിക്കുകയായിരുന്ന ഉസ്മാൻ അലി എന്നയാളാണ് പിടിയിലായത്. 2021 മേയിലായിരുന്നു സംഭവം. ഓഗസ്റ്റിൽ സിബിഐ കേസ് ഏറ്റെടുത്തിരുന്നു.
2022 മേയ് അഞ്ചിന് പുർബ മേദിനിപൂർ ജില്ലയിലെ തംലുക്കിലുള്ള പ്രത്യേക ജഡ്ജിയുടെ കോടതിയിൽ അന്വേഷണ ഏജൻസി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് 2024 സെപ്റ്റംബർ 25 ന് കോൽക്കത്ത ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.
എന്നാൽ, ജാമ്യത്തെ ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തു. നോട്ടീസ് അയച്ചിട്ടും പ്രതി സുപ്രീംകോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന്, ഈ വർഷം ഓഗസ്റ്റ് രണ്ടിന് ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.