Voice of റാഫി
Sunday, July 2, 2023 7:43 AM IST
റിംഗ് മാസ്റ്ററിനുശേഷം ദിലീപിനെ നായകനാക്കി ഒരുക്കിയ വോയ്സ് ഓഫ് സത്യനാഥന് കോമഡി എന്റര്‍ടെയ്നറാണെന്ന് സംവിധായകന് റാഫി. ദിലീപ്-ജോജു കോംബോയാണ് ചിത്രത്തിന്റെ പുതുമകളിലൊന്ന്. വീണ നന്ദകുമാറാണു നായിക.
ദിലീപ്-റാഫി കോമഡി എന്റര്ടെയ്നര് വോയ്സ് ഓഫ് സത്യനാഥന് തിയറ്ററുകളിലേക്ക്. സംസാരത്തിലൂടെ ശത്രുക്കളെ സൃഷ്ടിക്കുന്നയാളാണ് ദിലീപിന്റെ കഥാപാത്രം സത്യനാഥന്. സംസാരിക്കുമ്പോള്‍ നാവു പിഴയ്ക്കും. ഉദ്ദേശിക്കുന്ന കാര്യമാവില്ല പറയുന്നത്. അതില്‍നിന്നുണ്ടാകുന്ന പ്രശ്നങ്ങളാണു സിനിമ പറയുന്നത്. വീണ നന്ദകുമാറാണ് നായിക. അനുപം ഖേർ, ജനാർദനൻ, ജോജു ജോര്‍ജ്, ജഗപതിബാബു, മകരന്ദ് ദേശ്പാണ്ഡെ, സിദ്ദിഖ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍.
ഇതു ദിലീപ്-റാഫി സമ്പൂര്‍ണ കോമഡി ചിത്രമാണോ...
ഇതു കോമഡിചിത്രം തന്നെയാണ്. പക്ഷേ, കോമഡിക്കു വേണ്ടി മാത്രമുള്ള സിനിമയല്ല. ഇതിനകത്ത് ഒരു സബ്ജക്ടുണ്ട്. ഒരു കാരക്ടറുണ്ട്. അയാളുടെ പ്രശ്നങ്ങളുണ്ട്. സീരിയസായ പ്രശ്നം തന്നെയാണത്. നര്‍മം കലര്‍ത്തി പറയുന്നുവെന്നേയുള്ളൂ. എല്ലാത്തരം പ്രേക്ഷകര്‍ക്കും വേണ്ടിയുള്ള എന്റര്‍ടെയ്നറാണിത്.
മാസ് ആക്ഷന്‍ ത്രില്ലറിന്റെ സൂചനകളുണ്ടല്ലോ ട്രെയിലറില്‍..
ഇതൊരു സാധാരണക്കാരന്റെ കഥയാണ്. മാസ് ആക്ഷന്‍ ഹീറോ അല്ല ഇതില്‍. പക്ഷേ, അടിയും ഇടിയുമൊക്കെയുള്ള ത്രില്ലിംഗ് സന്ദര്‍ഭങ്ങളിലൂടെയാണ് അയാളുടെ യാത്ര. സത്യനാഥന് എന്ന കഥാപാത്രം കോമഡിയിലൂടെയാണു പോകുന്നത്. അതു ദിലീപ് ചെയ്താല്‍ നന്നാകുമെന്നു തോന്നിയതിനാലാണ് അദ്ദേഹത്തെ സമീപിച്ചത്.
ജോജു ജോര്‍ജിലേക്ക് എത്തിയത്...
ജോജു കൂടുതലും ഹീറോ വേഷങ്ങളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹീറോയല്ലെങ്കിലും വളരെ കരുത്താര്‍ന്ന കഥാപാത്രമാണ് ഇതില്‍. ബാലന് എന്നാണ് കഥാപാത്രത്തിന്റെ പേര്. ബാലനുമായുള്ള ബന്ധമാണ് സത്യനാഥന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കുന്നത്.
എഴുത്ത്, സംവിധാനം. ഒപ്പം അഭിനയവും...
ചില സന്ദര്‍ഭങ്ങളില്‍ ചില വേഷങ്ങള്‍ പെട്ടെന്നു ചെയ്യേണ്ടിവരുന്നതാണ്. ഇതിലെ ഒരു വേഷത്തിലേക്ക് ഉദ്ദേശിച്ചിരുന്നയാളെ സീനെടുത്തപ്പോള്‍ കിട്ടിയില്ല. അങ്ങനെ ഞാന്‍ രണ്ടു സീനുള്ള വേഷം ചെയ്തു. സിനിമയില്‍ കിട്ടുന്ന എന്ത് അവസരവും എനിക്കിഷ്ടമാണ്. ഇഷ്ടത്തോടെ ചെയ്യുമ്പോള്‍ അത് എന്ജോയ് ചെയ്യാനാവും.
സിദ്ധിക്ക്-ലാല്‍ അല്ലേ കരിയറില്‍ മെന്റര്‍...
