"ഇത് എന്റെ ഏരിയ': രൺതംബോറിൽ ഏറ്റുമുട്ടി അമ്മക്കടുവയും മകളും
Thursday, October 9, 2025 6:17 PM IST
കടുവാ സങ്കേതത്തിലെ ശ്രദ്ധേയമായ സോൺ മൂന്നിലെ അതിർത്തി പ്രദേശത്തിന്മോൽ ആധിപത്യം സ്ഥാപിക്കാൻ അമ്മക്കടുവയായ റിദ്ധിയും മകൾ മീരയും തമ്മിലായിരുന്നു ഈ ഏറ്റുമുട്ടൽ.
ഈ ശക്തമായ പോരാട്ടം ഏകദേശം രണ്ടു മിനിറ്റോളം നീണ്ടുനിന്നു. ഒടുവിൽ, പ്രായത്തിലും ശക്തിയിലും മുന്നിട്ടുനിന്ന അമ്മക്കടുവ, മീരയെ കീഴടക്കി. എന്നാൽ ഈ തീവ്രമായ ഏറ്റുമുട്ടലിൽ ഇരു കടുവകൾക്കും പരിക്കുകൾ സംഭവിച്ചിട്ടുണ്ട്.
പ്രഭാത സഫാരിയുടെ സമയത്ത് ഇരു കടുവകളും അടുത്തടുത്ത് കണ്ടപ്പോഴാണ് സംഘർഷം ഉടലെടുത്തതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രായപൂർത്തിയായ കടുവകൾ സ്വന്തമായി താവളം സ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം പോരാട്ടങ്ങൾ സാധാരണമാണ്.
ഇവിടെ മീര തന്റെ അമ്മയായ റിദ്ധിയുടെ ആധിപത്യത്തെ വെല്ലുവിളിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. തുടർന്ന്, കാടിനുള്ളിൽ ശക്തമായ ഗർജ്ജനങ്ങളോടെ തീവ്രമായ ഏറ്റുമുട്ടൽ അരങ്ങേറി. പോരാട്ടം പെട്ടെന്ന് അവസാനിച്ചെങ്കിലും അതിന്റെ കാഴ്ച സന്ദർശകരെ അത്ഭുതപ്പെടുത്തി.
ഒടുവിൽ, അമ്മക്കടുവയുടെ ശക്തിക്കുമുന്നിൽ പിടിച്ചുനിൽക്കാനാകാതെ മീരയ്ക്ക് തോൽവി സമ്മതിച്ച് വനത്തിന്റെ ഉൾഭാഗത്തേക്ക് പിൻവാങ്ങേണ്ടിവന്നു. വിനോദസഞ്ചാരികളിൽ ഒരാൾ പകർത്തിയ ഈ നാടകീയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.