തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
Sunday, September 17, 2023 1:35 AM IST
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ്രുവരി 11. അന്നാണ് സൗത്ത് ആഫ്രിക്കയിലെ സ്വാതന്ത്ര്യസമര നേതാവായിരുന്ന നെൽസണ് മണ്ടേല (1918-2013) ഇരുപത്തിയേഴു വർഷത്തെ തടവിനു ശേഷം മോചിക്കപ്പെട്ടത്. ലോകമെന്പാടുമുള്ള സമാധാനപ്രേമികളായ മനുഷ്യർ ആകാംക്ഷാപൂർവം കാത്തിരുന്ന ദിവസമായിരുന്നു അത്. അങ്ങനെ കാത്തിരുന്നവരുടെ കൂടെ അമേരിക്കൻ മുൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റണും ഉണ്ടായിരുന്നു. എന്നാൽ, അന്നു ക്ലിന്റണ് പ്രസിഡന്റ് പദത്തിൽ എത്തിയിരുന്നില്ല.
ക്ലിന്റണും മണ്ടേലയും ആദ്യം കണ്ടുമുട്ടുന്നത് 1992ൽ നടന്ന ഡെമോക്രാറ്റിക് നാഷണൽ കണ്വൻഷനിലായിരുന്നു. സൗത്ത് ആഫ്രിക്കയിലെ കറുത്ത വംശജരുടെ പോരാട്ടത്തിൽ ഡെമോക്രാറ്റിക് പാർട്ടി നൽകിയ പിന്തുണയ്ക്കു നന്ദി പറയാൻ എത്തിയതായിരുന്നു മണ്ടേല അന്ന്. എന്നാൽ, ആ കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ മണ്ടേല ക്ലിന്റന്റെ ഹീറോ ആയി മാറിയിരുന്നു. തന്മൂലമാണ് മണ്ടേല ജയിലിൽനിന്നു മോചിതനാകുന്നതു കാണാൻ മകൾ ചെൽസയെ രാത്രി മൂന്നിനു വിളിച്ചെഴുന്നേല്പിച്ചു ടെലിവിഷന്റെ മുന്പിൽ ഇരുത്തിയത്.
ഈ സംഭവം മണ്ടേലയോടു വിവരിച്ചശേഷം ക്ലിന്റണ് പറഞ്ഞു, “അങ്ങ് ജയിലിൽനിന്നിറങ്ങി നടുമുറ്റത്തുകൂടെ നടന്നു ഗേറ്റിലേക്കു വരുന്പോഴേക്കും കാമറക്കണ്ണുകൾ മുഴുവൻ ഫോക്കസ് ചെയ്തിരുന്നത് അങ്ങയുടെ മുഖത്തായിരുന്നു. അന്ന് അങ്ങയുടെ മുഖത്തു പ്രതിഫലിച്ചതുപോലുള്ള കോപം ആരുടെയും മുഖത്ത് അതുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു.’’
ഇത്രയും പറഞ്ഞശേഷം ക്ലിന്റണ് ചോദിച്ചു: “എന്തുകൊണ്ടാണ് അങ്ങ് അപ്പോൾ അത്രമാത്രം കോപിഷ്ഠനായിരുന്നത്?’’ ഉടനെ മണ്ടേലയുടെ മറുപടി: “എന്റെ കോപം നിങ്ങൾ കണ്ടുവെന്നത് എന്നെ അതിശയിപ്പിക്കുന്നു. കാമറക്കണ്ണുകൾ എന്റെ കോപം ഒപ്പിയെടുത്തതിനെക്കുറിച്ചു ഞാൻ ഖേദിക്കുന്നു.”
തെല്ലിട നിശബ്ദതയ്ക്കു ശേഷം മണ്ടേല തുടർന്നു, “ആ നടുമുറ്റത്തുകൂടി നടന്നുപോകുന്പോൾ എന്റെ വിചാരം ഇങ്ങനെയായിരുന്നു, എന്നിൽനിന്ന് എല്ലാം അവർ കവർന്നെടുത്തു. എന്റെ പ്രസ്ഥാനം തകർന്നു. എന്റെ സുഹൃത്തുക്കളേറെയും കൊല്ലപ്പെട്ടു. ഇപ്പോൾ അവർ എന്നെ മോചിതനാക്കുന്നു. എന്നാൽ, എനിക്കു ബാക്കിയായി ഒന്നും അവശേഷിക്കുന്നില്ല. ഇങ്ങനെയൊരു ചിന്ത ഉണ്ടായതുകൊണ്ടാണ് എന്നെ നശിപ്പിച്ച അവരോട് എനിക്കു വെറുപ്പും കോപവുമുണ്ടായത്.’’
മണ്ടേലയുടെ വാക്കുകൾ ക്ലിന്റണ് ശ്രദ്ധാപൂർവം കേട്ടിരിക്കുന്പോൾ അദ്ദേഹം തുടർന്നു, “എന്നാൽ, അല്പം കഴിഞ്ഞപ്പോൾ എന്റെ ഉള്ളിൽനിന്ന് ഒരു സ്വരം ഞാൻ കേട്ടു, നെൽസണ്, ഇരുപത്തിയേഴു വർഷം നീ അവരുടെ തടവുകാരനായിരുന്നു. എന്നാൽ, നീ എപ്പോഴും ഒരു സ്വതന്ത്രമനുഷ്യനായിരുന്നു. നീ ഇപ്പോൾ സ്വതന്ത്രനാകുന്പോൾ വീണ്ടും അവരുടെ തടവുകാരനാകാൻ അനുവദിക്കരുത്.’’
തടവിൽനിന്നു മോചിതനായ ശേഷം അദ്ദേഹം പിന്നീടൊരിക്കലും തന്റെ ശത്രുക്കളുടെ തടവുകാരനാകാൻ തയാറാ യില്ല. അതിന് അദ്ദേഹം ചെയ്തത് എന്താണെന്നോ? തന്നെ തടവിലാക്കിയവരെയും അവർക്കു കൂട്ടുനിന്നവരെയും പിന്നീട് അദ്ദേഹം ശത്രുക്കളായി കണ്ടില്ല. അവരോടു ക്ഷമിച്ചു. മണ്ടേല ക്ലിന്റനോട് ഇപ്രകാരം പറഞ്ഞു, “നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’’
മണ്ടേല ഇപ്രകാരം പറയുക മാത്രമല്ല, പറഞ്ഞതുപോലെ പ്രവർത്തിക്കുകയും ചെയ്തു. 1994ലെ തെരഞ്ഞെടുപ്പിലൂടെ മണ്ടേല അധികാരത്തിലെത്തിയപ്പോൾ വെള്ളക്കാരോട് അദ്ദേഹം സ്വീകരിച്ച നയം അനുരഞ്ജനത്തിന്റേതായിരുന്നു. അദ്ദേഹം രൂപീകരിച്ച കൂട്ടുഗവണ്മെന്റിൽ വെള്ളക്കാരനായ മുൻ പ്രസിഡന്റും അംഗമായിരുന്നു. ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോഴാണ് അദ്ദേഹം ഇപ്രകാരം ചെയ്തതെന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ മാറ്റ് കൂട്ടുന്നു.
മണ്ടേല പ്രസിഡന്റായി സ്ഥാനമേൽക്കുന്ന അവസരത്തിൽ വിശിഷ്ടാതിഥികളായി അദ്ദേഹം ക്ഷണിച്ചവരുടെ ഗണത്തിൽ അദ്ദേഹത്തെ തടവിലിട്ട പാർട്ടിയുടെ നേതാക്കളും ജയിലിൽ അദ്ദേഹത്തോട് ആദരവില്ലാതെ പെരുമാറിയ ജയിൽ സൂപ്പർവൈസർമാരും ഉൾപ്പെട്ടിരുന്നു. അതായത്, മറ്റുള്ളവരോടു ക്ഷമിക്കുന്ന കാര്യത്തിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നുവെന്നു വ്യക്തം.
നാലു വർഷം മാത്രമേ മണ്ടേല പ്രസിഡന്റ് പദവിയിലിരുന്നുള്ളൂ. അതേത്തുടർന്ന് തന്റെ അനുയായികളിലൊരാളെ ആ ചുമതല ഏല്പിച്ചു. 1993ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഉൾപ്പെടെ 260 അവാർഡുകൾ അദ്ദേഹം നേടിയത് അധികാരത്തിന്റെ ചെങ്കോൽ വഹിച്ചതുകൊണ്ടല്ല, പ്രത്യുത അനുരഞ്ജനത്തിന്റെയും സേവനത്തിന്റെയും പ്രവാചകനായി മാറിയതുകൊണ്ടാണ്.
സഹിക്കാവുന്നതിലേറെയായിരുന്നു അദ്ദേഹത്തിനു നേരിട്ട ക്ലേശങ്ങളും നഷ്ടങ്ങളും. എന്നാൽ, അതിന്റെ പേരിൽ മണ്ടേല ആരോടും പകവീട്ടാൻ പോയില്ല. അദ്ദേഹം എല്ലാവരോടും ക്ഷമിച്ചു. അങ്ങനെയാണ് അദ്ദേഹം യഥാർഥത്തിൽ സ്വതന്ത്രനായത്. അതായത്, വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ അടിമയാകാൻ അദ്ദേഹം സ്വയം അനുവദിച്ചില്ല എന്നു സാരം.
നാം സ്വതന്ത്ര മനുഷ്യരാണെന്ന് അവകാശപ്പെട്ടേക്കാം. എന്നാൽ, അതു യാഥാർഥ്യമാകണമെങ്കിൽ മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ എന്ന പോലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പകയുടെയും അസൂയയുടെയുമൊന്നും അടിമകളായിക്കൂടാ. ക്ഷമിക്കുന്നതിനും മറക്കുന്നതിനും പകരം വെറുപ്പിനും പ്രതികാരത്തിനും ഇറങ്ങിപ്പുറപ്പെട്ടാൽ തന്റെ യഥാർഥ സ്വാതന്ത്ര്യം നഷ്ടമാകുമെന്നു മണ്ടേല മനസിലാക്കി. അതാണ് അനുരഞ്ജനത്തിന്റെ പാതയിലേക്ക് അദ്ദേഹത്തെ നയിച്ചത്.
‘ഫൊർഗീവ് ആൻഡ് ഫൊർഗെറ്റ്’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ലൂവിസ് സ്മീഡ്സ് പറയുന്നു, “ക്ഷമിക്കുക എന്നു പറഞ്ഞാൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കുക എന്നാണർഥം. ആ തടവുകാരനാകട്ടെ ക്ഷമിക്കുന്നതിനു മുന്പുള്ള വ്യക്തിയും.’’ മറ്റുള്ളവരോടു ഹൃദയപൂർവം ക്ഷമിക്കുന്പോഴാണ് തടവറയിൽനിന്നു നാം മോചിതരാകുക.
നാം ക്ഷമിക്കുന്നില്ലെങ്കിലോ? അപ്പോൾ നാം പകയുടെയും പ്രതികാരത്തിന്റെയുമൊക്കെ തടവുകാരായി തുടരുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