ഇനി നീന്തിത്തുടിക്കാം, ആകാശത്ത്! അന്തരീക്ഷത്തിൽ നിർമിച്ച സുതാര്യ നീന്തൽക്കുളം തുറക്കുന്നു
Thursday, November 19, 2020 4:56 PM IST
നാട്ടിലെ കുളത്തിലും പുഴയിലുമെല്ലാം നീന്തിക്കുളിക്കുന്നതും കൂട്ടുകാർക്കൊപ്പം ചാടി മറിയുന്നതുമൊക്കെ ചിലർക്കെങ്കിലും നൊസ്റ്റാൾജിയ അടിക്കുന്ന ഓർമകളാകും. എന്നാലേ ആകാശത്തെ സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതോ?
ആകാശത്ത് എവിടെ പൂൾ എന്നു ചിന്തിക്കാൻ വരട്ടെ. നല്ല അഡാർ ഒരു ഐറ്റം അങ്ങ് ലണ്ടനിൽ ഒരുങ്ങുകയാണ്. ലോകത്തിലെ ആദ്യ ട്രാൻസ്പരന്റ് സ്കൈ സ്വിമ്മിംഗ് പൂളാണ് ലണ്ടനിലെ വോക്സ്ഹാളിൽ, പുതിയ യുഎസ് എംബസിക്ക് അരികിൽ ഒരുങ്ങുന്നത്.

എംബസി ഗാർഡൻസിന്റെ പ്രധാന ആകർഷണം തന്നെ ഈ സ്കൈ പൂൾ ആണ്. അക്വേറിയത്തിന്റെ മാതൃകയിൽ നിർമിച്ചിരിക്കുന്ന സ്വിമ്മിംഗ് പൂൾ രണ്ട് ടവറുകൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. അതായത് ഒരാൾ താഴെ നിന്ന് മുകളിലേക്കു നോക്കിയാൽ സ്വിമ്മിംഗ് പൂൾ ആകാശത്ത് ആണെന്നേ തോന്നുകയുള്ളൂ.
കോളറാഡോയിൽ നിർമിച്ച സ്വിമ്മിംഗ് പൂൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രെയ്ൻ ഉപയോഗിച്ചാണ് 115 അടി ഉയരത്തിലേക്ക് ഉയർത്തിയത്. കൊളറാഡോയിൽ നിന്ന് 6871 കിലോമീറ്റർ താണ്ടിയാണ് സ്വിമ്മിംഗ് പൂൾ ലണ്ടനിൽ എത്തിയത്.

പൂർണമായും ഗ്ലാസ് ഉപയോഗിച്ചാണ് സ്വിമ്മിംഗ് പൂൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ടവറിൽ നിന്ന് അടുത്ത ടവറിലേക്ക് നീന്തുന്നതിനിടയിൽ സെൻട്രൽ ലണ്ടനിലെ കാഴ്ചകളെല്ലാം കാണാൻ സാധിക്കും. പൂളിനോടു ചേർന്നു തന്നെ സ്പായും സമ്മർബാറുമെല്ലാം റെഡിയാണ്.
എക്കോ വേൾഡ് ബാലിമോർ ഡെവലപ്പേഴ്സിനാണ് പൂളിന്റെ നിർമാണ ചുമതല. ഹാൽ ആർക്കിടെക്ട്സ് ആണ് ഡിസൈൻ മേൽനോട്ടം വഹിച്ചത്. 25 മീറ്റർ നീളമുള്ള പൂളിൽ 1,48,000 ലിറ്റർ വെള്ളം നിറയ്ക്കാം. പൂളിന്റെ ശക്തി പരീക്ഷണം യുഎസിലെ ഫാക്ടറിയിൽ പൂർത്തിയാക്കിയ ശേഷമാണ് ഇത് ലണ്ടനിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഈ ആഡംബര സ്വിമ്മിംഗ് പൂളിന്റെ നിർമാണ ചെലവ് എത്രയെന്ന് വ്യക്തമല്ല.

എക്കോ വേൾഡ് ബാലിമോർ പദ്ധതിയിലെ അവസാന റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. 2020 തുടക്കത്തിൽ സ്വിമ്മിംഗ് പൂളിന്റെ പ്രവർത്തനം പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതിസന്ധികൾ മൂലം ഇതു വൈകി.
2021 മാർച്ച് മാസത്തോടെ സ്വിമ്മിംഗ് പൂൾ അതിഥികൾക്ക് തുടന്നു കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് നിർമാണ ചുമതല വഹിക്കുന്നവർ.