ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
Sunday, June 19, 2022 6:00 AM IST
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പലരാണ്. ഒരു ഉൗണ് വാങ്ങി രണ്ടു പേർ പങ്കുവയ്ക്കുന്ന ദൈന്യതയും കാണാനാകും.
ഉൗണുമുറിയിലും സദ്യപ്പന്തലിലും സദ്യ കഴിക്കാൻ ഇക്കാലത്ത് എത്തുന്ന ഏറെപ്പേർ പ്ലേറ്റുകളിൽ മിച്ചംവച്ച ഭക്ഷണം തൊട്ടിയിൽ എറിഞ്ഞുകളയുന്നതു കാണുന്പോഴാണ് വിശക്കുന്നവരുടെ മുഖം മനസിലേക്കു വരിക. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി വരുന്ന തോട്ടംതൊഴിലാളികൾ നയാപൈസയില്ലാതെ പട്ടിണിയിരിക്കുന്നത് കാണാറുണ്ട്.
അത്യാർത്തികൊണ്ടാവാം സദ്യകളിൽ പലരും വേണ്ടതിലധികം വിളന്പിയെടുക്കുക. അടുത്തിരിക്കുന്നവർക്കു ബാക്കിവയ്ക്കാതെ സ്വന്തം പാത്രം നിറയ്ക്കുന്ന സ്വാർഥത. പലപ്പോഴും സദ്യകളിൽ പ്ലേറ്റിന്റെ പകുതിയിലേറെ മിച്ചംവച്ചുപോകുന്നവരെയാണ് കാണാനാവുക. ചില വിഭവങ്ങളുടെ രുചി പോലും നോക്കാതെ അന്നം വേസ്റ്റ് പാത്രത്തിലേക്കു തള്ളിക്കളയും. ഓരോരുത്തർക്കും കഴിക്കാനാവുന്ന ഭക്ഷണം മാത്രം വിളന്പുകയും തരി മിച്ചം വരുത്താതെ മിതത്വം പാലിക്കുകയും ചെയ്യാൻ സാധിക്കണം. പഴയ കാലങ്ങളിൽ സദ്യ വിളന്പുന്ന ഇടങ്ങളിലൊക്കെ ഇലയിലെ എച്ചിൽ ശേഖരിക്കാനും ഭക്ഷിക്കാനും ഗതികെട്ടു വരുന്ന പരമദരിദ്രരെ കണ്ടിട്ടുണ്ട്. ഇക്കാലത്ത് മാനമുള്ളവരാരും എച്ചിൽ ശേഖരിക്കാൻ ഇറങ്ങിത്തിരിക്കില്ല. പക്ഷെ മുന്തിയ ഭക്ഷണത്തിന്റെ രുചി അറിയാൻ ആഗ്രഹിക്കുന്ന പാവപ്പെട്ടവർ നമ്മുടെയിടയിൽ ഏറെയുണ്ടെന്നത് വിസ്മരിക്കരുത്.
അധികം വാങ്ങിക്കൂട്ടുന്ന ഭക്ഷണം എത്രയോ പേരുടെ വിശപ്പകറ്റാൻ പ്രയോജനപ്പെടുത്താം. ഇറച്ചിയിനങ്ങളും മത്സ്യവും മുട്ടയുമൊക്കെയായി വലിയ വിലയുള്ള ഭക്ഷണമാണ് പ്ലേറ്റുകളിൽ മിച്ചം വയ്ക്കുക. അഞ്ഞൂറു രൂപ നിരക്കുള്ള പ്ലേറ്റിൽ വിളന്പുന്ന വിഭവങ്ങളിൽ ഇരുനൂറ്റിയൻപതു രൂപയുടെ ഭക്ഷണവും മിച്ചം വയ്ക്കുന്ന സ്വഭാവം മാറണം. കഴിക്കാവുന്നതു മാത്രം പാത്രത്തിൽ വാങ്ങുക. മുതിർന്നവർ ഇതു പാലിക്കുകയും മക്കളെ പരിശീലിപ്പിക്കുകയും വേണം.
കരുണയുടെയും സഹാനുഭൂതിയുടെയും മുഖം ഓരോ ആഘോഷങ്ങളിലും പുലർത്തണം. ചുറ്റുപാടുകളിൽ ഒരു നേരത്തെ ഭക്ഷണത്തിന് വലയുന്നവർ അനേകരുണ്ട്. ആഫ്രിക്കയിലും അഭയാർഥിക്യാന്പുകളിലും പട്ടിണിമരണം ഇക്കാലത്തും നാം കാണുന്നുണ്ട്. ഒരു നാഴി അരി സ്വന്തമാക്കാൻ നിർബന്ധിതനായ അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിന്റെ ദൈന്യ ചിത്രം ഏവരുടെയും മനസിലുണ്ടാകും.
വിവാഹം, മനസമ്മതം, പിറന്നാൾ തുടങ്ങിയ ആഘോഷങ്ങളിൽ പങ്കുവയ്ക്കലിലെയും മിതത്വത്തിന്റെയും ശീലം പാലിച്ചാൽ എത്രയോ ദരിദ്രർക്ക് ആശ്വാസവും സഹായവുമായി മാറും. ആശുപത്രികളിൽ ചികിത്സയ്ക്ക് വകയില്ലാതെ കഴിയുന്നവരും അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഒരു ജോഡി വസ്ത്രം ആഗ്രഹിക്കുന്നവരും ഏറെപ്പേരാണ്. മുന്തിയ വിഭവങ്ങളുടെ രുചി ഒരിക്കലെങ്കിലും അറിയാൻ കൊതിക്കുന്ന കുട്ടികളെ കോളനികളിൽ കണ്ടിട്ടുണ്ട്. ആഘോഷങ്ങളിൽ അധികം വരുന്ന ഭക്ഷണത്തിന്റെ ചെറിയ പങ്ക് ഇല്ലാത്തവർക്കും വയ്യാത്തവർക്കും പങ്കുവയ്ക്കാനായാൽ ലഭിക്കുന്ന ധന്യത എത്രയോ വലുതായിരിക്കും. ഇതിൽപരം പുണ്യം വേറെ എന്തിരിക്കുന്നു. കോവിഡ് മഹാമാരിയുടെ ദിനങ്ങൾ നമ്മുക്കു തിരിച്ചറിവിന്റേതായിരുന്നു. തൊഴിലും വരുമാനവും ഇല്ലാതെ ഒരു റേഷൻ ഭക്ഷണക്കിറ്റിൽ ആഴ്ചകൾ തള്ളിവിട്ടവര് എത്രയോ പേരാണ്.
കപ്പയും ചക്കയും നാട്ടു വിഭവങ്ങളും ഭക്ഷിച്ച് വിശപ്പകറ്റാൻ അക്കാലത്ത് സന്പന്നരും ദരിദ്രരും നിർബന്ധിതരായി. സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിരുന്നതിനാൽ പണമുള്ളവർക്കുപോലും കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാഹചര്യമില്ലാതെ വന്നു. കോവിഡ് എളിമയിലേക്കും ലാളിത്യത്തിലേക്കും മടങ്ങാനുള്ള അനുഭവവും പാഠവുമായിരുന്നു. ഓരോ മണി അരിയും വിലപ്പെട്ടതാണ്. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. ഭക്ഷണം പ്ലേറ്റുകളില് മിച്ചംവയ്ക്കുന്ന ശീലം മാറ്റിയെടുക്കണം.
പി.യു. തോമസ്, നവജീവൻ