മനുഷ്യത്വത്തിന്റെ ബ്രേക്ക്: സുവർണ തൂവലുകൾക്കായ്, ചുവന്ന സിഗ്നൽ; പ്രകൃതിയും മനുഷ്യനും ഒന്നിച്ച നിമിഷം
Wednesday, October 22, 2025 1:31 AM IST
മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ കർജത്ത്-ഖോപോളി റെയിൽവേ റൂട്ടിലെ യാത്രക്കാർക്ക് അവിസ്മരണീയമായൊരു ദൃശ്യാനുഭവം ലഭിച്ചു. തിരക്കിട്ട ദൈനംദിന യാത്രയ്ക്കിടയിൽ, ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിൽ റെയിൽവേ ട്രാക്കിലൂടെ നടന്നു നീങ്ങുന്ന കാഴ്ച ആളുകളെ അത്ഭുതപ്പെടുത്തി.
ട്രെയിൻ അടുത്തെത്തിയപ്പോഴാണ് ട്രാക്കിലേക്ക് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട മയിൽ, ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ലോക്കോ പൈലറ്റ് അടിയന്തിരമായി ബ്രേക്ക് ചെയ്ത് ട്രെയിൻ പൂർണമായും നിർത്തി. അദ്ദേഹത്തിന്റെ ഈ ജാഗ്രതയും ദയയും നിറഞ്ഞ പ്രതികരണം മയിലിന്റെ ജീവൻ രക്ഷിക്കാൻ കാരണമായി.
സമീപത്തുണ്ടായിരുന്നവരും ട്രെയിനിലെ യാത്രക്കാരും ഏതാനും മിനിറ്റുകൾ ഈ കാഴ്ച, കണ്ണിമയ്ക്കാതെ നോക്കി നിന്നു. ശാന്തനായി ട്രാക്കിലൂടെ നടന്നു നീങ്ങിയ മയിൽ, യാത്രക്കാർക്കും കാഴ്ചക്കാർക്കും കൗതുകമുണർത്തിക്കൊണ്ട് പിന്നീട് സമീപത്തുള്ള വനമേഖലയിലേക്ക് പറന്നുയർന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്. സാഹചര്യം സൗമ്യമായി കൈകാര്യം ചെയ്ത ലോക്കോ പൈലറ്റിനെ പ്രശംസിച്ച് നിരവധി ആളുകൾ രംഗത്തുവന്നു.
കർജത്ത്-ഖോപോളി മേഖല, പശ്ചിമഘട്ട മലനിരകളോടും വനങ്ങളോടും ചേർന്ന് കിടക്കുന്നതിനാൽ മയിലുകളെ അപൂർവമായി കാണാറുണ്ട്. എങ്കിലും, ഇത്രയധികം ട്രെയിനുകൾ ഓടുന്ന ഒരു റെയിൽവേ ട്രാക്കിന് സമീപത്ത് മയിലിനെ കണ്ടത് അസാധാരണമാണ്.
അതിരുകൾ വികസിക്കുന്ന നഗരപ്രദേശങ്ങൾക്കിടയിൽ വന്യജീവികൾക്ക് വേണ്ടിയുള്ള ഇടങ്ങൾ കുറയുന്നതിനെക്കുറിച്ചുള്ള മൃദവായ ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം. ലോക്കോ പൈലറ്റിന്റെ മനുഷ്യത്വപരമായ ഇടപെടൽ മൂലം പ്രകൃതിയുടെ സൗന്ദര്യവും വന്യജീവിയോടുള്ള സ്നേഹവും ഒരുമിച്ചു കണ്ട ഈ നിമിഷം, മനോഹരമായ കാഴ്ചയായി മാറി.