പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടിച്ചവരിൽ സംഗീതചക്രവർത്തി എ.ആർ. റഹ്മാൻ വരെയുണ്ടായിരുന്നു. ആൽബങ്ങളിലും സിനിമകളിലും പാടി പ്രതിഭ ആവർത്തിച്ച ബിബിനു മുന്പിൽ പാട്ടിന്റെ വഴികളിലെ അനേകം അവസരങ്ങളുടെ ജാലകങ്ങളാണ് തുറന്നിടപ്പെട്ടത്
എന്തിനാണച്ചാ താങ്കൾ അച്ചൻ അച്ചനാകാൻ പോയത്. പാട്ടിന്റെ ലോകത്ത് തിളങ്ങി നിൽക്കാവുന്ന കരിയർ നഷ്ടപ്പെടുത്തിയത് എന്തിനായിരുന്നു...?
സെമിനാരിയിൽ പ്രവേശിച്ച നാളുകളിൽ മാത്രമല്ല, പൗരോഹിത്യം സ്വീകരിച്ചശേഷവും ബിബിനച്ചനോട് പലരും ഇതേ ചോദ്യം തുടർന്നു. മനസുകളെ കീഴടക്കുന്ന സ്വതസിദ്ധമായ നിറചിരിയാണ് ചോദ്യങ്ങൾക്കുള്ള അച്ചന്റെ മറുപടി.
പൗരോഹിത്യവും പാട്ടും എനിക്കിപ്പോഴും ചങ്കാണു ബ്രോ.. ബിബിനച്ചൻ പൂർത്തിയാക്കുന്പോഴേക്കും ആ നിറചിരിയുടെ നിലാവ് ചോദ്യകർത്താക്കളിലേക്കും പടരും. അനന്തരം പൗരോഹിത്യത്തിന്റെ പരിശുദ്ധിയും പാട്ടുവിശേഷങ്ങളുമായി അച്ചൻ വാചാലനാകും.
പാട്ട്- പൗരോഹിത്യം
പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയതാണു ബിബിൻ ജോർജിനെ ശ്രദ്ധേയനാക്കിയത്. അന്നു കൈയടിച്ചവരിൽ സംഗീതചക്രവർത്തി എ.ആർ. റഹ്മാൻ വരെയുണ്ടായിരുന്നു. ആൽബങ്ങളിലും സിനിമകളിലും പാടി പ്രതിഭ ആവർത്തിച്ച ബിബിനു മുന്പിൽ പാട്ടിന്റെ വഴികളിലെ അനേകം അവസരങ്ങളുടെ ജാലകങ്ങളാണ് തുറന്നിടപ്പെട്ടത്.
എങ്കിലും, പൗരോഹിത്യത്തിന്റെ വിശുദ്ധിയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ ബിബിൻ 2022 ഡിസംബറിൽ ഫാ. ബിബിൻ ജോർജ് തറേപ്പറന്പിലായി. ഇപ്പോൾ കൊച്ചി രൂപതയിലെ തീർഥാടന കേന്ദ്രമായ അരൂക്കുറ്റി സെന്റ് ആന്റണീസ് പള്ളിയിൽ (പാദുവാപുരം) സഹവികാരിയാണ്. സ്വരമാധുരികൊണ്ട് അനുഗ്രഹീതനായ കൊച്ചച്ചൻ സോഷ്യൽ മീഡിയയിലും മിന്നുംതാരമാണ്.
മൂന്നാം വയസിലെ മൂളിപ്പാട്ട്
പള്ളുരുത്തി തറേപ്പറന്പിൽ പരേതനായ ജോർജിന്റെയും ബേബിയുടെയും മൂന്നാമത്തെ മകനാണു ഫാ. ബിബിൻ. കുഞ്ഞിനെ ഉദരത്തിലേറ്റിയ നാളുകളിൽ, ഏതെങ്കിലും മേഖലയിലെ പ്രതിഭയാകുന്ന മകനെ തരണമെന്ന് വിശുദ്ധ അന്തോനീസിന്റെ കുരിശടിയിൽ പോയി പ്രാർഥിക്കുന്ന പതിവുണ്ടായിരുന്നു ടൈപ്പിസ്റ്റായിരുന്ന അമ്മ ബേബിക്ക്.
മൂന്നാം വയസിൽ മൂളിപ്പാട്ടു പാടി പാട്ടുലോകത്തിലേക്ക് മകൻ ചുവടുവച്ചു. സംഗീതത്തിലാണു മകന്റെ പ്രതിഭയെന്നറിഞ്ഞ അമ്മ അവനെ ഏറെ പ്രോത്സാഹിപ്പിച്ചു. നാട്ടിലും പുറത്തും സാധിക്കുന്ന എല്ലാ പാട്ടുമത്സരങ്ങളിലും പങ്കെടുപ്പിച്ചു.
ഗാനഗന്ധർവൻ യേശുദാസ് പഠിച്ച തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസ് മുതൽ പ്രശസ്തനായ രാമൻകുട്ടി ഭാഗവതർക്കു കീഴിൽ ശാസ്ത്രീയ സംഗീത പഠനം. സ്കൂളിലെ ചന്ദ്രിക ടീച്ചറും ബിബിനിലെ പാട്ടുകാരനെ ആവോളം പ്രോത്സാഹിപ്പിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ പല തവണ ലളിതഗാനത്തിൽ എ ഗ്രേഡു നേടിയിരുന്നു. പ്ലസ് ടു പഠനകാലത്ത് ഏതാനും ഭക്തിഗാന ആൽബങ്ങളിൽ പാടി.
ഡിഗ്രിക്കു പഠിക്കുന്പോൾ പാട്ടിന് അവധി കൊടുത്തു. തുടർന്നാണ് ചാനലിലെ ഇന്ത്യൻ വോയ്സ് എന്ന സംഗീത റിയാലിറ്റി ഷോയുടെ ആദ്യ സീസണിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യറൗണ്ടിൽ തന്നെ വിധികർത്താക്കളുടെയും പ്രേക്ഷകരുടെയും അഭിനന്ദനങ്ങൾ നേടി. ശങ്കർ മഹാദേവൻ, സുജാത, ശ്രീനിവാസ് തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ.
മത്സരത്തിൽ എ. ആർ. റഹ്്മാന്റെ പാട്ടുകൾ ഉൾപ്പെടുത്തിയുള്ള റൗണ്ടിൽ ബിബിന്റെ പാട്ട് ആസ്വാദകരെ ആകർഷിച്ചു. ബിബിനെയും പാട്ടു മികവിനെയും ശ്രീനിവാസാണു എ.ആർ. റഹ്മാനു പരിചയപ്പെടുത്തിയത്.
റിയാലിറ്റി ഷോയിലെ മികച്ച പ്രകടനം ബിബിനു സിനിമയിലേക്കു വഴി തുറന്നു. ജാസി ഗിഫ്റ്റിന്റെ പാട്ടിനു ശബ്ദം നൽകി. തമിഴ് സിനിമയിൽ വൈരമുത്തു- ശ്രീനിവാസ് ടീം ഒരുക്കിയ താരാട്ടുപാട്ട് പാടാൻ ബിബിനായിരുന്നു നിയോഗം. ഈ പാട്ടിന്റെ ഓഡിയോ റിലീസിംഗിൽ എ.ആർ. റഹ്മാനുമായി നടത്തിയ കൂടിക്കാഴ്ച ഫാ. ബിബിന് അവിസ്മരണീയ മുഹൂർത്തമായിരുന്നു.
വഴിത്തിരിവായതും പാട്ടുവേദിയിൽ
എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ എം.കോം പൂർത്തിയാക്കിയശേഷമാണ് സെമിനാരിയിലേക്കുള്ള ചുവടുവയ്പ്. പത്താം ക്ലാസും പ്ലസ്ടു വും പൂർത്തിയാക്കിയപ്പോൾ പൗരോഹിത്യമോഹം വീട്ടുകാരുമായി പങ്കുവച്ചിരുന്നെങ്കിലും പിന്നീടാവട്ടെ തീരുമാനം എന്നായിരുന്നു മറുപടി.
സുഹൃത്തിന്റെ പുരോഹിതവസ്ത്ര സ്വീകരണ വേളയിൽ ഗായകസംഘത്തിനൊപ്പം പാടിക്കൊണ്ടിരിക്കുന്പോഴാണ്, തന്റെ വഴിയും ജീവിതവും പൗരോഹിത്യത്തിലാണെന്ന ഉറച്ച ഉൾവിളി ബിബിനുണ്ടാകുന്നത്. ഏറെ പ്രാർഥിച്ചശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചു.
വൈകാതെ കൊച്ചി രൂപതയുടെ സെമിനാരിയിലേക്ക്. പിജി വരെ പഠിച്ചശേഷമായിരുന്നതിനാൽ എട്ടു വർഷംകൊണ്ടു പൗരോഹിത്യ പരിശീലനം പൂർത്തിയാക്കി.
പൗരോഹിത്യത്തിന്റെ ആഴവും അനന്യതയും തിരിച്ചറിയാത്തവരിപ്പോഴും അതിലേക്കുള്ള പ്രവേശത്തിനു ഫാ. ബിബിനെ കുറ്റപ്പെടുത്തുന്നുണ്ട്. അവരെ അതിന്റെ പാട്ടിനു വിടുകയാണ് ബിബിനച്ചൻ. പൗരോഹിത്യജീവിതത്തിലും പാട്ടിന്റെ വഴികൾ നഷ്ടമായിട്ടില്ലെന്ന് പറയുന്ന ഫാ. ബിബിൻ ഈ രംഗത്തു പുതിയ ഉദ്യമങ്ങൾക്കുള്ള ശ്രമങ്ങളിലുമാണ്.
ഇന്ത്യൻ- ഗ്രിഗോറിയൻ സംഗീതശാഖകളെ സമന്വയിപ്പിച്ചുള്ള ക്രിസ്ത്യൻ വേ ഓഫ് മ്യൂസിക് തെറാപ്പി രൂപപ്പെടുത്താനുള്ള ദൗത്യം മനസിലുണ്ട്. കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയിലും വൈദികരും കുടുംബാംഗങ്ങളും പാട്ടിലും വലിയ പ്രോത്സാഹനം നൽകുന്നു.
പൗരോഹിത്യജീവിതത്തിൽ പാട്ടിന് പുത്തനീണം പകരുന്ന ഫാ. ബിബിൻ ജോർജ് തറേപ്പറന്പിലിന്റെ ശബ്ദമാധുരിയും സ്നേഹഭാഷണവും അനേകർക്ക് പ്രത്യാശ പകരുന്നു.
സിജോ പൈനാടത്ത്