സിനിമാലോകത്ത് ഭാവുകത്വം സൃഷ്ടിച്ച ചിത്രമാണ് തോപ്പിൽ ഭാസിയുടെ സംവിധാനത്തിൽ 1973-ൽ പുറത്തിറങ്ങിയ ഏണിപ്പടികൾ. തകഴിയുടെ ഏണിപ്പടികൾ എന്ന നോവലായിരുന്നു പ്രമേയം. പ്രണയത്തെ ഏണിപ്പടിയാക്കി ഉയരങ്ങൾ ചവിട്ടിക്കയറിയ കേശവപിള്ള എന്ന സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതം വലിയ അന്പരപ്പാണ് പ്രേക്ഷകരിൽ സൃഷ്ടിച്ചത്. തകഴിയുടെ മാറ്റുരച്ച ഒരു കഥാപാത്രം കൂടിയാണ് കേശവപിള്ള. ഏണിപ്പടികളുടെ നിർമാണത്തിനു ചുക്കാൻപിടിച്ചത് മുൻകാല രാഷ്ട്രീയനേതാവും മുഖ്യമന്ത്രിയുമായ പികെവി എന്ന പി.കെ. വാസുദേവൻ നായരാണ്.
സിനിമയും സിപിഐ നേതാവായ പി.കെ.വിയും തമ്മിൽ എന്നാണ് ബന്ധമുണ്ടായെന്ന ചോദ്യത്തിനു മുൻപൊരിക്കൽ അദ്ദേഹം മറുപടി പറഞ്ഞു. ‘കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന സമൂഹത്തെ ഉയിർത്തെഴുന്നേൽപ്പിക്കാൻ രൂപംകൊണ്ട ഇടതു പ്രസ്ഥാനത്തിന് കലയിലും സിനിമയിലും നിന്ന് ഒഴിഞ്ഞുനില്ക്കാൻ കഴിയില്ല. കെപിഎസിയുടെ തുടക്കം തന്നെ അതിന്റെ തെളിവാണ്.
കെപിഎസിയുടെ വിജയമാണ് ഞങ്ങളെ കെപിഎസി ഫിലിംസ് എന്ന ചലച്ചിത്ര നിർമാണ കന്പനിയിലേക്കു എത്തിച്ചതും. നാടകങ്ങളെക്കാൾ സിനിമയ്ക്കു വിപുലമായ പ്രേക്ഷക സമൂഹമാണുള്ളത്. സിനിമയുടെ സ്വാധീനവും ശക്തമാണ്. കെപിഎസി ഫിലിംസിന്റെ ആദ്യ സിനിമയായിരുന്നു ഏണിപ്പടികൾ. രണ്ടാമത്തെ സിനിമ നീലക്കണ്ണുകൾ. പി.കെ.വി തന്നെയായിരുന്നു നിർമാണ കന്പനിയുടെ ചെയർമാൻ. ഞങ്ങളുടെ ആശയങ്ങളുമായി പുലർത്തിയ സമാനതയാണ് ഏണിപ്പടികൾ നോവലിന്റെ പ്രത്യേകത. ഇടതുപക്ഷ പിൻബലമുള്ള നിർമാണ കന്പനിയാണെങ്കിലും സിനിമയ്ക്കു രാഷ്ട്രീയ ചായ്വൊന്നും നല്കിയില്ല.’- പി.കെ.വി. പറഞ്ഞു.
തോപ്പിൽഭാസി കഥയും തിരക്കഥയും എഴുതി ചലച്ചിത്രതാരം മധു സംവിധാനം ചെയ്ത നീലക്കണ്ണുകൾ തേയില തോട്ടം തൊഴിലാളികളുടെ കഥയാണ്. കൊളുന്തു നുള്ളുന്ന തൊഴിലാളികളുടെ യാതനകളും മോഹങ്ങളും നേരിടുന്ന ചൂഷണങ്ങളും അവതരിപ്പിച്ചിരുന്നു. അതേക്കുറിച്ച് പി.കെ.വി പറഞ്ഞിങ്ങനെ: ‘മരിക്കാൻ ഞങ്ങൾക്കു മനസില്ല എന്ന വിപ്ലവഗാനം നീലക്കണ്ണുകൾ എന്ന സിനിമയിലേതാണ്. വയലാർ രചിച്ച് ജി. ദേവരാജൻ സംഗീത നല്കിയ ഗാനം ജനലക്ഷങ്ങളാണ് പിൽക്കാലത്ത് ഏറ്റുപാടിയത്. സിനിമ പക്ഷേ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ശരാശരി കളക്ഷനേ ലഭിച്ചുള്ളു.’
ഏണിപ്പടികൾ വൻ ഹിറ്റായിരുന്നു, നീലക്കണ്ണുകളും നല്ല ചിത്രമായിരുന്നു. കെപിഎസി ഫിലിംസ് പിന്നീട് പുതിയ സിനിമകൾ ഒന്നും എടുത്തില്ല.
‘നാടകം പോലെയല്ല സിനിമാ നിർമാണം. വായ്പയെടുത്താണ് ഞങ്ങൾ സിനിമകൾ നിർമിച്ചത്. കടം തീർത്തു കഴിഞ്ഞപ്പോൾ മിച്ചമുണ്ടായിരുന്നില്ല. സ്വന്തമായി വിതരണ കന്പനി ഇല്ലാതിരുന്നതും പോരായ്മയായിരുന്നു. വെല്ലുവിളികൾ നിറഞ്ഞ മേഖലയാണ് സിനിമ നിർമാണം. കച്ചവട കണ്ണുണ്ടെങ്കിലെ നിലനില്ക്കാൻ കഴിയൂ. ഞങ്ങൾക്കത് ഉണ്ടായിരുന്നില്ല. എന്നാൽ നല്ല ചിത്രങ്ങൾ ജനങ്ങൾക്കു നല്കുകയെന്ന ലക്ഷ്യം ഞങ്ങൾ നിറവേറ്റുകയും ചെയ്തു.’ പി.കെ.വി. പറഞ്ഞു.
എസ്. മഞ്ജുളാദേവി