ഹാലോവീൻ: മത്തങ്ങകൾ കളിപ്പാട്ടങ്ങളായി മാറുന്നു; മൃഗശാലകളിൽ വന്യജീവികളുടെ വിസ്മയക്കാഴ്ച!
Monday, October 20, 2025 5:27 PM IST
ഹാലോവീൻ ആഘോഷത്തിന്റെ അലകൾ അമേരിക്കയിലെ മൃഗശാലകളിലും എത്തിച്ചേർന്നിരിക്കുകയാണ്. രസകരവും, വന്യജീവികൾക്ക് അനുയോജ്യവുമായ രീതിയിലുമാണ് ഇത്തവണ മൃഗശാലകളിൽ ഹാലോവീൻ ഒരുക്കിയിട്ടുള്ളത്.
ജാക്ക്-ഓ-ലാന്റേണുകൾ പോലെ രൂപപ്പെടുത്തിയ മത്തങ്ങകളിൽ നഖങ്ങളാഴ്ത്തുന്ന പുലികൾ, സന്തോഷത്തോടെ ഭീമൻ മത്തങ്ങകൾ ചവിട്ടിയരയ്ക്കുന്ന ആനകൾ എന്നിങ്ങനെ, മൃഗങ്ങൾക്ക് മാനസികവും ശാരീരികവുമായ ഉത്തേജനം നൽകുന്ന പരിപാടികളിലൂടെയാണ് മൃഗശാലകൾ ഈ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചത്.
പ്രകൃതിദത്തമായ വേട്ട വാസനകൾ ഉണർത്തുന്നതിനായി പ്രത്യേകം സജ്ജീകരിച്ച, ഇറച്ചി നിറച്ച മത്തങ്ങകൾ കീറിമുറിച്ച് ആസ്വദിക്കുന്ന മിൽവാക്കി കൗണ്ടി മൃഗശാലയിലെ പുലിയുടെ ദൃശ്യം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മൃഗങ്ങളുടെ ഈ "എൻറിച്ച്മെന്റ്' പ്രവർത്തനങ്ങൾ വിനോദവും അത്യന്താപേക്ഷിതവുമാണെന്ന് മൃഗശാലാ ജീവനക്കാർ പറയുന്നു.
ഇത്തരം വിഭവങ്ങൾ വന്യജീവികളുടെ സ്വാഭാവികമായ പെരുമാറ്റരീതികൾ പുറത്തുകൊണ്ടുവരാനും വിരസത ഒഴിവാക്കാനും സഹായിക്കുന്നു. അതുപോലെ, പോർട്ട്ലൻഡിലെ ഒറിഗോൺ മൃഗശാലയിൽ എല്ലാ വർഷവും നടത്തുന്ന "സ്ക്വിഷിംഗ് ഓഫ് ദി സ്ക്വാഷ്' എന്ന പരിപാടിയും സന്ദർശകരുടെ ഇഷ്ടവിനോദമാണ്.
ഇവിടെ ഭീമാകാരന്മാരായ ആനകൾ കൂട്ടമായി ചേർന്ന് മത്തങ്ങകൾ ചവിട്ടി ഉടയ്ക്കുകയും, പിന്നീട് അവ സന്തോഷത്തോടെ ഭക്ഷിക്കുകയും ചെയ്യുന്നു. ഈ വിനോദങ്ങൾ ആനകളുടെ തീറ്റ തേടൽ രീതികളെ അനുകരിക്കുകയും ശാരീരിക വ്യായാമം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ അവയുടെ ആരോഗ്യവും മാനസിക ഉണർവും വർദ്ധിപ്പിക്കുന്നു.
ഈ രണ്ടു പ്രധാന സംഭവങ്ങൾക്ക് പുറമെ, രാജ്യത്തെ നിരവധി മൃഗശാലകളിൽ അവിടുത്തെ മൃഗങ്ങളുടെ ഇഷ്ട്ടങ്ങൾക്കും ഭക്ഷണരീതിക്കും ഇണങ്ങുന്ന തരത്തിൽ മത്തങ്ങകൾ ഉപയോഗിച്ചുള്ള പലതരം വിരുന്നുകൾ ഒരുക്കുന്നുണ്ട്. കടുവകൾക്ക് മത്തങ്ങകളിൽ ഒളിപ്പിച്ച മാംസം നൽകുന്നത് ഇതിൽ ഒന്നാണ്.
ഇതിലൂടെ മൃഗങ്ങളുടെ ചിന്താശേഷി വർദ്ധിപ്പിക്കാനും പുതിയ ഗന്ധങ്ങളും രൂപങ്ങളുമായി ഇടപഴകാനും അവസരം ലഭിക്കുന്നു. മൃഗങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട്, കണ്ണിന് കുളിർമയേകുന്ന ചിത്രങ്ങൾക്കപ്പുറം മൃഗപരിപാലനത്തിന്റെ പ്രധാന ഘടകമാണ് ഇത്തരം ഹാലോവീൻ "എൻറിച്ച്മെന്റ്' എന്ന് മൃഗശാലാ അധികൃതർ അടിവരയിടുന്നു.