ഭോജ്പുരി തരംഗം ന്യൂയോർക്കിൽ: അമേരിക്കൻ യുവതിയുടെ കിടിലൻ ഡാൻസ് വൈറൽ
Wednesday, October 8, 2025 7:15 PM IST
ലോകമെമ്പാടുമുള്ള നഗരവീഥികളിൽ ഇന്ത്യൻ സംഗീതത്തിന്‍റെ താളം മുഴങ്ങുന്നത് പതിവായിരിക്കുകയാണ്. ലണ്ടനിലെ തിരക്കുകളിൽ ബോളിവുഡ് ഗാനങ്ങൾക്കനുസരിച്ച് ഇന്ത്യക്കാർ ചുവടുവെക്കുന്നതും, പാരീസിലെ തെരുവോരങ്ങളിൽ ആളുകൾ നൃത്തം ചെയ്യുന്നതും മൊബൈൽ ഫോണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടാറുണ്ട്.
എന്നാൽ, ഈ പ്രവണതയെ പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു യുവതി. ഇത്തവണ ഒരു വിദേശ യുവതി നൃത്തം ചെയ്യുന്നത് ബോളിവുഡിനല്ല, മറിച്ച് ഇന്ത്യയിലെ പ്രാദേശിക സംഗീത ശാഖയായ ഭോജ്പുരി ഗാനത്തിനാണ് എന്നതാണ് ശ്രദ്ധേയം.
ന്യൂയോർക്ക് സിറ്റിയുടെ തിരക്കേറിയ ക്രോസ് വാക്കിന് നടുവിൽ ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുന്ന അമേരിക്കൻ യുവതിയെയാണ് ഈ വൈറൽ വീഡിയോയിൽ കാണാൻ കഴിയുന്നത്. സാധാരണമായ തെരുവോരത്തെ, തത്സമയ ആഘോഷ വേദിയാക്കി മാറ്റിക്കൊണ്ട് യുവതിയുടെ ചലനങ്ങൾ ഭോജ്പുരി ട്രാക്കിന്‍റെ താളവുമായി ലയിച്ചു.
ഈ ദൃശ്യങ്ങൾ നിമിഷനേരം കൊണ്ട് ഇന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഭോജ്പുരി സംഗീതം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നതിൽ സന്തുഷ്ടരായ ആരാധകർ നിരവധി കമന്‍റുകളുമായി രംഗത്തെത്തി.
16 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ ഈ വീഡിയോയ്ക്ക് താഴെ "ലോകത്തിന് മുന്നിൽ ഭോജ്പുരിയെ പ്രതിനിധീകരിച്ചതിന് നന്ദി. ശരിക്കും ഒരു ഉണർവ് നൽകുന്ന കാഴ്ചയാണിത്, ഭോജ്പുരി ഗാനങ്ങൾക്ക് മാത്രമേ ന്യൂയോർക്ക് തെരുവുകളെ കല്യാണവീടിന്‍റെ പ്രതീതിയിലെത്തിക്കാൻ സാധിക്കൂ'എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളുമായി ആളുകളെത്തി.
ഒരു പ്രാദേശിക ഇന്ത്യൻ സംഗീത ശാഖ, അതിരുകൾ ഭേദിച്ച് ലോകവേദിയിൽ ശ്രദ്ധ നേടുന്നതിന്‍റെയും സാംസ്കാരിക വിനിമയത്തിന്‍റെയും മനോഹരമായ ഉദാഹരണമായി ഈ വീഡിയോ മാറിക്കഴിഞ്ഞു.