മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ വേദിയില്‍ അവതരിപ്പിച്ച രംഗാവിഷ്കാരം കണ്ട് സദസിലിരുന്ന ഇറോം ചാനു ശര്‍മിള വിതുമ്പി. തന്റെ ജന്മനാട്ടിലെ ജനസമൂഹം ചേരിതിരിഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്ന കലാപം. നാലു മാസമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാട് അനുഭവിക്കുന്ന നരകയാതനയെപ്പറ്റിയുള്ള ആകുലത മാത്രമായിരുന്നില്ല ഇറോമിനു കണ്ണീരായി മാറിയത്. മണിപ്പുരില്‍നിന്ന് ഏറെ അകലെയാണ് കേരളമെങ്കിലും ഇവിടത്തെ ജനതയും മണിപ്പുരിലെ മനുഷ്യാവകാശധ്വംസനത്തിനെതിരേ തീവ്രമായി പ്രതികരിക്കുന്നു എന്ന തിരിച്ചറിവുകൂടിയായിരുന്നു നിറഞ്ഞൊഴുകിയ കണ്ണീര് അടയാളമാക്കിയത്.
മണിപ്പുരിലെ കലാപങ്ങളിലും സ്ത്രീകള്‍ക്കു നേരേയുള്ള അക്രമങ്ങളിലും പ്രതിഷേധിച്ച് വിവിധ മേഖലകളിലെ 101 വനിതകള്‍ നടത്തിയ വുമണ്‍ ഇന്ത്യ കാമ്പയിനില്‍ പങ്കെടുക്കാനാണ് മണിപ്പുരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്ന ഇറോം ശര്‍മിള ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തലേന്ന് കേരളത്തിലെത്തിയത്. മണിപ്പുരിലെ ജനതയ്ക്കായി വര്‍ഷങ്ങളോളം പോരാടിയിട്ടുള്ള ഇറോം ശര്‍മിള, ഇപ്പോള്‍ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും നിന്നകന്ന് കുടുംബസമേതം ബംഗളൂരുവിലാണു താമസം. മണിപ്പുരിലെ കിരാത പട്ടാളനിയമത്തിനെതിരേ പതിനാറു വര്‍ഷം നിരാഹാര സഹനസമരം നടത്തിയ ഇറോം ശര്‍മിളയിലെ പെണ്‍വീര്യം ഏറെക്കാലം ലോകശ്രദ്ധ നേടിയിരുന്നു.
മണിപ്പുരില്‍ പട്ടാളത്തിനുണ്ടായിരുന്ന പ്രത്യേക അധികാര നിയമങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മെന്ഗൂബി എന്നറിയപ്പെടുന്ന ഇറോമിന്റെ നിരാഹാരം. ഈ ഉരുക്കുവനിതയുടെ വീറുറ്റ സഹനസമരം അന്താരാഷ്ട്രമാധ്യമങ്ങളിലും കവര്‍ സ്റ്റോറികളായി മാറിയിരുന്നു. മണിപ്പുരിന്റെ വര്‍ത്തമാനകാല സങ്കടങ്ങളും പിന്നിലെ രാഷ്ട്രീയവും ഇറോം ചാനു ശര്‍മിള സൺഡേ ദീപികയോടു പങ്കുവയ്ക്കുന്നു.
ഞാന്‍ ലജ്ജിക്കുന്നു
മണിപ്പുരില്‍നിന്ന് ദിവസവും കേട്ടുകൊണ്ടിരിക്കുന്ന ഭീതിപ്പെടുത്തുന്ന വാര്‍ത്തകളിലൊക്കെ അതീവ സങ്കടവും ലജ്ജയുമുണ്ട്. സ്ത്രീകള്‍ക്കുനേരേ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്ക് ഏതുതരം വംശീയതയുടെ പേരിലായാലും നീതീകരണമില്ല. സ്ത്രീകളുടെ കണ്ണീരിലും വിലാപങ്ങളിലും ആനന്ദം കണ്ടെത്തുന്ന കാടന്‍ രീതിക്കാര് മണിപ്പുരിലുമുണ്ടെന്നത് ഏറെ ലജ്ജിപ്പിക്കുന്നു. തലമുറകളായി പുരുഷമേധാവിത്വമാണ് മണിപ്പുരിലുള്ളത്. സ്ത്രീകള്‍ എല്ലാക്കാലത്തും ചൂഷണം ചെയ്യപ്പെടുന്ന പ്രദേശം. രാജ്യത്തിനും ലോകത്തിനും മുന്നില്‍ ഇപ്പോൾ മണിപ്പുര്‍ തല കുനിച്ചു നില്‍ക്കുകയാണ്. മണിപ്പുരുകാരി എന്ന നിലയില്‍ ഈ സംഭവങ്ങളില്‍ ഞാനും തലകുനിക്കുകയാണ്.
