ജിം ഉൗൾസ് തിരക്കഥ എഴുതി ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ഒരു ഹോളിവുഡ് സിനിമയാണ് ‘ഫയിറ്റ് ക്ലബ്.’ ഈ സിനിമയിലെ രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതു ബ്രാഡ് പിറ്റും എഡ്വേർഡ് നോർട്ടണുമാണ്. പിറ്റ് അവതരിപ്പിക്കുന്നതു ടൈലർ ഡേർഡൻ എന്ന ഒരു സോപ്പ് സെയിൽസ്മാനെയാണ്. എന്നാൽ നോർട്ടണ് അവതരിപ്പിക്കുന്നതു കഥ പറയുന്ന പേരില്ലാത്ത നറേറ്ററെയും.
നറേറ്റർക്കു കൊഴുത്ത ശന്പളം ലഭിക്കുന്ന ഒരു നല്ല ജോലിയാണ്. എന്നാൽ, ജോലിയും സന്പത്തുമൊന്നും അയാൾക്കു സന്തോഷം നൽകുന്നില്ല. എന്നു മാത്രമല്ല, പല രാത്രികളിലും അയാൾക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ല. തന്മൂലമാണ്, ഇല്ലാത്ത ചില രോഗങ്ങൾ തനിക്കുണ്ടെന്നു നടിച്ച് ചില സപ്പോർട്ട് ഗ്രൂപ്പുകളിൽ അയാൾ അംഗമായത്.
ഒരു ദിവസം വിമാനയാത്രക്കിടയിൽ അയാൾ സോപ്പ് സെയിൽസ്മാനായ ഡേർഡനെ കണ്ടുമുട്ടി. സമാന ചിന്താഗതിക്കാരായ അവർ പെട്ടെന്നു സുഹൃത്തുക്കളായി. അന്നു രാത്രി നറേറ്റർ വീട്ടിലെത്തുന്പോൾ തന്റെ അപ്പാർട്ട്മെന്റ് അഗ്നിക്കിരയായതായി അയാൾ കണ്ടെത്തി. നറേറ്റർ ഉടനെ ഡേർഡനെ ഫോണിൽ വിളിച്ചു. അതേത്തുടർന്ന്, അവർ ഒരു ബാറിൽവച്ചു കണ്ടുമുട്ടി.
അപ്പോൾ, നറേറ്ററുടെ പ്രശ്നം അയാൾ ഉപഭോഗസംസ്കാരത്തിന്റെ അടിമയായി മാറി എന്നതാണ് എന്നു ഡേർഡൻ പറഞ്ഞു. അതിനൊരു പ്രതിവിധിയായി ഡേർഡൻ നിർദേശിച്ചതു മുഷ്ടിയുദ്ധമായിരുന്നു. കൈചുരുട്ടി തന്നെ ഇടിക്കുവാൻ ഡേർഡൻ ആവശ്യപ്പെട്ടു. അങ്ങനെ അവർ തമ്മിൽ ഒരു പോരാട്ടം. ആ പോരാട്ടം തനിക്ക് ആശ്വാസം നൽകിയതായി നറേറ്റർക്കു തോന്നി.
അന്ന് നറേറ്റർ ഡേർഡന്റെ വീട്ടിലേക്കു താമസം മാറ്റി. അതെത്തുടർന്ന്, അവർ ബാറിന്റെ താഴത്തെ നിലയിലുണ്ടായിരുന്ന ഫയിറ്റ് ക്ലബ് വിപുലമാക്കി. കൂടുതൽ അംഗങ്ങളെ ചേർത്തു പരസ്പരം തല്ലിച്ചതച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ഉപഭോഗ സംസ്കാരവും കോർപറേറ്റ് സംസ്കാരവുമൊക്കെ തകർക്കാൻവേണ്ടി സമൂഹത്തിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്ന വലിയൊരു പ്രോജക്ടിനു ഡേർഡൻ രൂപംനൽകി.
നറേറ്ററെ ഈ വലിയ പ്രോജക്ടിൽ ഡേർഡൻ ഉൾപ്പെടുത്തിയില്ല. എന്നാൽ, വേറെ പലരെയും ഡേർഡൻ തന്റെ നശീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. ഡേർഡന്റെ പ്രോജക്ടിനെക്കുറിച്ചു വിവരമറിഞ്ഞ നറേറ്റർ പോലീസിനെ വിവരമറിയിച്ചു. എന്നാൽ, അവരും പല കെട്ടിടങ്ങളും ബോംബ് വച്ചു തകർക്കാനുള്ള പ്രോജക്ടിന്റെ ഭാഗമായിരുന്നു. തന്മൂലം, ഒരു കെട്ടിടത്തിലെ ബോംബ് നിർവീര്യമാക്കാൻ നറേറ്റർ ശ്രമിക്കുന്നതിനിടയിൽ ഡേർഡൻ നറേറ്ററെ അടിച്ചു കീഴ്പ്പെടുത്തി. അപ്പോൾ കെട്ടിടങ്ങൾ ഒന്നൊന്നായി തകർന്നുവീണു. ഇതിനിടയിൽ ഡേർഡനും മരിച്ചു.
