ബി.അശോകിനെ വീണ്ടും തെറിപ്പിച്ചു; കൃഷി വകുപ്പിൽ നിന്നും നീക്കി
Monday, September 15, 2025 8:23 PM IST
തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.അശോകിനെ വീണ്ടും സ്ഥലംമാറ്റി. പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിട്ടാണ് പുതിയ നിയമനം. സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാർ ഉത്തരവില്‍ പറയുന്നു.
അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെ അവധി അവസാനിപ്പിച്ച് അദ്ദേഹം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
ദിവസങ്ങള്‍ക്കുള്ളിലാണ് അശോകിനെ വീണ്ടും സ്ഥലം മാറ്റിയിരിക്കുന്നത്. അശോകിനു പകരം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയോഗിച്ച ടിങ്കു ബിശ്വാളിനെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
കേര പദ്ധതിക്കായി കൃഷി വകുപ്പിനു ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെ അശോകിനെ പദവിയില്‍നിന്നു മാറ്റിയത് വിവാദമായിരുന്നു. വിവരം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശോകിനു സ്ഥാനചലനമുണ്ടായത്.