വംശീയ കലഹങ്ങള്‍ മുന്‍കാലങ്ങളിലും മണിപ്പുരില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിക്രൂരവും നിന്ദ്യവുമായ സംഭവങ്ങള്‍ ആദ്യമാണ്. സ്ത്രീകളെ മാനഭംഗപ്പെടുത്തുക, ചുട്ടുകൊല്ലുക, ഗ്രാമവാസികളെ അടിച്ചോടിക്കുക തുടങ്ങി കേള്‍ക്കാന്‍ ഭയപ്പെടുന്ന എത്രയോ സംഭവളാണ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
കുക്കി- മെയ്തെയ് ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ സൗഹൃദം പുലരുന്ന ചില ഇടങ്ങള്‍ ഇപ്പോഴും മണിപ്പുരിലുണ്ട്. കുറച്ചുവര്‍ഷങ്ങളായി മെയ്തെയ് വിഭാഗം കുക്കി വിഭാഗക്കാരുടെമേല് മേധാവിത്വമുറപ്പിക്കാന്‍ പലതരത്തില്‍ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇതാണ് ഈയിടെ സംഘര്‍ഷങ്ങളിലേക്കു നയിച്ചിരിക്കുന്നത്. എന്റെ ജൻമനാട്ടിൽ ഇനിയെന്ന് സമാധാനമുണ്ടാകും എന്ന ചിന്ത ഏറെ വേദനിപ്പിക്കുന്നു. മണിപ്പുരില്‍ ഉള്‍പ്പെടെ രാജ്യത്തൊട്ടാകെ സ്ത്രീകള്‍ക്കു നേരേയുള്ള ആക്രമണം വര്‍ധിച്ചുവരികയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് രാജ്യത്തെ സ്ത്രീകളെയൊന്നാകെ പരിശീലിപ്പിക്കണമെന്നാണ് എന്റെ നിര്‍ദേശം.
ഭരണക്കാര്‍ എവിടെയാണ്
കലാപങ്ങള്‍ക്കും അതിനു വഴിതെളിച്ച സാഹചര്യങ്ങള്‍ക്കും പരിഹാരം കാണാന്‍ മണിപ്പുരിലെ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ ആത്മാര്‍ഥമായി ശ്രമിക്കാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായിരിക്കുന്നത്. മണിപ്പുരിലെ എംഎല്‍എമാര്‍ നിയമസഭയിലും എംപിമാര്‍ പാര്‍ലമെന്റിലും വസ്തുനിഷ്ഠമായി ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രദ്ധിക്കുന്നില്ല. അവരുടെ ബോധപൂര്‍വമായ നിശബ്ദതയാണ് എന്നെ അതിശയിപ്പിക്കുന്നത്. ശക്തമായ നേതൃത്വത്തിന്റെ അഭാവം ഇക്കാലത്ത് മണിപ്പുരിനുണ്ട്. ജനാധിപത്യ, മതേതര മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ശക്തരായ നേതാക്കളെയാണ് മണിപ്പുര്‍ തേടുന്നത്.
തെരഞ്ഞെടുപ്പുകാലത്ത് ജയിക്കാന്‍ പലതരത്തില്‍ അവര്‍ നിലപാടെടുക്കും, വാഗ്ദാനങ്ങള്‍ നല്‍കും. വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ ഉറപ്പുകളൊക്കെ മറക്കും. ഇതില്‍ പ്രകോപിതരാകുന്ന വിഭാഗങ്ങളാണ് തെരുവിലേക്കിറങ്ങുന്നത്. ഇപ്പോഴത്തെ കലാപസാഹചര്യം സൃഷ്ടിച്ചിരിക്കുന്നത് ഭരണക്കാര്‍ തന്നെയാണ്. കലാപം ഒഴിവാക്കുന്നതിൽ സര്‍ക്കാരും അടിച്ചമര്‍ത്തുന്നതില്‍ പട്ടാളവും പരാജയപ്പെട്ടിരിക്കുന്നു. ഇവർക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സമാധാനം തിരികെയെത്തിക്കാനാകും.
മണിപ്പുര്‍ കത്തിത്തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയേറെ കലുഷിതമായ വിഷയത്തില്‍ ക്രിയാത്മക നടപടികള്‍ക്കു തയാറാകുന്നില്ല. അതുകൊണ്ടുതന്നെ, മണിപ്പുരിനെ രാജ്യം കണ്ട ഏറ്റവും വലിയ വംശീയ കലാപത്തിലേക്ക് തള്ളിയിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനാണെന്നു ഞാന്‍ പറയും.
സ്വാഭാവികമായുണ്ടായ അക്രമസംഭവങ്ങളല്ല മണിപ്പുരില്‍ സംഭവിച്ചിരിക്കുന്നതെന്ന് സുപ്രീംകോടതി പോലും നിരീക്ഷിച്ചു. കുക്കികളും മെയ്തെയ്കളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാംവിധം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാറും. ഭൂരിപക്ഷമായ മെയ്തെയ് വിഭാഗത്തെ കൂടെനിര്‍ത്തി കുക്കികള്‍ക്കെതിരേ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ അഴിച്ചുവിടുന്നത്. ചെറുവിരല്‍ പോലും അനക്കാതെ, എരിതീയില്‍ എണ്ണയൊഴിക്കാനാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ശ്രമിക്കുന്നത്.
