പണ്ടുകാലത്തെ ഒരു രാജാവ്. യുദ്ധവീരനായിരുന്നു അദ്ദേഹം. എന്നാൽ, അന്യരാജ്യങ്ങളെ ആക്രമിക്കുന്ന പതിവില്ലായിരുന്നു അദ്ദേഹത്തിന്. ശത്രുക്കൾ യുദ്ധത്തിനു വന്നാൽ അദ്ദേഹം അവരെ നേരിടും. അപ്പോഴൊക്കെ ശത്രുക്കൾ പരാജയപ്പെട്ടു പിന്തിരിഞ്ഞോടുകയാണു പതിവ്.
ഒരിക്കൽ ഒരുകൂട്ടം ശത്രുക്കളെ തുരത്തിയിട്ടു രാജാവ് കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്നു. അപ്പോഴാണ് വഴിയരികിലുള്ള ഒരു മരത്തണലിൽ ഒരു സന്യാസി ധ്യാനനിമഗ്നനായി ഇരിക്കുന്നതു കണ്ടത്. രാജാവ് ഉടനെ കുതിരപ്പുറത്തുനിന്നിറങ്ങി സന്യാസിയുടെ മുന്പിലെത്തി അദ്ദേഹത്തെ കുന്പിട്ടു വണങ്ങി അനുഗ്രഹം യാചിച്ചു. സന്യാസി ഉടനെ രാജാവിന്റെ ശിരസിൽ കൈവച്ച് അനുഗ്രഹിച്ചു.
രാജാവിനെ അനുഗമിച്ചിരുന്ന മന്ത്രിക്കും പടയാളികൾക്കും രാജാവിന്റെ ഈ നടപടി ഇഷ്ടപ്പെട്ടില്ല. ആരുടെയും മുന്നിൽ തലകുനിക്കാത്ത രാജാവ് ഭിക്ഷക്കാരനെപ്പോലെയിരിക്കുന്ന ഒരു സന്യാസിയുടെ മുന്പിൽ തലകുനിച്ചതു ശരിയായില്ല എന്നായിരുന്നു അവരുടെ നിലപാട്.
അവർ രാജകൊട്ടാരത്തിൽ മടങ്ങിയെത്തിയപ്പോൾ മന്ത്രി രാജാവിനെ സമീപിച്ചു പറഞ്ഞു, “ആരുടെയും മുന്നിൽ തലകുനിക്കാത്ത ശക്തനായ രാജാവാണ് അങ്ങ്. എല്ലാവരും അങ്ങയെ കുന്പിടുകയാണു പതിവ്. എന്നാൽ, അങ്ങ് യാചകനായ ഒരു സന്യാസിയുടെ മുന്നിൽ തലകുനിച്ചു. ആ നടപടി വേണ്ടായിരുന്നു എന്നു തോന്നുന്നു.’’
രാജാവ് അപ്പോൾ പുഞ്ചിരിക്കുക മാത്രം ചെയ്തു. മറുപടിയായി മന്ത്രിയോട് ഒന്നും പറഞ്ഞില്ല. പിറ്റേദിവസം രാജാവ് മന്ത്രിയെ ഭാരമുള്ള ഒരു ബാഗ് ഏല്പിച്ചുകൊണ്ടു പറഞ്ഞു, “ഈ ബാഗിൽ നാലു സാധനങ്ങളുണ്ട്. ഇവ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റിട്ടു തിരിച്ചുവരണം. എന്നാൽ, മാർക്കറ്റിൽ എത്തിയതിനു ശേഷമല്ലാതെ ബാഗ് തുറക്കാൻ പാടില്ല.’’
