അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
Sunday, August 20, 2023 12:48 AM IST
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവിധായകന് ആർ. എസ്. വിമലിനെ തേടി എന്ന് നിന്റെ മൊയ്തീന്റെ അണിയറയിലെത്തിയ കൊടുവള്ളിയിലെ പാരലല്‍ കോളജ് അധ്യാപകന് ബിച്ചാള്‍. ആറു വര്‍ഷങ്ങള്‍ക്കുശേഷം ബിച്ചാളിനുവേണ്ടി പാരലല്‍ കോളജ് പശ്ചാത്തലമാക്കി വിമല്‍ ഒരു കഥയെഴുതുകയും അതു സിനിമയാക്കുന്നതില്‍ പങ്കാളിയാവുകയും ചെയ്തുവെന്നതാണ് അതിന്റെ ക്ലൈമാക്സ്. ബിച്ചാളിനെ സ്വതന്ത്ര സംവിധായകനാക്കിയ ആ സിനിമയാണു ശശിയും ശകുന്തളയും.
ചമ്മന്തിയരച്ച് സിനിമയില്‍!
എന്ന് നിന്റെ മൊയ്തീന്റെ പ്രീപ്രൊഡക്ഷന് വര്‍ക്ക് താമരശേരിയില്‍ നടക്കുന്ന കാലം. ആര്.എസ്. വിമലിന് കുക്കിനെ ആവശ്യമുണ്ടെന്നറിഞ്ഞ് പാരലല്‍ കോളജിലെ അധ്യാപനം മാറ്റിവച്ച് ബിച്ചാള്‍ അവിടെയെത്തി. പാചകം വശമില്ലാത്ത ബിച്ചാള്‍ ദിവസവും ഉമ്മയെ ഫോണില്‍ വിളിച്ച് പാചകക്കൂട്ട് ചോദിച്ചറിഞ്ഞ് അവര്‍ക്കു വേണ്ടത് വച്ചുവിളമ്പി. ബിച്ചാള്‍ തയാറാക്കിയ ചമ്മന്തി വിമലിനു നന്നായി ബോധിച്ചു. രുചിക്കൂട്ടറിയാന് വിമല്‍ പുതിയ പാചകക്കാരനെ രഹസ്യമായി നിരീക്ഷിച്ചുതുടങ്ങി. '
ഒടുവില്‍ രുചിക്കൂട്ട് വരുന്ന വഴി അദ്ദേഹം കണ്ടെത്തുകയും ചെയ്തു. മറ്റൊരു ദിവസം ബിച്ചാള്‍ പഠിപ്പിച്ച കുറെ വിദ്യാര്‍ഥികള്‍ അയാളെ അന്വേഷിച്ച് അവിടെ വന്നു. അപ്പോഴാണ് കുക്ക് ഒരധ്യാപകനാണെന്ന് വിമല്‍ തിരിച്ചറിഞ്ഞത്. തനിക്കൊപ്പം കൂടിയതെന്തിനെന്ന ചോദ്യത്തിനു സിനിമ മാത്രമാണു സ്വപ്നമെന്ന് മറുപടി. അങ്ങനെ ബിച്ചാളിനെ വിമല്‍ സംവിധാന സഹായിയായി കൂടെക്കൂട്ടി. അഭിനേതാക്കള്‍ക്ക് സീന്‍ പറഞ്ഞുകൊടുക്കുന്നതു കൂടാതെ വിമല്‍ അഭിനയിച്ചു കാണിക്കുന്നതിനും താന്‍ സാക്ഷിയായതു ബിച്ചാള്‍ ഓര്‍ക്കുന്നു.
ഈ പടത്തില്‍ ട്യൂട്ടോറിയല്‍ കോളജ് നടത്തിപ്പിനു വട്ടിപ്പലിശയ്ക്കു കടം കൊടുക്കുന്ന പലിശ പരമു എന്ന വില്ലൻ വേഷം ആര്.എസ്. വിമലിനെ നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കാന്‍ അതു പ്രേരണയായി. ഉള്ളില്‍ ചില നിഗൂഢതകളുള്ള കഥാപാത്രമാണത്.
