പ്രവീണും താരം താടിയും താരം
Sunday, May 1, 2022 12:11 AM IST
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. അതോടെ ഐടി കന്പനി വിട്ടു. ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള താടിക്കാരൻ എന്ന ഖ്യാതി പ്രവീണ്‍ സ്വന്തമാക്കിയിരിക്കുന്നു.
മുടി പറ്റെ വെട്ടിയൊതുക്കിയ പെണ്‍കുട്ടികളും മുടി നീട്ടി വളർത്തുന്ന ആണ്‍കുട്ടികളുമൊക്കെ ഇക്കാലത്തെ പതിവു കാഴ്ചകളാണ്. എന്നാൽ ഒരു മീറ്ററിൽ കൂടുതൽ നീളത്തിൽ ദീക്ഷ അഥവ താടി വളർത്തി അലങ്കാരമാക്കിയിരിക്കുന്നു പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വർ.
അന്തർദേശീയ താടിനീള മത്സരത്തിലെ രണ്ടാം സ്ഥാനക്കാരനാണ് പ്രവീണ്‍. വെറുതെയൊരു ദിവസം തുടങ്ങിയതല്ല ഇത്തരമൊരു വിനോദം.
ഒന്‍പതു വർഷം മുന്‍പ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കാനുള്ള ആഗ്രവുമായി എത്തിയപ്പോൾ താടിയില്ലെന്ന കാരണത്താൽ അവസരം കിട്ടാതെ പോയ വേളയിൽ എടുത്ത തീരുമാനമാണ്. ഒപ്പം താടി എത്രവരെ നീളും എന്നറിയാനുള്ള ആകാംഷയും വാശിയും. ദീക്ഷ മതാചാരമായി വളർത്തുന്ന സിക്കു സമുദായക്കാരെയും ആശ്രമങ്ങളിലെ സന്യാസവര്യൻമാരെയുമൊക്കെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും നീളമുള്ള താടിക്കാരൻ എന്ന പെരുമ പ്രവീണ്‍ സ്വന്തമാക്കിയിരിക്കുന്നു.
സിനിമയിൽ അവസരം കിട്ടാതെ പോയ ദിവസം എന്നേക്കുമായി അവസാനിപ്പിച്ചതാണ് ഷേവിംഗ്. അതിനുശേഷം ഇന്നേവരെ ഷേവ് ചെയ്തിട്ടില്ല, വളർന്നുകൊണ്ടേയിരിക്കുന്ന ദീക്ഷ വെട്ടിയൊതുക്കിയിട്ടുമില്ല. വളർന്ന് മുട്ടോളമെത്തിയതിനാൽ ദിവസേന ചീകി മിനുക്കി വൃത്തിയായി സൂക്ഷിക്കുന്നു. നിലവിൽ നാൽപത്തി മൂന്ന് ഇഞ്ച് നീളമുള്ള താടിയുമായി നാഷണൽ ബിയേഡ് ചാന്പ്യനാണ് പ്രവീണ്‍. കുടുംബത്തിൽ അമ്മാവൻമാർക്കൊക്കെ നീളൻ താടിയുണ്ടായിരുന്നു. അങ്ങനെയാണ് താടിയോടുള്ള ഇഷ്ടം പ്രവീണിനു തുടങ്ങിയത്. പഠന സമയത്ത് പൊടിത്താടിയും കുറ്റിത്താടിയുമൊക്കെ വച്ചിട്ടുണ്ടെങ്കിലും താടി അലങ്കാരമാക്കിയിട്ട് ഒൻപത് വർഷമാകുന്നു.
പഠനശേഷം ഐടി മേഖലയിൽ ജോലിക്കു കയറിയപ്പോൾ താടി വളർത്താൻ സ്ഥാപനം അനുവദിച്ചില്ല. ഒന്നുകിൽ ക്ലീൻ ഷേവ്, അതല്ലെങ്കിൽ വെട്ടിയൊതുക്കിയ മീശ എന്നതായിരുന്നു അവരുടെ നിലപാട്. അതോടെ ഐടി കന്പനി വിട്ടു ആനിമേഷൻ സ്റ്റുഡിയോയിൽ ജോലിക്കു കയറി. വീട്ടുകാർക്കും താടി വളർത്തുന്നതിനോട് ആദ്യം താത്പര്യമില്ലായിരുന്നു. പിന്നീട് താടി വളർത്താൻ രണ്ടും കൽപിച്ചൊരു തീരുമാനമെടുത്തു.