ഭ്രാന്തുപിടിപ്പിക്കുന്ന ആധുനിക സംസ്കാരത്തിന്റെ പിടിയിൽനിന്നു മോചനം നേടാൻ ഡേർഡൻ കണ്ടുപിടിച്ച മാർഗം എല്ലാം നശിപ്പിക്കുകയെന്നതായിരുന്നു. അങ്ങനെ, ഈ സിനിമ ദുരന്തപര്യവസായി ആയി മാറി.
എന്നാൽ, ഈ സിനിമ ചൈനയിൽ പ്രദർശിപ്പിച്ചപ്പോൾ അതിന്റെ അന്ത്യം മറ്റൊന്നായിരുന്നു. ചൈനക്കാർ ഈ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തി. കെട്ടിടങ്ങൾ ബോംബ് പൊട്ടി തകരുന്ന രംഗങ്ങൾ അവർ പ്രദർശിപ്പിച്ച സിനിമയിലില്ലായിരുന്നു. അതിനു പകരം, സ്ക്രീനിൽ ഇപ്രകാരം ഒരു സന്ദേശമുണ്ടായിരുന്നു: ‘ബോംബ് സ്ഫോടനം നടത്തുവാൻ ശ്രമിച്ച കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. നറേറ്റർക്കു മാനസിക ചികിത്സ നൽകി അയാളെ സുഖപ്പെടുത്തി.’
പരസ്പരം മുഷ്ടികൊണ്ടുള്ള പോരാട്ടം നടത്തിയാൽ ആധുനിക മനുഷ്യനെ മഥിക്കുന്ന ഏകാന്തതയിൽനിന്നും അസ്വസ്ഥതകളിൽനിന്നും മോചനം ലഭിക്കുമോ? ഒരിക്കലുമില്ല. എന്നാൽ, ഡേർഡൻ കണ്ടെത്തിയ വഴി അതായിരുന്നു. അതു അയാളെ പൂർണനാശത്തിലേക്കു നയിക്കുകയും ചെയ്തു.
എന്നാൽ, ഡേർഡന്റെ കഥയ്ക്കു ചൈനയിലെ ഫിലിം സെൻസേഴ്സ് ചില മാറ്റങ്ങൾ വരുത്തി. അങ്ങനെ, ‘ഫയിറ്റ്’ എന്ന സിനിമ സന്തോഷപര്യവസായി ആയി മാറി.
നമ്മിൽ ചിലരുടെയെങ്കിലും കാര്യത്തിൽ, കാര്യങ്ങൾ പലപ്പോഴും നീങ്ങുന്നതു ദുരന്തത്തിലേക്കായിരിക്കും. എന്നാൽ, നാം മനസ് വച്ചാൽ, പല ദുരന്തങ്ങളും നമുക്കൊഴിവാക്കാൻ സാധിക്കുമെന്നതല്ലേ വസ്തുത?
ഫിസ്റ്റ് ഫയിറ്റ് എന്ന സിനിമ സന്തോഷപര്യവസായി ആയി മാറ്റുന്നതിനു ചൈനയിലെ ഫിലിം സെൻസേഴ്സിന് എളുപ്പം സാധിച്ചു. എന്നാൽ, അതുപോലെ എളുപ്പമായിരിക്കുകയില്ല നമ്മുടെ ജീവിതത്തിലെ പല ദുരന്തങ്ങളും ഒഴിവാക്കുവാൻ. എന്നാൽ, സാമാന്യബുദ്ധിയും വിവേകവുമുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിലെ പല ദുരന്തങ്ങളും അതിവേഗം നമുക്കൊഴിവാക്കാൻ സാധിക്കും.
ഉദാഹരണമായി, മദ്യപാനത്തിന്റെയും മയക്കുമരുന്നിന്റെയും കാര്യമെടുക്കാം. മദ്യപാനത്തിനും മയക്കുമരുന്നിന്റെ ഉപയോഗത്തിനും അടിമയാകുന്നവർ ജീവിതത്തിൽ പരാജയപ്പെടുമെന്നു തീർച്ചയല്ലേ? അപ്പോൾപിന്നെ, വിവേകപൂർവം അവയിൽനിന്ന് ഒഴിഞ്ഞുനിന്നാൽ, അവവഴി വരുന്ന ദുരന്തങ്ങളും ഒഴിവാക്കാമല്ലോ.
സോഷ്യൽ മീഡിയായുടെ ദുരുപയോഗംമൂലം ദുരന്തങ്ങൾക്ക് ഇരയാകുന്നവർ പെരുകിവരുന്ന കാലമാണല്ലോ ഇത്. ഇവയും ഒഴിവാക്കാവുന്ന ദുരന്തങ്ങളല്ലേ? വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുണ്ടാകുന്ന ദുരന്തങ്ങളും ഇന്ന് ഏറെയുണ്ട്. അവയും ഒഴിവാക്കാവുന്നവതന്നെ.
നമ്മുടെ കഥ സന്തോഷപര്യവസായി ആയി മാറുന്ന രീതിയിൽ മാറ്റിയെഴുതാൻ നമുക്കു സാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. നമുക്കിതു മറക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