പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാദകനാണ് അയാൻ അലി ബംഗഷ്. ലോക സംഗീതരംഗത്തുതന്നെ ഇത്തരമൊരു വേദി ഈ സംഗീതകുടുംബത്തിനു മാത്രമായിരിക്കും സ്വന്തം. സരോദ് എന്ന സംഗീതോപകരണം കണ്ടുപിടിച്ചവരെന്ന് അവകാശപ്പെടുന്ന ബംഗഷ് വംശാവലിയിലെ ഏഴാം തലമുറയിൽപ്പെടുന്ന സംഗീതജ്ഞനാണ് അയാൻ അലി ബംഗഷ്. മറ്റന്നാൾ അദ്ദേഹത്തിന്റെ ജന്മദിനം...
സംഗീതം എന്ന ഭാഷ സംസാരിക്കുന്ന ഒരു വീട്. അവിടെയുള്ളവർ ശ്വസിക്കുന്ന വായുവും സംഗീതം. ജലം അതു സൂക്ഷിക്കുന്ന പാത്രത്തിന്റെ രൂപം പ്രാപിക്കുന്നതുപോലെ അവിടെയുള്ളവർക്കെല്ലാം കിട്ടിയത് സംഗീതത്തിന്റെ രൂപം. തലമുറകൾ ഒരേ വഴിയിലൂടെ നടന്നു. ഇപ്പോഴുള്ളത് എട്ടാം തലമുറക്കാരായ ഇരട്ടകൾ.
അതെ, സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാന്റെ വീടാണത്. അദ്ദേഹത്തിന്റെ രണ്ടു മക്കൾ- അമാൻ അലി ബംഗഷും അയാൻ അലി ബംഗഷും. അയാന്റെ ഇരട്ടകളായ മക്കൾ സോഹാൻ അലിയും അബീർ അലിയുമാണ് സെനിയ ബംഗഷ് ഘരാനയിലെ എട്ടാം തലമുറക്കാർ.
സെനിയ ബംഗഷ് വംശാവലിയിലെ പൂർവികർ അവരുടെ സംഗീതോപകരണമായ റബാബിൽ ചില മാറ്റങ്ങൾ വരുത്തിയാണ് സരോദ് കണ്ടുപിടിച്ചത്. ശ്രുതിസുന്ദരമായ ടോണും ഗായകിയുടെ പ്രാധാന്യവും സവിശേഷമായ പ്രയോഗരീതികളുമാണ് ഈ ഘരാനയുടെ അസാധാരണമായ ഗുണം. സമാധാനത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം രൂപപ്പെടുത്തുന്ന മനോഹരമായ പുതിയ സൃഷ്ടികൾ സെനിയ ബംഗഷ് ഘരാനയിൽനിന്നു വന്നിട്ടുണ്ട്.
ഉസ്താദ് അംജദ് അലി ഖാനും മക്കളും അവരുടെ മക്കളും ശിഷ്യരും ചേർന്ന് ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് പുതിയ നിറഭേദം നൽകി. അമാൻ അലി പറയുന്നതുകേൾക്കുക: ഞങ്ങളുടെ പിതാവ് ഒരു പാരന്പര്യവാദിയാണ്, എന്നാൽ അദ്ദേഹം മാറ്റങ്ങളോടു മുഖംതിരിക്കില്ല.
സുന്ദരസൗഭാഗ്യം
പിതാവിനും ജ്യേഷ്ഠനുമൊപ്പം സംഗീതക്കച്ചേരി അവതരിപ്പിക്കുന്പോൾ അവർക്കൊപ്പം സ്വന്തം മക്കളും വേദിയിലുണ്ടാകുക എന്നത് അയാൻ അലി ബംഗഷിനു ലഭിച്ച അപൂർവ സൗഭാഗ്യമാണ്. ത്രീ ജനറേഷൻസ്, വണ് നേഷൻ എന്ന പേരിൽ ന്യൂഡൽഹിയിൽ അവർ അവതരിപ്പിച്ച സംഗീതപരിപാടി ശ്രോതാക്കൾ ഹൃദയങ്ങളിലേറ്റുവാങ്ങിയതാണ്. കഴിഞ്ഞമാസം ന്യൂയോർക്ക് സിംഫണി സ്പേസിലെ പീറ്റർ ജേ ഷാർപ് തിയേറ്ററിലും ഇവരെല്ലാം ചേർന്നുള്ള സംഗീതപരിപാടി അരങ്ങേറി.
അയാൻ അലി പറയുന്നു: ചെറുപ്രായം മുതൽ സംഗീതപ്രേമികളുടെ സ്നേഹാനുഗ്രഹങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായിട്ടുണ്ട് സോഹാനും അബീറിനും. മുത്തച്ഛനൊപ്പം വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുക എന്നത് അവർക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ്. സംഗീതത്തിന്റെ സാർവലൗകിക സന്ദേശം മുന്നോട്ടു പകർന്നുനൽകാൻ അവർക്കു കഴിയട്ടെ എന്നതാണ് എന്റെ പ്രാർഥന. പതിനൊന്നു വയസാണ് ഇരുവർക്കുമിപ്പോൾ.
മികവിന്റെ പൂർണത തേടി
സരോദിന്റെ കാര്യത്തിൽ അമാൻ- അയാൻ സഹോദരങ്ങളെ ഒറ്റയ്ക്കൊറ്റയ്ക്കു വിശേഷിപ്പിക്കുക സാധ്യമല്ല. ഒരേ കഴിവുകളുള്ളവർ. ഒരേ ഗുരുവിന്റെ ശിഷ്യർ. കഴിവന്റെ പരമാവധി ചെയ്യുക, ബാക്കിയുള്ളത് ദൈവത്തിനു വിട്ടുകൊടുക്കുക എന്നതാണ് അയാൻ അലിയുടെ മുദ്രാവാചകം.
