ടിക്കറ്റില്ലാതെ എസി കോച്ചിൽ അധ്യാപിക; ചോദ്യം ചെയ്ത ടിടിഇയോട് തട്ടിക്കയറി, വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു
Tuesday, October 7, 2025 7:16 PM IST
ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചിൽ യാത്ര ചെയ്ത ബീഹാർ സർക്കാർ ജീവനക്കാരിയായ അധ്യാപികയും ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ-യും തമ്മിലുണ്ടായ വാക്കുതർക്കം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഈ സംഭവത്തിന്റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്.
എസി കോച്ചിലിരുന്ന യുവതിയോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെടുന്നത് മുതലാണ് വീഡിയോ ആരംഭിക്കുന്നത്. താൻ ബീഹാറിലെ സർക്കാർ അധ്യാപികയാണെന്ന് യുവതി ആവർത്തിച്ച് പറയുകയുന്നുണ്ട്. എന്നാൽ യാത്ര ചെയ്യുന്നത് ഏത് കോച്ചിലാണെന്നതിന് തെളിവായി ടിക്കറ്റ് ഹാജരാക്കാൻ ടിടിഇ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഓരോ തവണ ചോദിക്കുമ്പോഴും "നിങ്ങൾ എന്നെ ബുദ്ധിമുട്ടിക്കുകയാണ്' എന്ന മറുപടിയാണ് യുവതി നൽകിയത്. "സർക്കാർ ഉദ്യോഗസ്ഥയായിട്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശരിയാണോ' എന്ന് ടിടിഇ ചോദിക്കുമ്പോഴും യുവതി ഫോണിൽ ആരോടോ സംസാരിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ടിടിഇയുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന യുവതി, അദ്ദേഹത്തോട് കോച്ചിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു. ടിടിഇ വിനയത്തോടെ സംസാരിച്ചിട്ടും വഴങ്ങാതെ വന്നതോടെ, യുവതി ഒടുവിൽ ടിടിഇയുടെ കൈയ്യിലിരുന്ന ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും, "ഒരു സ്ത്രീയുടെ ദൃശ്യങ്ങൾ ഇങ്ങനെ പകർത്താൻ നിങ്ങൾക്ക് അവകാശമില്ല' എന്ന് പറഞ്ഞ് തടസ്സപ്പെടുത്തുകയും ചെയ്തു.
താൻ ഡ്യൂട്ടിയുടെ ഭാഗമായാണ് സംസാരിക്കുന്നതെന്നും ടിക്കറ്റില്ലാത്ത യാത്ര നിയമവിരുദ്ധമാണെന്നും ടിടിഇ ആവർത്തിച്ചു വ്യക്തമാക്കി. ഒടുവിൽ യുവതിക്ക് ട്രെയിനിൽ നിന്നും പുറത്തു പോകേണ്ടി വന്നു. യാത്രാ ടിക്കറ്റുകൾ കൃത്യമായി പരിശോധിച്ച് നിയമപരമായ നടപടികൾ എടുക്കേണ്ട ഉദ്യോഗസ്ഥനോട്, ഡ്യൂട്ടിക്ക് തടസം വരുത്തുന്ന രീതിയിൽ സർക്കാർ ജീവനക്കാരി തന്നെ പെരുമാറിയ സംഭവം സമൂഹത്തിൽ വലിയ ചർച്ചയ്ക്ക് വഴിതുറന്നിട്ടുണ്ട്.
വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം 2.40 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കൊണ്ട് സംഭവം അതിവേഗം പ്രചരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങളിലെ നിയമലംഘനങ്ങളെക്കുറിച്ചും അതിനോട് അധികാരികൾ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുമുള്ള ചർച്ചകൾക്കാണ് ഈ വീഡിയോ ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്.