താടി വളർത്താൻ എളുപ്പമാണെങ്കിലും അത് ഭംഗിയായും ഭദ്രമായും സംരക്ഷിക്കുക യെന്നത് ശ്രദ്ധയും സമയവും വേണ്ട ഉത്തരവാദിത്വമാണെന്ന് പ്രവീണ്‍ പറയുന്നു. പ്രത്യേകിച്ച് യാത്രകളും വെള്ളം മാറിയുള്ള കുളിയും ഒക്കെയാകുന്പോൾ വലിയ തടസമാണ്. താടിയിൽ എണ്ണ ഉപയോഗിക്കാറില്ല.
രണ്ടു മൂന്നു ദിവസം കൂടുന്പോൾ ഷാംപൂ ഉപയോഗിക്കും. കണ്ടീഷണറും ഉപയോഗിക്കാറുണ്ട്. അതിനുശേഷം ഹെയർ സിറം ഉപയോഗിക്കും.
ദീക്ഷയിൽ കുരുക്കുകൾ ഒഴിവാകാൻ സിറം നല്ലതാണ്. ബൈക്കിൽ യാത്ര ചെയ്യുന്പോൾ മുടിയും താടിയും നല്ലതു പോലെ കെട്ടിവച്ചില്ലെങ്കിൽ റഫ് ആകും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കും. ദിവസം അരമണിക്കൂറെങ്കിലും താടി ചീകിയൊതുക്കി ഭംഗിയായി കെട്ടിയൊരുക്കാൻ വേണ്ടിവരും. അത്ര സാധാരണമല്ലാത്ത കാഴ്ചയാണ് മുട്ടോളം നീളമുള്ള താടി എന്നതിനാൽ എവിടേക്കു പോയാലും എല്ലാവരുടെയും നോട്ടം പ്രവീണിലേക്കായിരിക്കും. ഇദ്ദേഹത്തിന്റെ ഹയർസ്റ്റൈലിലുമുണ്ട് കൗതുകം.
ചിലർ അതിശയത്തോടെയും കൗതുകത്തോടെയും നോക്കും. മറ്റു ചിലർ ചിരിക്കും. ഇത് എന്തോന്ന് സ്റ്റൈൽ എന്ന മട്ടിൽ ചിലർ അവഗണിച്ചു കടന്നുപോകും.
സംഗതി ഒറിജിനലാണോ എന്ന ആകാംഷയിൽ കുട്ടികളും യുവാക്കളും താടിയിൽ തൊട്ടും തലോടിയും അടുത്തുകൂടും. ചിലർക്ക് നീളം അളന്നുനോക്കാനാണ് കൗതുകം. ഭംഗിയായി ഒരുക്കിയ ദീക്ഷയ്ക്ക് പ്രത്യേകമായ ഭംഗിയുണ്ടെന്നാണ് അടുപ്പക്കാർ പറയുന്നത്. ഇത്ര ശ്രദ്ധയോടെ എങ്ങനെയാണിതു സൂക്ഷിക്കുന്നതെന്നാണ് എല്ലാവർക്കും അറിയേണ്ടത്.
താടിയുടെ നീളത്തിൽ അടുത്ത വർഷം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള ശ്രമത്തിലാണ് പ്രവീണ്‍. താടിവളർത്തലിനിടയിൽ സിനിമാ രംഗത്തും പ്രവീണ്‍ തനതായ ശ്രദ്ധനേടിയെടുത്തു. സണ്‍ഡേ ഹോളിഡേ, ഷെർലക് ടോംസ്, ഗാനഗന്ധർവൻ തുടങ്ങി പതിനഞ്ചോളം മലയാള സിനിമയിലും രണ്ടു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
വിവിധ സിനിമകളുടെ സംവിധാന മേഖലയിലും പ്രവർത്തിച്ചു. അടൂരിനടുത്ത് കൊടുമണ്‍ സ്വദേശിയാണ് പ്രവീണ്‍. അച്ഛൻ പരമേശ്വര കുറുപ്പ്. അമ്മ ഇന്ദിരാദേവി. സഹോദരി പ്രിയ. അടുത്തവർഷം വേൾഡ് ലൈവ് ചാന്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് പ്രവീണ്‍.
ജിബിൻ കുര്യൻ