"നോ പ്രോബ്ലം, ബ്രദർ': പരിശോധനയില്ല, പാസ്പോർടും വേണ്ട : താലിബാൻ സൈനികരുടെ അപ്രതീക്ഷിത സ്നേഹം വൈറൽ
Wednesday, October 8, 2025 1:18 PM IST
ഇന്ത്യൻ സഞ്ചാരിക്ക് അഫ്ഗാനിസ്ഥാനിൽ നിന്നുമുണ്ടായ ഹൃദയസ്പർശിയായ ഒരനുഭവമാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പതിവ് പാസ്പോർട് പരിശോധനയ്ക്കായി തടഞ്ഞ താലിബാൻ സൈനികർ, താൻ ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ നിറപുഞ്ചിരിയോടെ സ്വീകരിക്കുകയും പരിശോധനകളൊന്നുമില്ലാതെ യാത്ര തുടരാൻ അനുവദിക്കുകയും ചെയ്തു.
സഞ്ചാരി തന്നെയാണ് സംഭവം തന്റെ ഹെൽമെറ്റിൽ ഘടിപ്പിച്ച ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അഫ്ഗാനിസ്ഥാനിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യാത്രികൻ ഒരു ചെക്ക്പോസ്റ്റിൽ തോക്കുമായി നിൽക്കുന്ന താലിബാൻ സൈനികർക്ക് മുന്നിൽ പരിശോധനക്കായി നിർത്തി.
എങ്ങോട്ടാണ് പോകുന്നതെന്നും ഏത് രാജ്യക്കാരനാണെന്നും സൈനികരിൽ ഒരാൾ ചോദിച്ചു. കാബൂളിലേക്കാണ് യാത്രയെന്നും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും സഞ്ചാരി മറുപടി നൽകി. ഈ മറുപടി കേട്ട ഉടൻ തന്നെ ആ സൈനിന്റെ മുഖത്ത് സൗഹൃദത്തിന്റെ നിറപുഞ്ചിരി വിടർന്നു.
പാസ്പോർട് പരിശോധനയ്ക്കായി സഞ്ചാരി തന്റെ രേഖകൾ എടുത്തു കാണിച്ചപ്പോൾ, "സഹോദരാ... നിങ്ങൾ ഇന്ത്യക്കാരനാണ്, പ്രശ്നമില്ല, പാസ്പോർട് വേണ്ട, പരിശോധനയും ഇല്ല' എന്ന് പറഞ്ഞ് ആ സൈനികൻ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഈ നിമിഷം ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലനമായി.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. "അഫ്ഗാനിസ്ഥാൻ തങ്ങളുടെ ഉറ്റ സുഹൃത്തുക്കളെ എങ്ങനെയാണ് സൽക്കരിക്കുന്നത്' എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന ഈ വീഡിയോയുടെ താഴെ നിരവധി ആളുകളാണ് കമന്റുകൾ നൽകിയത്.
സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരും ഈ രംഗത്തെ ഹൃദയസ്പർശിയായ നിമിഷമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഈ ബന്ധം രാഷ്ട്രീയത്തിനപ്പുറമാണ്, അത് പതിറ്റാണ്ടുകളുടെ സൗഹൃദത്താലും സംസ്കാരത്താലും മനുഷ്യത്വത്താലും കെട്ടിപ്പടുത്തതാണ്. ഭയമില്ല, സംശയമില്ല, യഥാർത്ഥ സൗഹൃദത്തിന്റെ ശക്തിയാണിതെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.