പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ എഐസിടിയുടെയും സ്റ്റെം റോബോട്ടിക്സിന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന മിനി റോബോട്ടിക്സ് ലാബിന്റെയും വെർച്വൽ റിയാലിറ്റി ലാബിന്റെയും ഉദ്ഘാടനം നാളെ നടക്കും.
ഉച്ചകഴിഞ്ഞ് 1.30ന് നടക്കുന്ന സമ്മേളനത്തിൽ കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷത വഹിക്കും. നാനോ ടെക്നോളജി, റോബോട്ടിക്സ് മേഖലയിലെ ശാസ്ത്രജ്ഞൻ ഡോ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍മാരായ സുപര്‍ണ രാജു, ബോബി കെ. മാത്യു, പി.ആർ. രതീഷ്, വകുപ്പ് മേധാവിമാരായ ജിന്റുമോള്‍ ജോണ്‍, റിന്റാമോള്‍ മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
സ്റ്റെം റോബോട്ടിക്സുമായി ചേർന്ന് റോബോട്ടിക്സ് നിർമാണരംഗത്ത് വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനും കാർഷിക മേഖല ഉൾപ്പെടെയുള്ള രംഗങ്ങളിൽ ചെലവുകുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പാദനരീതികൾ അവലംബിക്കുന്നതിനും വേണ്ടിയുള്ള റോബോട്ടുകളുടെ നിർമാണം ലക്ഷ്യമിട്ടാണ് ലാബ് ആരംഭിക്കുന്നത്. മലയോരമേഖല ഉൾപ്പെടുന്ന കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ സ്കൂൾ വിദ്യാർഥികൾക്കും ഈ ലാബ് പ്രയോജനപ്പെടുത്താമെന്ന് ചെയർമാൻ ബെന്നി തോമസും, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും അറിയിച്ചു.
റോബോട്ടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ത്രീഡി പ്രിന്ററുകളും കംപ്യൂട്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും ഇതര സ്കൂൾ വിദ്യാർഥികൾക്കുമായി ശനിയാഴ്ചകളില്‍ നടത്തുന്ന ഹ്രസ്വകാല റോബോട്ടിക്സ് കോഴ്സുകളും ആരംഭിക്കുന്നുണ്ട്. നാളെ മുതൽ 31 വരെ സ്കൂൾ വിദ്യാർഥികൾക്കായി പ്രദർശനവും ഉണ്ടായിരിക്കും.
മാറുന്ന കാലഘട്ടത്തിലെ സാങ്കേതികവിദ്യ പൊതുജനങ്ങളെ പരിചയപ്പെടുത്തുക എന്നതും ലാബ് ലക്ഷ്യമിടുന്നു. വന്യജീവികളെ ആർട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെയും സൂപ്പര്‍ സോണിക് ലേസര്‍ സൗണ്ട് വേവുകളുടെയും സഹായത്തോടെ തുരത്താനുള്ള പ്രോട്ടോ ടൈപ്പ് ഉപകരണത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും കോളജ് അധികൃതർ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ രാജു, പി.ആർ. രതീഷ്, വകുപ്പ് മേധാവി ജിന്റുമോൾ ജോൺ, ജിനു തോമസ് എന്നിവർ പങ്കെടുത്തു.