"ആമയും മുയലും വീണ്ടും ഓട്ടമത്സരത്തിൽ' : അന്താരാഷ്ട്ര ശ്രദ്ധ നേടി ചൈനീസ് കുട്ടികളുടെ നൃത്തം
Tuesday, October 7, 2025 8:03 PM IST
പഴയൊരു ലോകോത്തര കെട്ടുകഥയ്ക്ക് നൃത്തഭാഷയിൽ പുതിയൊരു മാനം നൽകി, ചൈനയിൽ നിന്നുള്ള കൊച്ചുകൂട്ടുകാരുടെ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. "ദി ടോർട്ടോയിസ് ആൻഡ് ദി ഹെയർ റേസ് എഗെയ്ൻ'എന്ന് പേരിട്ടിൽ, വെറും രണ്ടുമിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ നൃത്തം, ബീജിങ്ങിലെ മെങ്ചി ആർട്സ് സെന്ററിലെ വിദ്യാർത്ഥികളാണ് അവതരിപ്പിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈസോപ്പിന്റെ അനശ്വരമായ കഥയുടെ രസകരമായ തുടർഭാഗമായാണ് ഈ അവതരണം.
പച്ചവേഷമണിഞ്ഞ "ആമകളും' വേഗതയുടെ പ്രതീകമായ വയലറ്റ് നിറത്തിലുള്ള "മുയലുകളും' തമ്മിലുള്ള ഓട്ടമത്സരം അതിഗംഭീരമായ കൊറിയോഗ്രഫിയിലൂടെയും, ഒരേ താളത്തിലുള്ള ചലനങ്ങളിലൂടെയുമാണ് കുട്ടികൾ വേദിയിൽ പുനരവതരിപ്പിച്ചത്.
കുട്ടികളുടെ അതിശയിപ്പിക്കുന്ന ഏകോപനവും, ഭാവനാസമ്പന്നമായ കഥപറച്ചിലിനും ലോകമെമ്പാടുമുള്ള പ്രേക്ഷകർ മികച്ച പ്രതികരണമാണ് നൽകിയത്. ചൊറിയോഗ്രഫർ കാവോ ലേയിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഈ നൃത്തം, 19-ാമത് ബീജിംഗ് ഡാൻസ് കോമ്പറ്റീഷനിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങിയ ഈ പ്രകടനം, വെറുമൊരു മത്സരനൃത്തത്തിൽ ഉപരിയായി, വിദ്യാഭ്യാസ സമ്മർദ്ദങ്ങൾക്കിടയിലെ കുട്ടികളുടെ ജീവിതത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയായാണ് ചിലർ വിലയിരുത്തിയത്.
അഞ്ചുമുതൽ പത്തുവയസുവരെയുള്ള ഈ കുട്ടികൾ, തങ്ങളുടെ പ്രായത്തെ അതിശയിപ്പിക്കുന്ന കൃത്യതയോടെയാണ് മെയ് വഴക്കമുള്ള കറക്കങ്ങളും, കൂട്ടമായുള്ള മറിഞ്ഞുവീഴലുകളും, താളാത്മകമായ ചലനങ്ങളുമെല്ലാം ചെയ്തത്.
ഇത് സാധ്യമാക്കിയത് അവരുടെ ചിട്ടയായ പരിശീലനത്തിലൂടെയാണെന്ന് സംഘാടകർ ഉറപ്പുവരുത്തി. കൊറിയോഗ്രഫി അതിഗംഭീരം, കുട്ടികളുടെ പ്രകടനം മനോഹരവും ഓമനത്തമുള്ളതുമായിരുന്നുവെന്നും അവിശ്വസനീയമായ കോഡിനേഷൻ തുടങ്ങിയ നിരവധി അഭിപ്രായങ്ങൾ ആളുകൾ പങ്കുവെച്ചു.
കുട്ടികളുടെ കഴിവിലും, കൊറിയോഗ്രഫിയുടെ ക്രിയാത്മകതയിലും ലോകമെമ്പാടുമുള്ള കാഴ്ചക്കാർ അത്ഭുതം രേഖപ്പെടുത്തുന്നു. ഈ നൃത്തം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായതോടെ പലരും ഇത് അനുകരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.