രാജാവ് കല്പിച്ചതനുസരിച്ച് മന്ത്രി മാർക്കറ്റിലെത്തി ബാഗ് തുറന്നു. അപ്പോൾ ബാഗിലുണ്ടായിരുന്നത് മീനിന്റെയും കോഴിയുടെയും ആടിന്റെയും മനുഷ്യന്റെയും ഓരോ തലകളായിരുന്നു! അവ കണ്ടപ്പോൾ മന്ത്രിയാകെ അന്പരപ്പിലായി. അവ വിൽക്കാൻ രാജാവ് കല്പിച്ചതുകൊണ്ട് അങ്ങനെ ചെയ്യാതെ മടങ്ങിപ്പോകാൻ നിർവാഹമില്ലായിരുന്നു.
തന്മൂലം, ആ നാലു തലകളും പുറത്തെടുത്ത് വില്പനയ്ക്കു വച്ചു. മീൻതലയും കോഴിത്തലയും ആടിൻതലയും വാങ്ങാൻ ആളുകൾ തയാറായി. എന്നാൽ, മനുഷ്യന്റെ തല വാങ്ങാൻ ആരും തയാറായില്ല. സന്ധ്യയായപ്പോൾ മന്ത്രി മാർക്കറ്റിൽനിന്നു കൊട്ടാരത്തിലേക്കു മടങ്ങി. രാജാവിനെ കണ്ടു വിവരം പറഞ്ഞു.
അപ്പോൾ രാജാവ് പറഞ്ഞു, “സാരമില്ല. ഒരിക്കൽക്കൂടി നാളെ മാർക്കറ്റിൽപോയി മനുഷ്യന്റെ തല വിൽക്കാൻ നോക്കൂ. വൈകുന്നേരംവരെ കാത്തിരുന്നിട്ടും ആരും വാങ്ങുന്നില്ലെങ്കിൽ മനുഷ്യന്റെ തല ആർക്കെങ്കിലും വെറുതേ കൊടുത്തിട്ടു പോരൂ.’’
രാജാവ് കല്പിച്ചതുപോലെ പിറ്റേദിവസം മന്ത്രി വീണ്ടും മാർക്കറ്റിൽ പോയി മനുഷ്യന്റെ തല വിൽക്കാൻ ശ്രമിച്ചു. വൈകുന്നേരമായിട്ടും ആരും വാങ്ങാതിരുന്നതുകൊണ്ട് ആർക്കെങ്കിലും അതു വെറുതേ കൊടുക്കാൻ നോക്കി. പക്ഷേ, ആർക്കും മനുഷ്യന്റെ തല ഫ്രീയായിട്ടുപോലും വേണ്ടായിരുന്നു.
മന്ത്രി കൊട്ടാരത്തിൽ മടങ്ങിയെത്തിയപ്പോൾ രാജാവ് ചോദിച്ചു, “വെറുതേ നൽകാമെന്നു പറഞ്ഞിട്ടും ആരും മനുഷ്യന്റെ തല സ്വീകരിച്ചില്ല അല്ലേ?’’ അപ്പോൾ തലകുനിച്ചു നിന്നുകൊണ്ടു മന്ത്രി പറഞ്ഞു, “അതേ തിരുമേനീ, ആർക്കും മനുഷ്യന്റെ തല വെറുതേപോലും വേണ്ട!’’
ഉടനേ രാജാവ് ചോദിച്ചു, “എന്റെ മരണശേഷം നിങ്ങൾ എന്റെ തല സൂക്ഷിച്ചുവയ്ക്കുമോ?’’ മന്ത്രി നിശബ്ദനായി നിന്നപ്പോൾ രാജാവ് തുടർന്നു...“എന്റെ തല സന്യാസിയുടെ മുന്പിൽ കുനിച്ചെങ്കിൽ അതിലെന്തു പോരായ്മയാണുള്ളത്? രാജാവായ എന്റെ തലയാണെങ്കിലും എന്റെ മരണശേഷം ആരെങ്കിലും വെറുതേപോലും അതു സ്വീകരിക്കുമോ?’’
