കൽപ്പറ്റ: അരിവാൾ കോശ രോഗ ചികിത്സ ലക്ഷ്യമാക്കി നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ 1.43 കോടി രൂപ ചെലവിൽ കെട്ടിട നിർമാണം പൂർത്തിയാകുന്നു. 2022-23 എൻഎച്ച്എം ആർഒപിയിൽ അനുവദിച്ച കെട്ടിടം ഈ മാസം തുറന്നുപ്രവർത്തിക്കും.
അരിവാൾ രോഗ നിർമാർജനത്തിന് ജില്ലയിൽ വിവിധ പരിപാടികൾ നടന്നുവരികയാണ്. നാഷണൽ സിക്കിൾ സെൽ അനീമിയ എലിമിനേഷൻ മിഷന്റെ ഭാഗമായി ജില്ലയിൽ അരിവാൾ രോഗികൾക്കായി മൊബൈൽ മെഡിക്കൽ ക്യാന്പുകൾ നടത്തുന്നുണ്ട്.
മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ അരിവാൾ രോഗികൾക്കായി എല്ലാ ദിവസവും ഒപി പ്രവർത്തിക്കുന്നുണ്ട്. കൈനാട്ടി ജനറൽ ആശുപത്രി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ രോഗികൾക്ക് സൗജന്യമായി ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ ലഭ്യമാക്കുന്നുണ്ട്.
മാനന്തവാടിയിൽ ബ്ലഡ് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിൽ 10 കിടക്കകളോടെ പ്രവർത്തിക്കുന്ന സിക്കിൾ സെൽ അനീമിയ യൂണിറ്റിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫിസിയോ തെറാപിസ്റ്റ്, ലാബ് ടെക്നീഷൻ, സോഷ്യൽ വർക്കർ, ഡാറ്റാ എൻട്രി ഓപറേറ്റർ എന്നിവരുടെ സേവനം ലഭ്യമാണ്.
അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്കും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗകര്യമുണ്ട്. സിക്കിൾ സെൽ പോയിന്റ് ഓഫ് ടെസ്റ്റിൽ(പിഒസി)പോസിറ്റീവ് ആയവരുടെ രക്ത സാംപിളുകൾ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് എച്ച്പിഎൽസി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ പോഷകാഹാര കിറ്റ് പദ്ധതിയിൽ എല്ലാ മാസവും അരിവാൾ രോഗികൾക്ക് ഭക്ഷ്യക്കിറ്റ് ഉറപ്പാക്കുന്നുണ്ട്. നവജാത ശിശുക്കൾക്ക് രോഗനിർണയ പരിശോധനയും സാമൂഹികനീതി വകുപ്പ് മുഖേന എല്ലാ രോഗികൾക്കും യുഡിഐഡി കാർഡും ലഭ്യമാക്കുന്നുണ്ട്. ഉന്നതികളിലെ അരിവാൾ രോഗികൾക്ക് പട്ടികവർഗ വകുപ്പ് 2,500 രൂപ വീതവും അല്ലാത്തവർക്ക് കെഎസ്എസ്എം മുഖേന 2,000 രൂപ വീതവും പ്രതിമാസം നൽകുന്നുണ്ട്.
ഓരോ ആരോഗ്യകേന്ദ്ര പരിധിയിലും അരിവാൾ കോശ രോഗികൾക്ക് അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ മാപ്പിംഗ് ആരംഭിക്കും. ഉന്നതികളിലെ 40 വയസിൽ താഴെ പ്രായമുള്ള എല്ലാവരിലും അരിവാൾ രോഗ പരിശോധന ഈ വർഷം പൂർത്തിയാക്കും. 2023-24ൽ 1,07,000 ആളുകളെ സിക്കിൾ സെൽ പിഒസി ടെസ്റ്റ് മുഖേന സ്ക്രീൻ ചെയ്തു. 2024-25ൽ 70,000 പേരെയാണ് സ്ക്രീൻ ചെയ്തത്.