പാഠം പഠിച്ചു മുന്നേറാം
Sunday, August 27, 2023 5:19 AM IST
1994 ജൂണ്‍ 15നു പുറത്തിറങ്ങിയ ഒരു ഡിസ്നി അനിമേറ്റഡ് സിനിമയാണ് ‘ദ ലയണ്‍ കിംഗ്.’ അക്കാലംവരെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയതിനുള്ള രണ്ടാം സ്ഥാനം ഈ ചിത്രത്തിനുണ്ട്. ബെസ്റ്റ് മോഷൻ പിക്ചറിനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിട്ടുള്ള ഈ ചിത്രത്തിന് രണ്ട് ഓസ്കർ അവാർഡുകളും ലഭിച്ചു.
വില്യം ഷേക്സ്പിയറുടെ പ്രസിദ്ധമായ ‘ഹാംലെറ്റ്’ എന്ന നാടകത്തിൽനിന്നു പ്രചോദനം സ്വീകരിച്ചാണ് ഈ കാർട്ടൂണ്‍ ചിത്രത്തിന്റെ കഥ ആവിഷ്കരിച്ചിരിക്കുന്നത്. കഥയിലെ നായകൻ സിന്‍പ എന്ന പേരിലുള്ള ഒരു സിംഹക്കുട്ടിയാണ്. കാട്ടിലെ രാജാവായി ഭരണം നടത്തുന്നത് സിന്പയുടെ പിതാവായ മുഫാസ സിംഹവും.
മുഫാസ രാജാവായി ഭരണം നടത്തുന്നതിൽ ഏറെ അതൃപ്തനാണു മുഫാസയുടെ സഹോദരനായ സ്കാർ എന്ന സിംഹം. കാട്ടുനായ്ക്കളുടെ സഹായത്തോടെ മുഫാസയെ വധിച്ചു സ്കാർ അധികാരം പിടിച്ചെടുത്തു. അതിനുശേഷം മുഫാസയുടെ മരണത്തിന്റെ ഉത്തരവാദി സിന്‍പ ആണെന്നു സ്കാർ അവനെ പറഞ്ഞു ബോധ്യപ്പെടുത്തി.
അതിനുശേഷം ജീവൻ വേണമെങ്കിൽ നാടുവിട്ടോളാൻ സ്കാർ കല്പിച്ചു. സിന്‍പ നാടുവിടുന്പോൾ അവനെ വധിക്കാൻ കാട്ടുനായ്ക്കളെ സ്കാർ മുൻകൂർ ചുമതലപ്പെടുത്തിയിരുന്നു. എങ്കിലും അവരുടെ കെണിയിൽ വീഴാതെ സിന്‍പ മറ്റൊരു പ്രദേശത്തു ചെന്നെത്തി. അവിടെ സിന്‍പ കണ്ടെത്തിയ രണ്ടു കൂട്ടുകാരായിരുന്നു പൂന്പ എന്ന കാട്ടുപന്നിയും ടൈമണ്‍ എന്ന കുഞ്ഞിക്കീരിയും.
ഈ രണ്ടു കൂട്ടുകാരുടെയും സഹായത്തോടെ സിന്‍പ വളർന്നു വലുതായി. അങ്ങനെയിരിക്കുന്പോഴാണ് പണ്ട് സിന്പയുടെ കളിക്കൂട്ടുകാരിയായിരുന്ന നാള എന്ന സിംഹി ഇരതേടി സിന്‍പ വസിക്കുന്ന കാട്ടിലെത്തിയത്. പരസ്പരം തിരിച്ചറിഞ്ഞ അവർ അനുരാഗബദ്ധരായി. സിന്‍പ സ്വന്തം കാട്ടിലേക്കു പോകണമെന്നും അവിടെയെത്തി തനിക്കർഹമായ രാജാധികാരം പിടിച്ചെടുക്കണമെന്നും അവൾ ഉപദേശിച്ചു. മാത്രമല്ല, കാട്ടിലെ മൃഗങ്ങളുടെ സംരക്ഷണത്തിനു സിന്പയുടെ സേവനം അത്യാവശ്യമായി വന്നിരിക്കുകയാണെന്നും അവൾ വാദിച്ചു.
നാളയുടെയും പൂന്പയുടെയും ടൈമണിന്റെയും നിർബന്ധത്തിനു വഴങ്ങി സിന്‍പ തന്റെ സ്വന്തം കാട്ടിൽ തിരിച്ചെത്തി. തന്റെ പിതാവിനെ തന്ത്രപൂർവം കൊലചെയ്ത സ്കാർ എന്ന പിതൃസഹോദരനെ സിന്‍പ യുദ്ധത്തിൽ തോല്പിച്ചു. എങ്കിലും സിന്‍പ സ്കാറിനോട് കരുണ കാണിച്ചു സ്കാറിനെ കൊന്നില്ല. പകരം നാടുവിട്ടോടിക്കൊള്ളാൻ സിന്‍പ കല്പിച്ചു.
പക്ഷേ, അതിനു തയാറാകാതെ സ്കാർ വീണ്ടും യുദ്ധത്തിനു മുതിരുകയാണു ചെയ്തത്. അങ്ങനെയാണു സ്കാറിനെ സിന്‍പ പാറമുകളിൽനിന്നു താഴേക്കു തള്ളിയിട്ടത്. ആ വീഴ്ചയെ സ്കാർ അതിജീവിച്ചെങ്കിലും കാട്ടുനായ്ക്കൾ സ്കാറിനെ വകവരുത്തി. അതേത്തുടർന്നു സിന്‍പ അധികാരമേറ്റു രാജാവായി. നാള രാജ്ഞിയും. അവർക്കൊരു സിംഹക്കുട്ടി പിറന്നു. അങ്ങനെ ജീവിതചക്രം മുന്നോട്ടുപോകുന്നതോടെ കഥ തീരുന്നു.
കാഴ്ചക്കാർ കൗതുകപൂർവം കണ്ടിരിക്കുന്ന ഈ കാർട്ടൂണ്‍ സിനിമയ്ക്ക് ഏറ്റവും നല്ല സംഗീതത്തിനുള്ള ഓസ്കർ അവാർഡ് നേടിക്കൊടുത്ത ഗാനമാണ് ‘ഹക്കുണ മറ്റാറ്റ.’ പ്രാണരക്ഷാർഥം സ്വന്തം കാടുവിട്ട് മറ്റൊരു കാട്ടിലെത്തിയ സിന്‍പ അവിടെ കണ്ടെത്തിയ കളിക്കൂട്ടുകാരായിരുന്നല്ലോ പൂന്പയും ടൈമണും. അവരുമായി കൂട്ടുചേർന്നു സിന്‍പ പാടുന്ന ഗാനമാണിത്.
പൂന്പയും ടൈമണും പിന്തുടരുന്ന ആപ്തവാക്യമാണ് ഹക്കുണ മറ്റാറ്റ. കിഴക്കൻ ആഫ്രിക്കയിലെ സ്വാഹിളി എന്ന ഭാഷയിലുള്ള ഈ വാക്കുകളുടെ അർഥം ഒന്നിനെക്കുറിച്ചും ഒരു ആശങ്കയും വേണ്ട എന്നാണ്. ഒരു കാര്യത്തെക്കുറിച്ചും ആകുലചിന്തയില്ലാതെ ഭയരഹിതരായി ജീവിക്കാനാണ് പൂന്പയുടെയും ടൈമണിന്റെയും പരിശ്രമം. ഈ പാത പിന്തുടരാനാണ് അവർ സിന്പയെ പ്രേരിപ്പിക്കുന്നതും. അങ്ങനെ ജീവിക്കാൻ സിന്‍പ ശ്രമിക്കുന്നുമുണ്ട്.
പക്ഷേ, പ്രായോഗികമായ കാര്യമാണോ അത്? ഒരു ആകുലചിന്തയുമില്ലാതെ സിന്‍പ നടക്കുന്പോഴാണ് സ്വന്തം കാട്ടിൽ തിരിച്ചെത്തി രാജാധികാരം തിരിച്ചുപിടിക്കാൻ നാള എന്ന കളിക്കൂട്ടുകാരി സിന്പയോട് ആവശ്യപ്പെട്ടത്. ഒന്നിനെക്കുറിച്ചും ആകുലചിന്തകൂടാതെ നടന്നിരുന്ന സിന്പയ്ക്ക് അതു ചിന്തിക്കാൻപോലും സാധ്യമായിരുന്നില്ല.
എന്നാൽ, ആകുലചിന്ത കൂടാതെ ജീവിക്കാൻവേണ്ടി ജീവിതത്തിൽനിന്ന് ഒളിച്ചോടുന്നതു ശരിയല്ലെന്നു സിന്പയ്ക്ക് ബോധ്യംവന്നു. അങ്ങനെയാണ് പ്രതിബന്ധങ്ങൾ മുന്നിൽ കണ്ടിട്ടും തന്റെ കടമ നിർവഹിക്കാൻ സ്വന്തം കാട്ടിലേക്കു മടങ്ങിയത്.
ഒന്നിനെക്കുറിച്ചും ആകുലചിന്തകൂടാതെ ജീവിക്കാൻ സാധിച്ചാൽ അത് നല്ലകാര്യംതന്നെ. എന്നാൽ, ജീവിതത്തിലെ കടമകൾ വിസ്മരിച്ചുകൊണ്ടാണ് അങ്ങനെ ജീവിക്കുന്നതെങ്കിൽ വലിയ അബദ്ധംതന്നെ. അങ്ങനെ ചെയ്യുന്നവർ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നവരാണെന്നതിൽ സംശയം വേണ്ട.
സിന്പയെ സംബന്ധിച്ചിടത്തോളം അവന്റെ ബാല്യകാലം ദുഃഖപൂർണമായിരുന്നു. തന്മൂലം അതെല്ലാം മറന്ന് പുതിയ കൂട്ടുകാരോടൊപ്പം ആടിപ്പാടി നടക്കാനായിരുന്നു അവനിഷ്ടം. അപ്പോഴാണ് അവന് ഉപദേശകനായി പ്രത്യക്ഷപ്പെടുന്ന റഫീക്കി എന്ന ആൾക്കുരങ്ങ് ഇപ്രകാരം പറഞ്ഞത്, “ഭൂതകാലം നമ്മെ വേദനിപ്പിക്കാം. എന്നാൽ, ഞാൻ കാണുന്നതനുസരിച്ച്, നിനക്ക് അതിൽനിന്ന് ഓടിയൊളിക്കാനോ അല്ലെങ്കിൽ പാഠം പഠിക്കാനോ സാധിക്കും.’’
വേദനിപ്പിക്കുന്ന ഒരു ഭൂതകാലം നമുക്കുണ്ടെങ്കിൽ അതിൽനിന്ന് ഓടിയൊളിക്കാനായിരിക്കും പലപ്പോഴും നമ്മുടെ ശ്രമം. എന്നാൽ, അതല്ല ശരിയായ വഴി. റഫീക്കി സൂചിപ്പിക്കുന്നതുപോലെ, ഭൂതകാലത്തിൽനിന്നു പാഠം പഠിച്ചു മുന്നോട്ടുപോകുകയാണു നാം ചെയ്യേണ്ടത്. സിന്‍പ ചെയ്തതും അതുതന്നെയാണ്. അങ്ങനെയാണ് സിന്‍പ ജീവിതത്തിൽ വിജയം കണ്ടെത്തിയതും.
ജീവിതത്തിൽ ആകുലചിന്തകൾ ഇല്ലാതിരിക്കുന്നത് ഏറെ നല്ലത്. എന്നാൽ, ജീവിത കടമകൾ മറക്കാനുള്ള കുറുക്കുവഴിയായി അതു നാം കണ്ടാൽ നമ്മുടെ ജീവിതം പരാജയപ്പെടുകതന്നെ ചെയ്യും.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