തെല്ലിട മൗനത്തിനു ശേഷം രാജാവ് തുടർന്നു, “ആ സന്യാസിയുടെ മുന്പിൽ തല കുനിച്ചതുവഴി എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചു. അതായത്, അദ്ദേഹംവഴി എനിക്കു ദൈവാനുഗ്രഹം ലഭിച്ചു എന്നു സാരം. ഓർമിക്കുക, അഹങ്കാരംകൊണ്ട് നാം ഒന്നും നേടുന്നില്ല. എന്നാൽ, നാം വിനീതരാകുന്പോൾ നമുക്ക് ദൈവാനുഗ്രഹം ധാരാളമായുണ്ടാകും.’’
വിനീതനായ ഒരു രാജാവിന്റെ പക്കൽ എങ്ങനെ ഒരു മനുഷ്യന്റെ തല എത്തിച്ചേർന്നു എന്ന ചോദ്യമുണ്ടാകാം. എന്നാൽ, കഥയിൽ ചോദ്യമില്ല എന്ന തത്വം നമുക്ക് ഓർമിക്കാം. ആരുടെയും മുന്പിൽ തലകുനിക്കേണ്ട ആവശ്യമില്ലാതിരുന്ന രാജാവ് സന്യാസിയുടെ മുന്പിൽ തലകുനിച്ചത് തന്റെ വിനയംകൊണ്ടാണെന്നു മാത്രം നമ്മുടെ ചിന്തയ്ക്കു വിഷയമാകട്ടെ.
അനുദിനജീവിതത്തിൽ നമുക്കു വേണ്ട വലിയൊരു ഗുണം വിനയമാണ്. കാരണം, എല്ലാ സദ്ഗുണങ്ങളുടെയും അടിസ്ഥാനം വിനയംതന്നെ. അല്പംപോലും വിനയമില്ലാതെ അഹങ്കാരം മുറ്റിനിൽക്കുന്ന ഒരുവനിൽ സദ്ഗുണങ്ങളായ യഥാർഥ സ്നേഹവും കരുണയും ക്ഷമാശീലവുമൊക്കെ ഉണ്ടാവുമോ?
സെന്റ് അഗസ്റ്റിൻ പറയുന്നു, “അഹങ്കാരമാണ് മാലാഖമാരെ പിശാചുക്കളാക്കി മാറ്റിയത്. വിനയമാണ് മനുഷ്യരെ മാലാഖമാരെപ്പോലെയാക്കി മാറ്റുന്നതും.’’ മനുഷ്യരെ മാലാഖമാരാക്കി മാറ്റാൻപോരുന്ന തരത്തിലുള്ള വിനയം നമ്മുടെ ജീവിതത്തിലുണ്ടെന്ന് ഉറപ്പുവരുത്താൻ സാധിച്ചാൽ നമ്മിൽ സകല സദ്ഗുണങ്ങളും പൂത്തുവിരിയുമെന്നതിൽ സംശയംവേണ്ട.
നമ്മുടെ ജീവിതത്തിലെ നന്മകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും അവ ദൈവാനുഗ്രമാണെന്ന് ഓർമിച്ചുകൊണ്ട് അഭിമാനിക്കുന്നതിൽ തെറ്റില്ല. എന്നാൽ, അവ അഹങ്കാരത്തിനു കാരണമാകാൻ നാം ഒരിക്കലും അനുവദിക്കരുത്. എല്ലാം ദൈവാനുഗ്രഹം എന്ന നന്ദി നിറഞ്ഞ നിലപാടായിരിക്കട്ടെ നമ്മുടേത്. അപ്പോൾ അഹങ്കാരത്തിന്റെ കെണിയിൽ വീഴാൻ നമുക്കിടയാവില്ല.
സ്വയം പുകഴ്ത്തുന്നവർ താഴ്ത്തപ്പെടും എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത് (മത്തായി 23:12). നാം നമ്മെത്തന്നെ പുകഴ്ത്തേണ്ട. അതിനുപകരം, നമ്മെ നന്മകൾകൊണ്ട് അനുഗ്രഹിക്കുന്ന ദൈവത്തെ പുകഴ്ത്താം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