റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടിയ യുവാവിന് രക്ഷകയായി ഹൈസ്കൂൾ വിദ്യാർഥിനി
Wednesday, October 8, 2025 2:53 PM IST
ലൂസിയാനയിലെ മോസ് ബ്ലഫ് എന്ന സ്ഥലത്തെ ബുഡാറ്റൻ ഏഷ്യൻ ക്യുസൈൻ എന്ന റെസ്റ്റോറന്റിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. റെസ്റ്റോറന്റിലെ ജോലിക്കാരിയും ഹൈസ്കൂൾ വിദ്യാർഥിനിയുമായ മാഡിസൺ ബ്രൈഡെൽസ് തന്റെ അസാമാന്യമായ ധൈര്യം കൊണ്ട് ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചതാണ് വീഡിയോയുടെ ഉളളടക്കം.
ഹാലോവീൻ ആഘോഷങ്ങൾക്കായി റെസ്റ്റോറന്റ് അലങ്കരിക്കുന്ന തിരക്കിലായിരുന്നു മാഡിസൺ. ഈ സമയം, ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കസ്റ്റമർക്ക് പെട്ടെന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. വേദനകൊണ്ട് പുളഞ്ഞ്, അയാൾ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും ശ്വാസം കിട്ടാതെ കൈകൾ വീശുന്നതും മാഡിസൺ ശ്രദ്ധിച്ചു.
ഈ സമയം മറ്റുള്ളവരുടെ സഹായത്തിനായി കാത്തുനിൽക്കാതെ മാഡിസൺ കസ്റ്റമറുടെ അടുത്തേക്ക് ഓടിയെത്തി. തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം നീക്കം ചെയ്യാനുള്ള ഹൈംലിക്ക് മാനുവർ എന്ന പ്രഥമശുശ്രൂഷാ രീതി ഒട്ടും മടിയില്ലാതെ മാഡിസൺ അയാളിൽ പ്രയോഗിച്ചു.
നിമിഷങ്ങൾക്കുള്ളിൽ, കുടുങ്ങിയ വസ്തു പുറത്തേക്ക് പോവുകയും ആയാൾക്ക് സാധാരണ നിലയിൽ ശ്വാസം ലഭിക്കുകയും ചെയ്തു. ജീവൻ തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിൽ അയാൾ നിന്നപ്പോൾ, കണ്ടുനിന്നവർക്ക് നന്ദി പറയാൻ പോലും അവസരം നൽകാതെ, മാഡിസൺ യാതൊന്നും സംഭവിക്കാത്ത മട്ടിൽ തന്റെ ജോലിയിലേക്ക് തിരിച്ചുപോവുകയായിരുന്നു.
മാഡിസൺ ബ്രൈഡെൽസിന്റെ ഈ ധീരമായ പ്രവൃത്തിയുടെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് വലിയ രീതിയിൽ പ്രചരിക്കുകയും നിരവധി പേർ മാഡിസണിനെ അഭിനന്ദിക്കുകയും ചെയ്തു. "ഞാനൊരിക്കലും എന്നെ ഒരു രക്ഷകയായി കരുതുന്നില്ല. അതൊരു സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു. ആർക്കുവേണ്ടിയും ഞാനത് ചെയ്യുമായിരുന്നു',എന്നാണ് ഈ സംഭവത്തെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങളോട് മാഡിസൺ പ്രതികരിച്ചത്.
"ഒന്നും അറിയാത്തതുപോലെ അവൾ തിരികെ നടന്നുപോയത് കണ്ടോ, അവൾ ശരിക്കും കൂളാണ്' എന്നിങ്ങനെ നിരവധി രസകരമായ കമന്റുകൾ മാഡിസണിനെ അഭിനന്ദിച്ചുകൊണ്ടെത്തി.