രാഹുലിന്റെ ഒരു ചോദ്യത്തിനും മറുപടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് കോൺഗ്രസ്
Sunday, August 17, 2025 7:21 PM IST
ന്യൂഡൽഹി: വോട്ടർപട്ടികയിൽ ക്രമക്കേടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടി പറയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മ തുറന്ന് കാട്ടിയ വാർത്താസമ്മേളനമാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
രാഹുലിന്റെ ആരോപണങ്ങൾക്ക് കമ്മീഷൻ കൃത്യമായ മറുപടി നൽകിയില്ല. ഭരിക്കുന്ന പാർട്ടിയോ പ്രതിപക്ഷമോ എന്ന വിവേചനമില്ലെന്ന കമ്മീഷന്റെ വാക്കുകൾ കേട്ടപ്പോൾ ചിരിതോന്നി. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ നിന്ന് കമ്മീഷൻ ഒളിച്ചോടി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നും ജയ്റാം രമേശ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പൂർണമായും തള്ളിക്കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം. വോട്ട് കൊള്ള എന്ന ആരോപണം തെറ്റാണെന്നും വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ പുറത്തുവിട്ടതിലൂടെ രാഹുൽ ഗാന്ധി അവരുടെ സ്വകാര്യത ലംഘിച്ചെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
ഇത് ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണ്. ഉന്നയിച്ച ആരോപണങ്ങൾക്ക് രാഹുൽ ഏഴുദിവസത്തിനകം തെളിവുകള്‍ ഉള്‍പ്പെടെ സത്യവാംഗ്മൂലം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ രാജ്യത്തോടു മാപ്പ് പറയണമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടു.