മനോഹര കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍
Wednesday, September 25, 2024 11:33 AM IST
ലോകത്ത് ഓരോ ദിനവും പുതിയ പുതിയ ട്രെയിനുകള്‍ എത്തുകയാണല്ലൊ. മിക്കവയും വേഗത്തെ മുന്‍ നിര്‍ത്തിയാകും ശ്രദ്ധയാകര്‍ഷിക്കുക. അതിവേഗ തീവണ്ടികളുടെ കാര്യത്തില്‍ ജപ്പാനും ചൈനയുമൊക്കെ വലിയ മത്സരമാണ് കാഴ്ച വയ്ക്കുന്നത്.
എന്നാല്‍ ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടൊ. സ്വിറ്റ്സര്‍ലന്‍ഡിന്റെ ഹൃദയഭാഗത്ത് കൂടി ചൂളം വിളിച്ചു കടന്നുപോകുന്ന ഗ്ലേസിയര്‍ എക്സ്പ്രസ് ആണ് ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍. ശരാശരി മണിക്കൂറില്‍ 37 കി.മീ. വേഗത്തിലാണ് ഇതിന്റെ സഞ്ചാരം.

"വിശ്രമിക്കുന്ന എക്സ്പ്രസ്' എന്നും അറിയപ്പെടുന്ന ഈ ട്രെയിന്‍ 290 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ട് മണിക്കൂര്‍ എടുക്കും. എന്നാൽ മനം കവരുന്ന അനുഭവമാണ് ഈ ട്രെയിന്‍ സമ്മാനിക്കുകയത്രെ.
മധ്യ സ്വിസ് ആല്‍പ്സിലെ രണ്ട് പ്രധാന പര്‍വത റിസോര്‍ട്ടുകളുടെ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ട്രെയിനാണ് ഗ്ലേസിയര്‍ എക്സ്പ്രസ്. ആല്‍പ്സ് പര്‍വതനിരകളിലൂടെയുള്ള യാത്ര അതിമനോഹരമായ ലാന്ഡ്സ്കേപ്പുകളും അത്യാധുനിക രൂപകല്‍പ്പനയും കൊണ്ട് യാത്രക്കാരെ വശീകരിക്കുന്ന ഒന്നുതന്നെയാണ്.

91 തുരങ്കങ്ങളിലൂടെയും 291 പാലങ്ങളിലൂടെയും കടന്നാണ് ഈ യാത്ര. 2,033 മീറ്റര്‍ ഉയരത്തിലുള്ള ഒബെറാള്പ് ചുരത്തിലൂടെയും ഈ ട്രെയിന്‍ യാത്രക്കാരെ കൊണ്ടുപോകുന്നു. മഞ്ഞുമൂടിയ മലനിരകളും അഗാധ ഗോര്ജുകളും മുതല്‍ ശാന്തമായ ആല്‍പൈന്‍ പുല്‍മേടുകളും ആകര്‍ഷകമായ ഗ്രാമങ്ങളും വരെയുള്ള അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു.
ട്രെയിനിന്റെ വിപുലമായ പനോരമിക് ജനാലകള്‍ അതുല്യമായ കാഴ്ചകളെ തടസമില്ലാതെ ആസ്വദിക്കാന്‍ പ്രാപ്തമാക്കും.വഴിയിലെ ലാന്‍ഡ്വാസര്‍ വയഡക്റ്റ് ശ്രദ്ധേയമാണ്. ഇത് ലാന്‍ഡ്വാസര്‍ നദിക്ക് മുകളിലൂടെ 65 മീറ്റര്‍ ഉയരമുള്ള ഒരു കമാന പാലമാണ്.

വേഗത കുറവാണെങ്കിലും, ഗ്ലേസിയര്‍ എക്സ്പ്രസ് ഒരു ആഡംബര യാത്രാനുഭവം പ്രദാനം ചെയ്യുന്നു. വിശാലവും സുഖപ്രദവുമായ ഇരിപ്പിടങ്ങള്‍. യാത്രക്കാര്‍ക്ക് ഫസ്റ്റ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ തെരഞ്ഞെടുക്കാം. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ വിശാലമായ സീറ്റുകളും അവരുടെ സീറ്റുകളില്‍ വിളമ്പുന്ന രുചികരമായ ഭക്ഷണവും പോലുള്ള അധിക സൗകര്യങ്ങള്‍ ആസ്വദിക്കാനാകും. കടന്നുപോകുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്കാരം, പ്രകൃതി സൗന്ദര്യം എന്നിവ വിവരിക്കുന്ന ഓഡിയോ ഗൗഡും ട്രെയിനിലുണ്ട്.
ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ എക്സ്പ്രസ് തീവണ്ടി എന്ന വിശേഷണം ഗ്ലേസിയര്‍ എക്സ്പ്രസിനുണ്ടാകാം. എന്നാല്‍ ലോകത്തിലെ ഏറ്റവും മനംമയക്കുന്ന തീവണ്ടി യാത്ര എന്ന വിശേഷണവും ഈ ട്രെയിനര്ഹതപ്പെട്ടതാണ്. അതേ ഈ ട്രെയിനില്‍ നിന്നിറങ്ങുന്ന ഒരോ യാത്രികനും തന്റെ ഹൃദയം അവിടെ നിന്നും കൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം....