പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്ത് പരിധിയിൽപ്പെട്ട 10,11,12 വാർഡുകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ കർഷകരുടെയും ജനപ്രതിനിധികളുടെയും കൃഷി- ആരോഗ്യം - കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് ലെവൽ നോളജ് സെന്ററിന്റെ കോർഡിനേറ്റർ ഡോ. ശ്രീറാം പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ക്ലാസ് നയിച്ചു. മനുഷ്യരെയും കൃഷിയെയും ഇതിന്റെ വ്യാപനം ഏത് തരത്തിലൊക്കെ ബാധിക്കുമെന്ന വിശദ വിവരങ്ങൾ അദ്ദേഹം പ്രതിപാദിച്ചു.
ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം. ശ്രീജിത്ത്, വാർഡ് മെമ്പർ വിനീത മനോജ്, കൃഷി ഓഫീസർമാരായ രശ്മ നായർ, ഷെറിൻ റിഷാത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസർ ഗിരീഷ് കുമാർ, ബ്ലോക്ക് ടെക്നോളജി മാനേജർ എം. നീതു, അസിസ്റ്റന്റ് ടെക്നോളജി മാനേജർ കെ.എം. ധനേഷ്, പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സീന ഭായ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.എം. രഘുനാഥ്,
ബേബി കാപ്പുകാട്ടിൽ, റെജി കോച്ചേരി, വി.വി. കുഞ്ഞിക്കണ്ണൻ, രാജൻ വർക്കി, കർഷക സീനാ റിജു, സിഡിഎസ് ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നുമ്മൽ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു. ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കൃഷി വകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അടിയന്തര നിയന്ത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാനും,
പഞ്ചായത്ത് മൊത്തം ബോധവത്ക്കരണം നടത്താനും യോഗം തീരുമാനിച്ചു. തുടർന്ന് ആഫ്രിക്കൻ ഒച്ച് ആക്രമണം രൂക്ഷമായ പ്രദേശങ്ങൾ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.