സ്വകാര്യ ജെറ്റ് റൺവേയിൽ നിന്നും തെന്നിമാറി; ഉത്തർപ്രദേശിൽ വൻ അപകടം ഒഴിവായി
Thursday, October 9, 2025 2:56 PM IST
ഉത്തർപ്രദേശിലെ ഫറൂഖാബാദിലുള്ള മുഹമ്മദാബാദ് എയർസ്ട്രിപ്പിൽ നിന്ന് ഭോപ്പാലിലേക്ക് പുറപ്പെട്ട സ്വകാര്യ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടപ്പെട്ട് റൺവേയിൽ നിന്ന് തെന്നിമാറി. വ്യാഴാഴ്ച രാവിലെ 10.30-ഓടെയാണ് സംഭവം.
വുഡ്പെക്കർ ഗ്രീനഗ്രി ന്യൂട്രിയന്റ്സ് പ്രൈവെറ്റ് ലിമിറ്റെഡ് എന്ന സ്വകാര്യ ഭക്ഷ്യ സംസ്കരണ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം ഏകദേശം 400 മീറ്ററോളം ദൂരം തെന്നിമാറി നിലച്ചുവെങ്കിലും വലിയ ദുരന്തം ഒഴിവാവുകയും യാത്രക്കാർക്ക് ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടാൻ സാധിക്കുകയും ചെയ്തു.
വിമാനത്തിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അജയ് അറോറ, എസ്ബിഐ ഹെഡ് സുമിത് ശർമ്മ, ബിപിഒ രാകേഷ് ടിക്കു എന്നിവരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ക്യാപ്റ്റൻ നസീബ് ബമാൽ, ക്യാപ്റ്റൻ പ്രതീക് ഫെർണാണ്ടസ് എന്നിവരാണ് ജെറ്റ് വിമാനം നിയന്ത്രിച്ചിരുന്നത്.
"വി.ടി ഡേ' എന്നറിയപ്പെടുന്ന ഈ ജെറ്റ് വിമാനം, ജെറ്റ് സെർവ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റേതാണ്. അപകടത്തെത്തുടർന്ന് വിമാനം റദ്ദാക്കിയതോടെ, യാത്രക്കാർ ആഗ്രയിൽ നിന്ന് ഭോപ്പാലിലേക്ക് മറ്റൊരു വിമാനം ബുക്ക് ചെയ്തതായി കമ്പനിയുടെ യുപി പ്രൊജക്ട് ഹെഡ് മനീഷ് കുമാർ പാണ്ഡെ സ്ഥിരീകരിച്ചു.
അപകടത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. എങ്കിലും, വിമാനത്തിന്റെ ടയറുകളിലെ വായു മർദ്ദം കുറവായിരുന്നത് അപകടത്തിന് പ്രധാന കാരണമായേക്കാമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് പൈലറ്റുമാർക്ക് അറിവുണ്ടായിരുന്നുവെന്നും, അവരുടെ അശ്രദ്ധയാണ് ഈ സംഭവത്തിന് വഴിവെച്ചതെന്നും മനീഷ് കുമാർ പാണ്ഡെ ആരോപിച്ചു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ കോട്വാലി ഇൻചാർജ് വിനോദ് കുമാർ ശുക്ല, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അജയ് വർമ്മ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സദർ രജനികാന്ത്, അഡീഷണൽ സബ് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ, റീജിയണൽ അക്കൗണ്ടന്റ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലത്തേക്ക് എത്തി.
അതേസമയം, വിമാനം പുറപ്പെടുന്നതിനെക്കുറിച്ച് അഗ്നിശമന സേനയ്ക്ക് മുൻകൂട്ടി വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് അവർ വ്യക്തമാക്കി. മാത്രമല്ല, വിമാനത്താവളത്തിന്റെ ട്രഷറി ഫീസ് അടച്ചിരുന്നില്ലെന്നും അവർ ആരോപിച്ചു. അപകടത്തെക്കുറിച്ച് ക്യാപ്റ്റൻ നസീബ് ബമാലും ക്യാപ്റ്റൻ പ്രതീക് ഫെർണാണ്ടസും ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.