സിദ്ധിക്-ലാലിന്റെ ഇന്ഹരിഹര്നഗറില് അസിസ്റ്റന്റായിട്ടാണു തുടക്കം. അതിനുമുമ്പേ എനിക്ക് അവരെ അറിയാം. സിദ്ധിക് എന്റെ ബന്ധുവാണ്. തൊട്ടടുത്താണ് ലാലിന്റെ വീട്. ചെറുപ്പം മുതലേ അവര്‍ സുഹൃത്തുക്കളാണ്. അവര്‍ പിന്നീടു ഫാസിലിന്റെ അസിസ്റ്റന്റ്സായി. അവരും മിമിക്രി ആര്‍ട്ടിസ്റ്റുകളായിരുന്നു. ഞാനും പിന്നീട് മിമിക്രിയിലേക്കുവന്നു. അവര്‍ സംവിധായകരായപ്പോള്‍ അസിസ്റ്റന്റാകാന്‍ അവസരം തന്നു. കാബൂളിവാല വരെ ഒപ്പം വര്‍ക്ക് ചെയ്തു.
റാഫി-മെക്കാര്‍ട്ടിന്‍ സിനിമ വീണ്ടും വരുമോ...
ഇരുപതുവര്‍ഷം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കുറച്ചുകാലം തനിച്ച്, അവരവരുടെ ഇഷ്ടത്തിനു സിനിമ ചെയ്യാം എന്നു ചൈന ടൗണ്‍ കഴിഞ്ഞപ്പോള്‍ തീരുമാനിച്ചു. എപ്പോള്‍ വേണമെങ്കിലും വീണ്ടും ഒന്നിച്ചു സിനിമ ചെയ്യാം എന്ന ധാരണയിലെത്തി. അല്ലാതെ എന്നെന്നേക്കുമായി പിരിഞ്ഞതല്ല.
ആളുകളെ തിയറ്ററിലേക്ക് എത്തിക്കുക വെല്ലുവിളിയല്ലേ...
തീര്‍ച്ചയായും. ഓടിടിയൊക്കെ വന്നതോടെ തിയറ്ററില്‍ വന്നുകണ്ടേ പറ്റൂ എന്ന അവസ്ഥയിലേ ആളുകള്‍ വരൂ. പക്ഷേ, അതു പ്ലാന്‍ചെയ്തു തിരക്കഥ എഴുതാനുമാവില്ല. ഈ കാലഘട്ടത്തില്‍ പറയാന്‍ പറ്റിയ കഥയാണോ, തിയറ്ററിലേക്ക് ആളുകളെ എത്തിക്കാനുള്ള തമാശയും മറ്റു ചേരുവകളുമുണ്ടോ, അങ്ങനെയൊരു തിയറ്റര്‍ അനുഭവം ഈ കഥയ്ക്കു കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ കഥ ആലോചിക്കുമ്പോള്‍ ശ്രദ്ധിക്കണം.
നര്‍മവും പൊളിറ്റിക്കല്‍ കറക്ട്നെസും ഒന്നിച്ചുകൊണ്ടുപോകാനാകുമോ...
ഒരു കഥയില്‍ ആ സാഹചര്യത്തില്‍ പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ പറയണം. അതേസമയം, കാലത്തിനനുസരിച്ചു നമ്മുടെ നാടിനു വന്ന മാറ്റങ്ങള്‍ അംഗീകരിക്കണം. അതനുസരിച്ചു സിനിമ ചെയ്യണം. നര്‍മം പറയുമ്പൊഴും പൊളിറ്റിക്കല്‍ കറക്ട്നെസ് തെറ്റാതെ ശ്രദ്ധിക്കാറുണ്ട്.
ഏതെങ്കിലും സിനിമകള്‍ക്കു
രണ്ടാം ഭാഗം പ്ലാനുണ്ടോ...
പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, മായാവി, 2 കണ്ട്രീസ് തുടങ്ങിയ സിനിമകള്‍ക്കു രണ്ടാംഭാഗം ആലോചനയില്‍ വന്നിട്ടുണ്ട്. ഇതുവരെ ഒന്നും നടന്നിട്ടില്ല. പക്ഷേ, ടു കണ്ട്രീസിനു രണ്ടാം ഭാഗം ഒരുക്കുന്നതു സജീവമായി ചര്‍ച്ചകളിലുണ്ട്.
തിരക്കഥ എഴുതിയ പുതിയ മറ്റു സിനിമകള്‍...
ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’. വിഷ്ണു ഉണ്ണികൃഷ്ണന്, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ്..തുടങ്ങിയവർ പ്രധാന വേഷങ്ങളില്‍. മറ്റൊന്ന്, നാദിര്‍ഷ സംവിധാനം ചെയ്യുന്ന ക്രൈം കോമഡി ‘സംഭവം നടന്ന രാത്രിയില്‍’. അതില്‍ രണ്ടു നായകന്മാരാണ്. അര്ജുന് അശോകനും എന്റെ മകന് മുബിന് എം. റാഫിയും.
ടി.ജി. ബൈജുനാഥ്