"ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കടുത്ത അപമാനമാണിത്'
Thursday, June 2, 2022 7:09 PM IST
ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന 50 പേരാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ തൂപ്പുജോലിക്കാരായി മാറിയത്. സമ്മതപത്രം എഴുതിനൽകിയാണ് അധ്യാപകർ സ്വീപ്പർ തസ്തികയിലേക്ക് പ്രവേശിക്കുന്നത്. ഏകാധ്യാപകരായിരുന്നപ്പോൾ കിട്ടിയ ശമ്പളത്തേക്കാൾ കൂടുതൽ സ്വീപ്പർ തസ്തികയിൽ ഇവർക്ക് ലഭിക്കും.
ഇവരിൽ ഒരാളാണ് ഉഷകുമാരി ടീച്ചറും. 24 വര്‍ഷത്തോളമാണ് അമ്പൂരിയിലെ കുന്നത്തുമലയില്‍ ഉഷാകുമാരി ഏകാംഗ അധ്യാപിക ആയിരുന്നത്. കഴിഞ്ഞ ദിവസം തൂപ്പുജോലിക്ക് കയറിയ ഉഷാ കുമാരിക്ക് പക്ഷെ സര്‍ക്കാര്‍ പെന്ഷന് ലഭിക്കില്ല. ഇക്കാലമത്രയും ആദിവാസി കുട്ടികൾകളെ കാടും മലയും കയറി പഠിപ്പിച്ച അധ്യാപികയെ സ്വീപ്പർ തസ്തികയിൽ നിയമിച്ചതിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ്.
വരുൺ രമേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്
ഇത് ചതിയാണ്,കൊടും ചതി!!
24 വർഷം അധ്യാപക ജോലി നോക്കിയ ഒരാൾ,
ഇക്കാലമത്രയും ആദിവാസി കുഞ്ഞുങ്ങളെ കാടും മലയും കയറി പഠിപ്പിച്ച അധ്യാപിക,
ഒരു സുപ്രഭാതത്തിൽ സ്കൂളിലെ തൂപ്പുകാരിയായി നിയമിച്ചു!!
ഗംഭീരം, അതി ഗംഭീരം.
എല്ലാം ശരിയാവുമെന്ന് വിചാരിച്ച കാത്തിരിപ്പിലായിരുന്നു ഇതുവരെയും. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല കടുത്ത അപമാനമാണിത്. ഉഷാ കുമാരി ടീച്ചറുടെ മകളെ വിളീച്ചിരുന്നു ഇപ്പോൾ. ഇതറിഞ്ഞതുമുതൽ അവൾ കരച്ചിലിലാണ്.
"ടീച്ചർ പഠിപ്പിച്ച കുട്ടികളിൽ പലരും ടിടിസി കഴിഞ്ഞ് അധ്യാപകരായി ജോലിനോക്കുന്നുണ്ട്. ഒന്ന് ആലോചിച്ചു നോക്കൂ ആ കുട്ടികൾ ഇതേ സ്കൂളിൽ അവർ അധ്യാപകരായി വരുന്ന ഒരു സമയം. അവരെ പഠിപ്പിച്ച് വലുതാക്കിയ ടീച്ചർ തൂപ്പുകാരി!! “ സങ്കടം അടക്കാൻ ആവാതെ Reshma Mohan പറയുന്നു.
നിരന്തരം നടത്തിയ ചർച്ചകളിൽ ഇവരെ ഓഫീസ് അസിസ്റ്റന്റ് എങ്കിലും ആക്കാം എന്നായിരുന്നു നിലപാട്. മികച്ച അധ്യാപികയ്ക്കുള്ള നിരവധി പുരസ്ക്കാരങ്ങൾ നേടിയ ടീച്ചറെയാണ് നമ്മുടെ സംവിധാനം വെറും ഒരു തൂപ്പുകാരിയായി സ്ഥിരപ്പെടുത്തിയത്!!
അതുകൊണ്ട് ടീച്ചർ ഇന്ന് അഗസ്ത്യമലയിലെ ഏകാധ്യാപക വിദ്യാലയവും പൂട്ടി പടിയിറങ്ങി.
കഷ്ട്ടമാണ് സർക്കാറേ,
ഇത് നീതിയല്ല, ചതിയാണ്, കൊടും ചതി!!