മുക്കം: കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഞ്ച് വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജന വിജയ യാത്രക്ക് തുടക്കമായി.
"കൊടിയത്തൂർ വികസന മുന്നേറ്റത്തിന്റെ അഞ്ചാണ്ട്' എന്ന മുദ്രാവാക്യവുമായി പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവരാണ് ജാഥ നയിക്കുന്നത്. 2 ദിവസങ്ങളിലായി നടക്കുന്ന ജാഥയുടെ ഉദ്ഘാടനം തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിച്ചു.
പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരായി വിധി എഴുതാൻ ജനങ്ങൾ കാത്തിരിക്കുകയാണന്നും അതിന്റെ ട്രയലായിരിക്കും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ തന്നെ ഏറ്റവും മികച്ച വികസനം നടന്ന പഞ്ചായത്തുകളിലൊന്നായ കൊടിയത്തൂരിൽ ഭരണ തുടർച്ചയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അബ്ദുൽ ഗഫൂർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി.ജെ ആന്റണി, എൻ.കെ അഷ്റഫ്, മജീദ് പുതുക്കുടി, ഷംസുദ്ധീൻ ചെറുവാടി, കെ.ടി. മൻസൂർ, സുജ ടോം, സിജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആദ്യ ദിവസം തോട്ടുമുക്കത്ത് നിന്നാരംഭിച്ച ജാഥ പള്ളിത്താഴെ, എരഞ്ഞിമാവ്, ഗോതമ്പ റോഡ്, മാട്ടുമുറി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പന്നിക്കോട് സമാപിച്ചു. പന്നിക്കോട് നടന്ന സ്ഥാപന സമ്മേളനം പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തെനേങ്ങപറമ്പിൽ ഡിസിസി സെക്രട്ടറി സി.ജെ. ആന്റണി ഉദ്ഘാടനം ചെയ്യും.
തുടർന്ന് കാരാളിപറമ്പ്, പൊറ്റമ്മൽ, പഴം പറമ്പ്, ചെറുവാടി, ചുള്ളിക്കാപറമ്പ്, വെസ്റ്റ്കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടിയത്തൂരിൽ സമാപിക്കും. സമാപന യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും.