ആലപ്പുഴയിൽ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
Sunday, August 17, 2025 6:18 AM IST
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത് ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തുറവൂർ ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ വീട്ടിൽ ഹെനോക്കിനെയാണ് ആലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന് ഹെനോക്കിന്റെ വീട്ടിലെത്തിയ ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കു നേരേയാണ് ആക്രമണമുണ്ടായത്.
തുടർന്ന് കുത്തിയതോട് പോലീസ് സ്റ്റേഷനിൽനിന്നു അധിക പോലീസുകാർ സ്ഥലത്തെത്തി ഹെനോക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികൾക്കെതിരെയും കേസെടുത്തു.
ജോലി തടസപ്പെടുത്തിയതിനും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. അറസ്റ്റിലായ ഹെനോക്കിനെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.