കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കശുവണ്ടി വികസന കോര്പ്പറേഷന് ഹെഡ് ഓഫീസിനു മുന്നില്‍ സൗത്ത് ഇന്ത്യന്‍ കാഷ്യു വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നിനു രാവിലെ ഒമ്പതിനു ധര്‍ണ നടത്തും.
യൂണിയന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ശൂരനാട് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്യുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ തോട്ടണ്ടിക്കു ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയതുമുതല്‍ കേരള സംസ്ഥാനത്തെ കശുവണ്ടി വ്യവസായ മേഖല തകരാന്‍ ആരംഭിക്കുകയും തുടര്‍ന്ന് 2016 മുതല്‍ കേരള സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ കാരണം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് പോയ്കൊണ്ടിരിക്കുകയുമാണെന്നു യൂണിയന് നേതാക്കള്‍ കുറ്റപ്പെടുത്തി.
കശുവണ്ടി മേഖലയിലെ സ്റ്റാഫ് ജീവനക്കാരുടെ ശമ്പളം പുതുക്കി നിശ്ചയിക്കുക, ഫാക്ടറി സ്റ്റാഫ് അംഗങ്ങള്‍ക്ക് ലീവ് ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുകകശുവണ്ടി തൊഴിലാളികള്‍ക്കു ഇഎസ്ഐ അനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന വിധം തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുക,കാഷ്യു ബോര്‍ഡ് വഴി നടക്കുന്ന തോട്ടണ്ടി ഇടപാടില്‍ വ്യാപകമായി നടക്കുന്ന അഴിമതിക്കെതിരെ നടപടി സ്വീകരിക്കുക, കശുവണ്ടി വികസന കോര്‍പറേഷനിലും കാപ്പക്സിലും ഹെഡ് ഓഫീസിലും, ഫാക്ടറികളിലും സ്റ്റാഫിന്റെ ട്രാന്‍സ്ഫര്‍, പ്രൊമോഷന് എന്നിവയില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക,
പിരിഞ്ഞു പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉടന്‍ വിതരണം ചെയ്യുക, പരിപ്പ് കച്ചവടത്തില്‍ ഇ-ടെന്‍ഡറിന്റെ മറവില്‍ നടത്തുന്ന അഴിമതി അവസാനിപ്പിക്കുക, ഐആര്‍സി കരാറിനു വിരുദ്ധമായി, ബോണസ് തിരിച്ചു പിടിക്കുന്ന നടപടി അവസാനിപ്പിക്കുക, അനധികൃത നിയമനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുക, സ്വകാര്യ കശുവണ്ടിമേഖലക്ക് പ്രത്യേക പാക്കേജ് അനുവദിച്ചു വ്യവസായ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് സമരം നടത്തുന്നത്.
പത്ര സമ്മേളനത്തില്‍ യൂണിയന് ജനറല്‍ സെക്രട്ടറിമാരായ ഒ. ബി. രാജേഷ്, പി മോഹന്‍ലാല്‍, ചന്ദ്രന് കല്ലട, വിനോദ് വില്ലിയത്ത്, അയത്തില്‍ വിക്രമന് തുടങ്ങിയവര്‍ പങ്കെടുത്തു.