ബംഗളൂരുവിൽ കവര്‍ച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
Saturday, October 18, 2025 7:49 PM IST
ബംഗളൂരു: നഗരത്തിൽ കവര്‍ച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രവീണ്‍, യോഗാനന്ദ എന്നിവരാണ് അറസ്റ്റിലായത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. സെപ്റ്റംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം.
ഗണേശോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. ബൈക്കില്‍ എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണം നല്കാന് ആവശ്യപ്പെടുകയായിരുന്നു.
ഉഷ തന്റെ സ്വര്‍ണമാല ഊരി നല്കി. എന്നാല്‍, വരലക്ഷ്മി സ്വര്‍ണം നല്കാന് തയ്യാറായില്ല. ഇതേ തുടര്‍ന്ന്, വരലക്ഷ്മിയെ വടിവാള്‍ കൊണ്ട് ആക്രമിച്ച യോഗാനന്ദ, ഇവരുടെ രണ്ട് വിരലുകള്‍ വെട്ടിമാറ്റികയായിരുന്നു. ശേഷം ഏഴ് പവന്റെ സ്വര്‍ണവും കവര്‍ന്ന് രക്ഷപ്പെട്ടു.