കോഴിക്കോട്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച്ഐവി/എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി 8, 9, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല റെഡ് റിബണ്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ജില്ലാ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, നാഷണല്‍ സര്‍വീസ് സ്കീം എന്നിവയുടെ ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വടകര പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എസ്. ദേവതീര്‍ത്ഥ,
എം. അഭയ് ശങ്കര്‍ ടീം ഒന്നും പൂനൂര് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ദില്‍ന റഹ്മാന്, എം. ശ്രേയ എന്നിവര്‍ രണ്ടും ഈസ്റ്റ് ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.എല്‍. ഗൗരി, സ്വാതിക സന്തോഷ് എന്നിവര്‍ മൂന്നും സ്ഥാനം നേടി. ഇവര്‍ യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ ക്യാഷ് അവാര്‍ഡിനര്‍ഹരായി. ഒന്നാം സ്ഥാനം ലഭിച്ച ടീം 11ന് തൃശൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിക്കും.
കോഴിക്കോട് ഗവ. നഴ്സിംഗ് സ്കൂള്‍ ഹാളില്‍ നടന്ന മത്സരത്തില്‍ 64 സ്കൂളുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.കെ. രാജാറാം, ജില്ലാ എയ്ഡ്സ് ക്ലസ്റ്റര്‍ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം. ജോര്‍ജ് എന്നിവര്‍ മത്സരം നയിച്ചു. ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. കെ.വി. സ്വപ്ന, കോഴിക്കോട് ഗവ. നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി.ജി. സന്തോഷ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഡോ. കെ.ടി. മുഹസിന്, ദിശ ഡോക്യുമെന്റേഷന് ഓഫീസര്‍ എന്‍.ടി. പ്രിയേഷ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി പ്രോഗ്രാം കോഓഡിനേറ്റര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.