ഗുരു-ശിഷ്യ ബന്ധത്തേക്കാൾ പിതാവും പുത്ര·ാരും എന്ന ബന്ധമാണ് അംജദ് അലി ഖാനുമായി തങ്ങൾക്കുള്ളതെന്നു പറഞ്ഞിട്ടുണ്ട് അയാൻ. ഗുരുവിൽനിന്ന് പിതാവിലേക്കും തിരികെയും നടക്കാൻ ഉസ്താദിന് തെല്ലുമില്ല പ്രയാസം. ഏറ്റവും ക്ഷമയുള്ള അധ്യാപകനും ഏറ്റവും സ്നേഹമുള്ള പിതാവുമാണ് അദ്ദേഹമെന്ന് അയാന്റെ സാക്ഷ്യം.
നമ്മൾ എന്താണോ അതാണ് നമ്മുടെ സംഗീതം. അതിൽ പ്രതിഫലിക്കുന്നത് നമ്മുടെ വ്യക്തിത്വംതന്നെയാണ്. വേദികളിൽ ഞാൻ എളിയ നിർദേശങ്ങൾ അബ്ബാ സാഹിബിനു മുന്നിൽ വയ്ക്കാറുണ്ട്. അതു സമ്മതിക്കണോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഞങ്ങളെയെല്ലാം രൂപപ്പെടുത്തുന്നതിൽ അമ്മ സുബ്ബലക്ഷ്മി ബറുവ ഖാന്റെ പങ്ക് വളരെ പ്രധാനമാണ്. കുടുംബത്തിനുവേണ്ടി നൃത്തംപോലും വേണ്ടെന്നുവച്ചതാണ് അവർ. അബ്ബാ സാഹിബ് പറയുന്നതുപോലെ എല്ലാ കുട്ടികളുടെയും ആദ്യത്തെ ഗുരു സ്വന്തം അമ്മയാണല്ലോ.
എട്ടാം വയസിലായിരുന്നു അയാന്റെ ആദ്യ സോളോ കച്ചേരി. ഇപ്പോൾ നാല്പ്പത്തിനാലാം വയസിൽ ലോകമെങ്ങും ആരാധകർ. സംഗീതരംഗത്തെ യൂത്ത് ഐക്കണുകളിൽ ഒരാൾ. സരോദിനെ ഒരു ക്രോസ്-ഓവർ ഉപകരണമാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് അയാൻ ആണ്. ഇത്രയും വർഷങ്ങൾകൊണ്ട് ഒട്ടേറെ പ്രോജക്ടുകളുടെ ഭാഗമായി. കുടുംബത്തോടൊപ്പം ചേർന്നും ഒറ്റയ്ക്കും ലോകത്തെ പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം ആൽബങ്ങളൊരുക്കി. സംഗീതലോകത്തെ വിവിധ തലമുറകൾ അയാൻ അലി ബംഗഷിനെ ഏറെ പ്രതീക്ഷകളോടെ കേൾക്കുന്നു.
ഭാവിയുടെ സ്വരം
മാറ്റങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഞാൻ ഏറെ ബോധവാനാണ്. ഇന്ന് 30 സെക്കൻഡുകൾ മാത്രം നീളുന്ന റീലുകളുടെ കാലമാണ്. അതാണ് ട്രെൻഡ്. എന്നാൽ ആറു മിനിറ്റുള്ള ഒരു ട്രാക്ക് കേൾക്കുന്നവർ ഇല്ലാതായി എന്നല്ല അതിനർഥം. ആളുകൾ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതുമായ സംഗീതം അവർക്കു നൽകുകയെന്നതാണ് പ്രധാനം. ഒരുമ, ഐക്യം എന്നിങ്ങനെയുള്ള ആശയങ്ങൾക്ക് സുന്ദരമായ സന്ദേശമാണ് ലോകത്തിനു നൽകാനുള്ളത്. അതിനൊപ്പം സംഗീതമുണ്ട്. അതിൽ ഏതിഷ്ടപ്പെടണം, ഏതു വേണ്ട എന്ന കാര്യം ശ്രോതാക്കൾക്ക് അറിയാം- അയാൻ അലി ബംഗഷ് പറയുന്നു.
സരോദ് ഘർ
ഗ്വാളിയോറിലെ സരോദ് ഘർ നൂറ്റാണ്ടു നീളുന്ന കഥ പറഞ്ഞതരുന്നുണ്ട്. ഉസ്താദ് അംജദ് അലി ഖാന്റെ പിതാവ് ഉസ്താദ് ഹാഫിസ് അലി ഖാൻ സാഹിബിന്റെ പേരിലുള്ള ട്രസ്റ്റിനു കീഴിലാണ് ഈ മ്യൂസിയമുള്ളത്. പുരാതന കുടുംബവീടിനെ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. ജർമനിയിൽ ബിഥോവന്റെ ജന്മഗൃഹം സന്ദർശിച്ചപ്പോഴാണ് അംജദ് അലി ഖാന് ഇത്തരമൊരു ആശയം ലഭിച്ചത്. നാലു തലമുറ സംഗീതജ്ഞരെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും പുരാതനമായ സംഗീതോപകരണങ്ങളും ഇവിടെ കാണാം.
ഹരിപ്രസാദ്