"പന്തമേന്തിയ സ്ത്രീകള്‍’
കിരാത പട്ടാളനിയമങ്ങള്ക്കെതിരേ ഞാന്‍ മണിപ്പുരില്‍ കാലങ്ങളോളം സമരം നടത്തിയപ്പോള്‍ എനിക്കൊപ്പം ശക്തമായി നിലയുറപ്പിച്ചവരാണ് മെയ്രാ പെയ്ബീസ് (പന്തമേന്തിയ സ്ത്രീകള്‍) എന്ന സംഘം. എന്നാല്‍, ഇവര്‍ ഇന്നു കുക്കി ജനതയെ ശത്രുതയോടെ കാണുകയും അവരുമായി പോരടിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ സങ്കടമുണ്ട്.
പട്ടാള നിയമത്തിനെതിരേ പ്രതിഷേധമുയര്‍ത്തി നഗ്നരായി ബാനറുകളേന്തി സമരം നടത്തിയ പാരമ്പര്യം മണിപ്പുരി സ്ത്രീകള്‍ക്കുണ്ട്. മണിപ്പുരിലെ സ്ത്രീകള്‍ പൊതുവെ ധൈര്യശാലികളുമാണ്. അവകാശപോരാട്ടത്തില്‍ അവരെന്നും മുന്നിലുണ്ട്.
എന്നാല്‍, ഇന്ന് മണിപ്പുരില്‍ യുവതികളെ നഗ്നരാക്കി തെരുവില്‍ നടത്തിക്കുന്നതും ആള്‍ക്കൂട്ടം ബലാത്സംഗം ചെയ്യുന്നതും ഞെട്ടലോടെ നമ്മള് കാണുന്നു. അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാഴ്ചകളെയും അവസാനിക്കാത്ത കലാപത്തെയും നടുക്കത്തോടെയാണ് നോക്കിക്കാണുന്നത്. എന്റെ നാടിന് എന്തു സംഭവിക്കുന്നു എന്നതിലാണ് വേദന. വീടുകള്‍ മാത്രമല്ല, മനുഷ്യരെയും ജീവനോടെ ചുട്ടെരിക്കുന്ന പ്രാകൃത പ്രവൃത്തികളിലേക്ക് എന്റെ ജനത എത്തിയെന്നോര്ക്കുമ്പോള് ലജ്ജ തോന്നുന്നു, ഒപ്പം കുറ്റബോധവും.
മണിപ്പുരിന്റെ ഉരുക്കുവനിത
കവയത്രിയും പത്രപ്രവര്‍ത്തകയുമായ ഇറോം ചാനു ശര്‍മിള 1972 മാര്‍ച്ച് 14ന് ഇംഫാലിലെ കോംഗ്പാലില് ജനിച്ചു. മണിപ്പുരില്‍ പട്ടാളത്തിനു പ്രത്യേക അധികാരം നല്കുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷം നിരാഹാര സമരം നടത്തിയതിലൂടെ ശ്രദ്ധേയയായി.
2000-ല്‍ ആസാം റൈഫിള്‍സിലെ പട്ടാളക്കാര്‍ ബസ് കാത്തുനിന്ന മെയ്തെയ് വിഭാഗത്തിലെ പത്തു പേരെ വെടിവച്ചു കൊലപ്പെടുത്തിയ (മൗലോം കൂട്ടക്കൊല) സംഭവത്തെത്തുടര്‍ന്നാണ് ഇവര്‍ സമരം തുടങ്ങിയത്. ആരോഗ്യനില വഷളായപ്പോള്‍ ആത്മഹത്യാക്കുറ്റം ആരോപിച്ച് പോലീസ് ഇറോം ശര്‍മിളയെ അറസ്റ്റു ചെയ്തു.
ശ്വാസനാളത്തിലൂടെ കുഴലിട്ട് നിര്‍ബന്ധിച്ചു ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിയാണ് ജീവന് നിലനിര്‍ത്തിയത്. 2000 നവംബര്‍ രണ്ടിന് 28ാം വയസില്‍ ആരംഭിച്ച നിരാഹാര സമരം 2016 ഓഗസ്റ്റ് ഒമ്പതിനാണ് അവസാനിപ്പിച്ചത്.
2010ലെ രവീന്ദ്രനാഥ ടാഗോര്‍ സമാധാന പുരസ്കാരം ഉള്‍പ്പെടെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കു വിവിധ അംഗീകാരങ്ങള്‍ ഇറോം ശര്‍മിളയ്ക്കു ലഭിച്ചിട്ടുണ്ട്. 2017ല്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുടിഞ്ഞോയെ വിവാഹം ചെയ്തു. കുടുംബസമേതം ഇപ്പോള്‍ ബംഗളൂരുവിലാണു താമസം.
സിജോ പൈനാടത്ത്