ഇൻഡോറിലെ നടുറോഡിൽ കയ്യാങ്കളി: ബൈക്ക് യാത്രികരുടെ "ധൂം' സ്റ്റൈൽ പോരാട്ടം വൈറലാകുന്നു
Wednesday, October 8, 2025 8:05 PM IST
മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് "എക്സ്' പ്ലാറ്റ്ഫോമിൽ തരംഗമായിരിക്കുന്നത്. റോഡിലൂടെ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ നാടകീയ രംഗങ്ങൾ മൊബൈലിൽ പകർത്തിയത്.
സംഭവം തുടങ്ങുന്നത് രണ്ട് ബൈക്ക് യാത്രികർ തമ്മിലുള്ള അപകടകരമായ ഡ്രൈവിംഗിലൂടെയാണ്. മുന്നോട്ട് പോകവെ, ഒരു ബൈക്ക് യാത്രികൻ മറ്റേയാളെ കാൽ കൊണ്ട് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നു.
നിമിഷനേരം കൊണ്ട് നിയന്ത്രണം തെറ്റിയ യാത്രകൻ ബാലൻസ് വീണ്ടെടുത്തെങ്കിലും, ഇരുവരുടെയും മാനസിക നിയന്ത്രണം പൂർണ്ണമായും നഷ്ടമായി. ബൈക്കുകൾ നടുറോഡിൽ ഉപേക്ഷിച്ച്, അവർ പരസ്പരം ശാരീരികമായി ഏറ്റുമുട്ടാൻ തുടങ്ങി. തല്ലും ഇടികളും കൊണ്ട് റോഡിനെ ഒരു താൽക്കാലിക ഗുസ്തിക്കളമാക്കി ഇരുവരും മാറ്റി.
അടിയുടെ ആഘാതത്തിൽ ഒരാൾ നിലത്തുവീഴുകയും അതേയാൾ പല തവണ അടിവാങ്ങുന്നതും വീഡിയോയിൽ കാണാം. മുഖത്തേറ്റ ശക്തമായ ഒരടിയിൽ അയാൾ നിലംപതിക്കുന്നതോടെ വീഡിയോ പെട്ടെന്ന് അവസാനിക്കുന്നു.
ഇതിനോടുള്ള ആളുകളുടെ പ്രതികരണങ്ങളും രസകരമായിരുന്നു. "ആരെങ്കിലും ഇതിനൊരു ഡബ്ല്യൂഡബ്ല്യൂഇ കമന്ററി ചേർക്കൂവെന്നും, വാക്കുകൊണ്ടുള്ള യുദ്ധമില്ല, ഇതാണ് യഥാർത്ഥ ബോളിവുഡ് ഫൈറ്റ് എന്നും 2004-ലെ പ്രശസ്ത ആക്ഷൻ ചിത്രമായ ധൂം സിനിമയെ ഓർമ്മിപ്പിച്ചുകൊണ്ട്, ഇതൊരു ധൂം പ്രചോദിത പോരാട്ടമാണോ?' എന്നുമെല്ലാം ആളുകൾ അഭിപ്രായപ്പെട്ടു.