ശശിയും ശകുന്തളയും
ശശിയും ശകുന്തളയും ട്യൂട്ടോറിയല്‍ അധ്യാപകരാണ്. അവര്‍ പിന്നീടു പ്രണയത്തിലാകുന്നു. അതിനുള്ളിലൂടെ മറ്റൊരു വൈരാഗ്യകഥ കൂടി പറയുന്നുണ്ട് സിനിമ. ഷാഹീന്‍ സിദ്ദിഖ് ശശിയായും നേഹ സലാം ശകുന്തളയായും വേഷമിടുന്നു. ഷാഹീനെ നായക പരിവേഷത്തോടെ അവതരിപ്പിക്കുകയാണ്. ട്യൂട്ടോറിയല്‍ കോളജ് പ്രിന്‍സിപ്പല്‍ സുധാകരനായി തമിഴ്നടന്‍ അശ്വിന് കുമാര്‍. സസ്പെന്‍സ് വേഷമാണു സിദ്ദിക്കിന്. ബിനോയ് നമ്പോല, ബാലാജി, രസ്ന പവിത്രന് തുടങ്ങിയവരും വിവിധ വേഷങ്ങളില്‍.കൊയിലാണ്ടിയില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടതാണു കഥ. പ്രണയം, വൈരാഗ്യം, ചതി, സ്നേഹം എന്നിവയെല്ലാം കോര്‍ത്തിണക്കിയ കഥാഗതിയും.
ഹരിശ്രീയും എക്സലന്‍സും
ഹരിശ്രീ ട്യൂട്ടോറിയല്‍സും എക്സലന്‍സും തമ്മിലുള്ള കിടമത്സരങ്ങളാണ് ഈ സിനിമയില്‍ കടന്നുവരുന്നത്. പാരലല്‍ കോളജില്‍ പഠിച്ച് അതേ കോളജില്‍ അധ്യാപകനായിരുന്നയാളാണ് ആര്.എസ്. വിമല്‍. ബിച്ചാളും പാരലല്‍ കോളജില്‍ പഠിച്ച് പത്തു പാസായ ആളാണ്. ഇപ്പോള്‍ എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാളം അധ്യാപകനുമാണ്. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഒട്ടുമിക്ക ആളുകളും ട്യൂഷനുവേണ്ടിയെങ്കിലും പാരലല്‍ കോളജുകളെ ആശ്രയിച്ചിട്ടുണ്ടാവും.
ആ കാലഘട്ടം, പരിമിതമായ ശമ്പളത്തില്‍ കുട്ടികളെ പഠിപ്പിച്ച് മറ്റു കോളജുകളുമായി മത്സരിച്ചു ജയിക്കാനായി അധ്യാപകരുടെ പെടാപ്പാടുകള്‍, ഇല്ലായ്മകളിലൂടെയുള്ള പഠനം, സൗഹൃദങ്ങള്‍... പാരലല്‍ കോളജ് കാലത്തെയൊന്നാകെ വിഷ്ണുപ്രസാദിന്റെ കാമറ ഒപ്പിയെടുത്തതായി ബിച്ചാള്‍ പറയുന്നു. ഉപരിപഠനത്തിനു സാമ്പത്തികവും യാത്രാസൗകര്യവുമൊക്കെ കുറവായിരുന്ന ഒരു കാലമുണ്ടായിരുന്നു നാട്ടിന്‍പുറങ്ങളില്‍. അന്നു പാരലല്‍ കോളജ് നല്കിയ സംഭാവനകളെ ഈ സിനിമ സത്യസന്ധമായി അടയാളപ്പെടുത്തുന്നു.
റഫറന്സായതു മൊയ്തീന്
ബസന്ത് എന്ന ആര്‍ട്ട് ഡയറക്ടറുടെ കരവിരുതിലാണ് ട്യൂട്ടോറിയല്‍ കോളജ് ഉള്‍പ്പെടെ കൊല്ലങ്കോട്ട് സെറ്റിട്ടത്. മൊയ്തീനായിരുന്നു റഫറന്‍സ്. പീര്യോഡിക് സിനിമകള്‍ ചെയ്തു തഴക്കമുള്ള ആര്.എസ്. വിമലിന്റെ അനുഭവങ്ങള്‍ കോസ്റ്റ്യൂം തെരഞ്ഞെടുപ്പു മുതല്‍ എണ്പതുകളോടു നീതി പുലര്‍ത്തി സെറ്റ് ഒരുക്കുന്നതില്വരെ തുണച്ചതായി ബിച്ചാള്‍. പാട്ടൊരുക്കിയതു പ്രകാശ് അലക്സ്. അപര്‍ണ രാജീവാണു ഗായിക. കെപിയാണ് ബാക്ക് ഗ്രൗണ്ട് സ്കോറിംഗ്. ആര്.എസ്. വിമലിന്റെ കയ്യൊപ്പുള്ള ക്ലാസ് പാറ്റേണാണ് മൊയ്തീനില്‍. അതേ മാതൃകയിലാണ് ശശിയും ശകുന്തളയും ഒരുക്കിയതെങ്കിലും കഥ പൂര്‍ണമായും വ്യത്യസ്തമായതിനാല്‍ ആ ഒരു രീതിയില്‍ ഇതിനെ അളക്കരുതെന്നും ബിച്ചാള്‍ പറയുന്നു.
ടി.ജി. ബൈജുനാഥ്