അജി വള്ളിക്കീഴ്
കൊല്ലം: ജീവജാലങ്ങള്‍ നമ്മുടെ ജീവനല്ലേ..മരങ്ങളെ കൊല്ലരുതേ ഓര്‍മപ്പെടുത്തുകയാണ് ഭദ്രന്മാരുടെ ചിത്രപ്രദര്‍ശനം. എത്രമനോഹരമായിട്ടാണ് പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത ഇവര്‍ വരച്ചുകാണിക്കുന്നത്.
ഒറ്റ വാക്കില്‍ ജീവന്‍തുടിക്കുന്ന മനോഹരചിത്രങ്ങള്‍. ചിത്രകാരന്മാരായ എസ്. ആര്. ഭദ്രനും ഭദ്രന് കാര്‍ത്തികയും നഷ്ടമാകുന്ന ജൈവ സമ്പത്തിന്റെ ഹരിത നഷ്ടങ്ങളെപ്പറ്റിയാണ് കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ പ്രദര്‍ശനത്തിനു വച്ച ചിത്രങ്ങളുടെ കാണികളോട് പറയുന്നത്.
മനുഷ്യനുള്‍പ്പടെയുള്ള സകല ജീവജാലങ്ങളും ഭൂമിയില്‍ പാരിസ്ഥിതിക തകര്‍ച്ചയെ നേരിടുമ്പോള്‍ പ്രകൃതിയുടെ രക്ഷയ്ക്കും ജൈവവൈവിധ്യ സംരക്ഷണത്തിനും പൊതുസമൂഹത്തിനു ഓര്‍മപ്പെടുത്തല്‍ നല്കുന്ന ഭദ്രന്മാരുടെ ചിത്ര പ്രദര്‍ശനം.
പ്രകൃതിയില്‍ നടക്കുന്ന നാശ സംഭവങ്ങളുടെ പട്ടികയില്‍ വരുന്ന മരങ്ങള്‍ വെട്ടിനശിപ്പിക്കല്‍, മണ്ണിടിച്ചില്‍, ജൈവവൈവിധ്യ നാശം, കാലാവസ്ഥ വ്യതിയാനങ്ങള്‍, മലിനീകരണം തുടങ്ങി ഭദ്രന്മാരുടെ ചിത്രങ്ങള്‍ കാണുന്ന ആര്‍ക്കും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മനസിലാക്കാനും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെആവശ്യകതയിലേക്ക് ചിന്തിപ്പിക്കും.നിയമവിരുദ്ധ മരംവെട്ടുകള്, മാലിന്യങ്ങള്‍ ഒഴുക്കല്‍,
മണ്ണിന്റെ നാശം, ജലപ്രവാഹങ്ങള്‍, തുടങ്ങി നമ്മുടെ സ്വന്തമായ ജീവജാലങ്ങളുടെ ശേഷിപ്പുകളെ തൊട്ടറിയുന്നതും ചൂണ്ടികാട്ടുന്നതുമാണ് ഭദ്രന്മാരുടെ വരകള്‍. ഒയാസിസ്, പ്രകൃതി, ശേഷിക്കുന്ന മരക്കൂണുകള്‍, പ്രതീക്ഷയുമായുള്ള ഒരു ജലപക്ഷിയുടെ കാത്തിരുപ്പുമൊക്കെ ഏതൊരു കാണിക്കും മനസിനുള്ളിലേക്ക് ആഴ്ന്നിറങ്ങാന്‍ ഒരു ആമുഖത്തിന്റെയും ആവശ്യമില്ല.
പ്രകൃതിയും ജീവജാലങ്ങളും ചേര്‍ന്നുളള വിസ്മയമാണ് ഭൂമി. എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ജീവിക്കാനുള്ള അവകാശവും തുല്യമാണ്. അതിനു വ്യത്യസ്ഥമായി ആവാസമേഖലയെ താറുമാറാക്കുന്നതാണ് പ്രകൃതി നശീകരണം.
വരും തലമുറയെ നോക്കാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ഈ നശീകരണത്തിനെതിരെ പ്രതികരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നാണ് ചിത്രകാരന്മാരായ എസ്. ആര്. ഭദ്രനും, ഭദ്രന് കാര്‍ത്തികയും ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രങ്ങളിലൂടെ എത്ര മാത്രം ജനങ്ങളെ ഉദ്ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു വശത്ത് പച്ചപ്പു നിറഞ്ഞ പ്രകൃതിയും മറുവശത്ത് നശീകരണത്തിന്റെ വ്യാപ്തിയും ഭദ്രന്മാര്‍ ചിത്രീകരിച്ചിരിക്കുന്നു.
ഒരുമിച്ചു ചിത്രകല പഠിച്ച ഈ ഭദ്രന്മാര്‍ ലളിതകലാ അക്കാദമി കോഴിക്കോട്, എറണാകുളം ഡര്‍ബാര്‍ ഹാള്‍, കൃഷ്ണപുരം, കായംകുളം, വൈലോപ്പിള്ളി സംസ്കൃതി ഭവന്, തിരുവനന്തപുരം മ്യൂസിയം ആര്‍ട്ട് ഗ്യാലറി, ജഹാംഗീര്‍ ആര്‍ട്ട് ഗാലറി മൂംബൈ, തുടങ്ങി ചെറുതും വലുതുമായ നൂറ്റമ്പതിലേറെ ഗാലറികളില്‍ ഇതിനകം ചിത്ര പ്രദര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
കൊല്ലത്ത് സോപാനം ഓഡിറ്റോറിയത്തില്‍ ഇന്ന് ഒരു ദിവസം കൂടി ഇവരുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാവും.