അഭിനന്ദനീയമായ ഒരു പ്രവൃത്തി
Sunday, August 13, 2023 1:26 AM IST
ലോകവ്യാപകമായി ആയിരത്തോളം ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു കാർട്ടൂണ്‍ പരന്പരയാണ് പിക്കിൾസ്. ബ്രയൻ ക്രെയ്ൻ എന്ന കാർട്ടൂണിസ്റ്റിന്റെ ഭാവന ജന്മം നൽകിയ ഈ കാർട്ടൂണ്‍ പരന്പര 2001ൽ അമേരിക്കയിലെ നാഷണൽ കാർട്ടൂണിസ്റ്റ് സൊസൈറ്റിയുടെ ബെസ്റ്റ് കോമിക് സ്ട്രിപ് അവാർഡിന് അർഹമാവുകയുണ്ടായി.
വിശ്രമജീവിതം നയിക്കുന്ന ഏൾ, ഏളിന്റെ ഭാര്യ ഓവ്പൽ, അവരുടെ കൊച്ചുമകൻ നെൽസണ്‍ എന്നിവരാണ് കാർട്ടൂണ്‍ പരന്പരയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ഞായറാഴ്ച ദിവസം പ്രസിദ്ധീകരിക്കപ്പെട്ട കാർട്ടൂണിൽ ഇവർ മൂവരുമാണ് രംഗത്തുള്ളത്. ഏഴു പാനലുള്ള കാർട്ടൂണിന്റെ ആദ്യപാനൽ ഇപ്രകാരമാണ്, “ഹോംവർക്ക് ചെയ്യാൻ എന്നെ സഹായിക്കുമോ വല്യമ്മച്ചീ?’’ കൊച്ചുമകൻ ചോദിക്കുന്നു.
അപ്പോൾ വല്യമ്മച്ചീടെ മറുപടി, “നീ പോയി വല്യപ്പച്ചനോട് ചോദിക്ക്.’’
രണ്ടാമത്തെ പാനലിൽ നെൽസണും വല്യപ്പച്ചനുമാണ് ഉള്ളത്. “വല്യപ്പനു തിരക്കാണോ?’’ നെൽസന്റെ ചോദ്യം.
അടുത്ത പാനലിൽ അതിനുള്ള മറുപടി, “അതേ, നെൽസണ്‍. എനിക്കു വലിയ തിരക്കാണ്.’’
നാലാമത്തെ പാനലിൽ വല്യപ്പച്ചന്റെ വിശദീകരണം, “പുറമേ നോക്കിയാൽ എനിക്കു തിരക്കുണ്ടെന്ന് അല്പംപോലും തോന്നുകയില്ല. എന്നാൽ, ഞാൻ ഏറെ ഗഹനമായ ചിന്തയിലാണ് എന്നതാണു വാസ്തവം.’’
വല്യപ്പച്ചൻ പറയുന്നതു മനസിലാക്കാൻ സാധിക്കാതെ നെൽസണ്‍ പകച്ചുനിൽക്കുന്നതാണ് അഞ്ചാം പാനൽ. “നിനക്കറിയാമോ, ചിന്തിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി.’’ ആറാമത്തെ പാനലിൽ വല്യപ്പച്ചൻ തുടരുന്നു, ’’ഇപ്പോൾ നീ എന്റെ തലയ്ക്കുള്ളിൽ പരിശോധിക്കുകയാണെങ്കിൽ പല പ്രധാന ചിന്തകൾ അവിടെക്കിടന്നു വട്ടംകറങ്ങുകയാണെന്നു നീ കാണും.’’
അപ്പോൾ ഏഴാമത്തെ പാനലിൽ വല്യമ്മച്ചിയുടെ കമന്റ്, “ഒരു ജോഡി പാന്റ്സുകൾ ഒരു ഡ്രയറിൽ (വസ്ത്രം ഉണക്കുന്ന യന്ത്രം) കിടന്നു വട്ടംകറങ്ങുന്നതുപോലെ.’’
കൊച്ചുമകനോട് വല്യപ്പച്ചൻ പറഞ്ഞതുപോലെ ചിന്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ചു ശരിയായ രീതിയിൽ ചിന്തിക്കേണ്ട കാര്യം വരുന്പോൾ. ശാസ്ത്രരംഗത്ത് നിരവധി കണ്ടുപിടിത്തങ്ങൾ നടത്തിയിട്ടുള്ള തോമസ് എഡിസണ് പറഞ്ഞിട്ടുള്ളതനുസരിച്ച്, അപൂർവം പേർ മാത്രമേ ചിന്തിക്കുന്നുള്ളൂ. അദ്ദേഹം എഴുതുന്നു, “അഞ്ചു ശതമാനം പേർ മാത്രമേ ശരിക്കു ചിന്തിക്കുന്നുള്ളൂ. പത്തു ശതമാനം പേർ വിചാരിക്കുന്നു അവർ ചിന്തിക്കുന്നുണ്ടെന്ന്. ബാക്കി എണ്‍പത്തിയഞ്ചു ശതമാനവും കരുതുന്നത് ചിന്തിക്കുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണെന്നാണ്.’’
എഡിസണ് പറയുന്നതിൽ ഏറെ അതിശയോക്തിയുണ്ട് എന്നതു ശരിയാണ്. എന്നാൽ, അതിൽ ഏറെ വാസ്തവവുമില്ലാതില്ല. സ്വയം ശരിയായ രീതിയിൽ ചിന്തിക്കാത്തതുകൊണ്ടല്ലേ പല ആളുകളും തെറ്റായ പ്രത്യയശാസ്ത്രങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്നാലെ പോകുന്നത്? നമ്മുടെ സമൂഹത്തിൽ കാണുന്ന പല തെറ്റായ പ്രവണതകളുടെയും പിന്നാലെ പോകുന്നവർ ശരിയായ രീതിയിൽ ചിന്തിക്കുന്നതിലും കാര്യങ്ങൾ മനസിലാക്കുന്നതിലും പരാജയപ്പെട്ടവരല്ലേ?
അമേരിക്കൻ തത്വചിന്തകനും എഴുത്തുകാരനുമായ ഹെൻറി ഡേവിസ് തോറോ എഴുതുന്നു, “സ്വയം ചിന്തിക്കാൻ പഠിക്കുക. അല്ലെങ്കിൽ നിങ്ങളുടെ നന്മ നോക്കാതെ മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി ചിന്തിക്കും.’’ തോറോ ഇപ്രകാരം പറഞ്ഞിരിക്കുന്നത് എപ്പോഴും ശരിയായിരിക്കണമെന്നില്ല. എന്നാൽ, പലപ്പോഴും ശരിയാണുതാനും. നമ്മൾ സ്വയം ചിന്തിക്കുകയും ശരിയായ രീതിയിൽ കാര്യങ്ങൾ പഠിക്കുകയും അവ വിശകലനം ചെയ്യുകയും ചെയ്യാതിരുന്നാൽ മറ്റുള്ളവർ നമുക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുന്പോൾ അവ നമ്മുടെ നന്മയ്ക്കാണോ തിന്മയ്ക്കാണോ എന്നു തിരിച്ചറിയാൻപോലും സാധിക്കാതെപോകും.
മുകളിൽ കൊടുത്തിരിക്കുന്ന കാർട്ടൂണ്‍ കഥയിലേക്കു മടങ്ങിവരട്ടെ. വല്യപ്പച്ചൻ കൊച്ചുമകനോട് പറഞ്ഞതനുസരിച്ച്, വല്യപ്പച്ചന്റെ തലയ്ക്കുള്ളിൽ പല ചിന്തകൾ കിടന്നു വട്ടംകറങ്ങുകയല്ലേ? അവയെ ഒന്നു നിയന്ത്രിക്കാൻപോലും ആ മനുഷ്യനു സാധിക്കാത്ത സ്ഥിതിയിലല്ലേ? എന്തിന് ഈ കഥാപാത്രത്തെ കുറ്റം പറയുന്നു? നമ്മിൽ പലരുടെയും സ്ഥിതി ഇതിൽനിന്നു വിഭിന്നമാണോ? ഡിജിറ്റൽ മീഡിയ ഉൾപ്പെടെയുള്ള വിവിധ സാമൂഹിക സന്പർക്ക മാധ്യമങ്ങളിലൂടെ എന്തെല്ലാം കാര്യങ്ങളാണ് നാം എന്നും കാണുകയും കേൾക്കുകയും ചെയ്യുന്നത്.
വിവിധ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെ നമ്മുടെ മനസിലേക്കു കടക്കുന്ന കാര്യങ്ങൾ പലപ്പോഴും നമ്മുടെ തലയ്ക്കുള്ളിൽ കിടന്ന് വട്ടം കറങ്ങുകയല്ലേ? അവയെ വിലയിരുത്താനും തിന്മയായിട്ടുള്ളവയെ നമ്മുടെ ബോധതലത്തിൽനിന്ന് ആട്ടിപ്പായിക്കാനും നന്മയായിട്ടുള്ളവയെ നമ്മുടെ ചിന്തയിൽ നിലനിർത്താനും നമുക്ക് സാധിക്കുന്നുണ്ടോ?
തന്മൂലമാണ്, “ഉയർന്നു ചിന്തിക്കുക, ആഴത്തിൽ ഗ്രഹിക്കുക’’ എന്ന് രണ്ടാം ലോകയുദ്ധകാലത്ത് നാസികളുടെ കൊടുംഭീകരതയിൽനിന്നു രക്ഷപ്പെട്ട എലി വീസൽ എഴുതിയത്. ജർമനിയിലെയും ജർമനി കീഴടക്കിയ രാജ്യങ്ങളിലെയും യഹൂദരെ ഉന്മൂലനം ചെയ്യാൻ ഹിറ്റ്ലർ തീരുമാനിച്ചപ്പോൾ അതിനെതിരേ ശബ്ദമുയർത്താൻ അധികമാളുകൾ ഉണ്ടായില്ല. അതിനു കാരണം, അവർ തങ്ങളുടെ ചിന്തകളുടെ നിയന്ത്രണം ഹിറ്റ്ലർക്കു വിട്ടുകൊടുത്തു എന്നുള്ളതായിരുന്നു.
ഇതു സംഭവിച്ചതു സാധാരണക്കാരുടെ കാര്യത്തിൽ മാത്രമായിരുന്നില്ല. വിദ്യാസന്പന്നർ എന്ന് അഭിമാനിച്ചവരും അക്കാലത്തു തങ്ങളുടെ ചിന്താശക്തി ഹിറ്റ്ലർക്കു തീറെഴുതിക്കൊടുത്തവരുടെ കൂടെയുണ്ടായിരുന്നു. അതുകൊണ്ടാണ് നാസികളുടെ കൊടുംഭീകരത അക്കാലത്ത് ജർമനിയിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയത്.
എക്കാലത്തെയും ബെസ്റ്റ് സെല്ലിംഗ് നോവലിസ്റ്റാണ് അഗാത്താ ക്രിസ്റ്റി. കുറ്റാന്വേഷണ കഥകൾ തന്മയപൂർവം നെയ്തെടുക്കുന്നതിൽ അസാധാരണമാംവിധം വിജയിച്ച ഈ ബ്രിട്ടീഷുകാരിയുടെ പ്രസിദ്ധമായ നോവലാണ് ‘പെറിൽ അറ്റ് എൻഡ് ഹൗസ്’. ഈ നോവലിൽ ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തോടു പറയുകയാണ്, “ഞാൻ ചിന്തിക്കുകയായിരുന്നു.’’ അപ്പോൾ ഇതര കഥാപാത്രം പറയുന്നു, “അഭിനന്ദനീയമായ ഒരു പ്രവൃത്തിയാണത്. അതു തുടരുക.’’
ക്രിസ്റ്റി അനുസ്മരിപ്പിക്കുന്നതുപോലെ ചിന്തിക്കുക എന്നത് അഭിനന്ദനീയമായ ഒരു പ്രവൃത്തിയാണ്. അതു നാം തുടരണം. അതുപോലെ, നാം ശരിയായ രീതിയിലാണ് ചിന്തിക്കുന്നത് എന്നു നാം ഉറപ്പുവരുത്തുകയും വേണം. നമ്മുടെ ചിന്ത ക്രിയാത്മകവും നമ്മുടെയും മറ്റുള്ളവരുടെയും നന്മയ്ക്ക് ഉപകരിക്കുന്നവയുമാണെങ്കിൽ അവ ശരിയായ രീതിയിലായിരിക്കും എന്നതിൽ സംശയം വേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