കാസർഗോഡ്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫീസ് മാർച്ചും ധർണയും നടത്തി. എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി. ബെന്നി അധ്യക്ഷനായി.
കോൺട്രിബ്യൂട്ടറി പെൻഷൻ ഒഴിവാക്കി സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, 9,10 ക്ലാസുകളിൽ 1:40 അനുപാതം നടപ്പിലാക്കുക, അശാസ്ത്രീയമായ സമയമാറ്റം പിൻവലിക്കുക, ഉച്ചഭക്ഷണ തുക വർധിപ്പിക്കുക, ആലോചനയില്ലാതെ പ്രഖ്യാപിച്ച മെനു പുനപരിശോധിക്കുക, ജീവനക്കാർക്കും അധ്യാപകർക്കും വിശ്വാസയോഗ്യമായ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക, മുഴുവൻ പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും തസ്തികയും ആനുകൂല്യവും അനുവദിക്കുക, ഖാദർ കമ്മിറ്റി റിപോർട്ട് പിൻവലിക്കുക, എല്ലാ വിദ്യാലയങ്ങളിലും കായികാധ്യാപക തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, ജോമി ടി. ജോസ്, സ്വപ്ന ജോർജ്, എം.കെ. പ്രിയ, പി. ജലജാക്ഷി, ജില്ലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, ട്രഷറർ പി. ശ്രീജ എന്നിവർ നേതൃത്വം നല്കി.